Header Ads

  • Breaking News

    വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

     


    വനിതാ കമ്മീഷന്‍ അദാലത്തില്‍ 27 പരാതികള്‍ തീര്‍പ്പാക്കി

    കണ്ണൂരില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ 27 പരാതികള്‍ തീര്‍പ്പാക്കി. ആകെ 66 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. പരാതിക്കാര്‍, എതിര്‍ കക്ഷികള്‍ എന്നിവര്‍ എത്താത്തതിനാല്‍ 34 എണ്ണം അടുത്ത സിറ്റിംഗിനായി മാറ്റിവെച്ചു. അഞ്ചു പരാതികളില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. അദാലത്തില്‍ തെറ്റിധരിപ്പിക്കുന്ന പരാതികളും ലഭിക്കുന്നതായി വനിതാ കമ്മീഷന്‍ അംഗം ഇ എം രാധ. പറഞ്ഞു. പരാതി സത്യസന്ധമാണെന്ന് ഉറപ്പുവരുത്താന്‍ പരമാവധി ശ്രദ്ധിക്കുന്നുണ്ട്. കമ്മീഷന്റെ പരിധിയില്‍ വരാത്ത പരാതികളും ലഭിക്കുന്നു.
    വ്യാഴാഴ്ച കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന അദാലത്തില്‍ ലീഗല്‍ പാനല്‍ അംഗങ്ങളായ അഡ്വ. പി വിമല കുമാരി, അഡ്വ. പത്മജ പത്മനാഭന്‍, അഡ്വ. കെ എം പ്രമീള, അഡ്വ. കെ പി ഷിമ്മി, വനിതാ ശിശുവികസന വകുപ്പ് കൗണ്‍സിലര്‍ പി മാനസ ബാബു, വനിതാ സെല്‍ സിവില്‍ പൊലീസ് ഓഫീസര്‍ സി ധന്യ തുടങ്ങിയവരും പങ്കെടുത്തു.

     

    സിവില്‍ സര്‍വീസ് പരിശീലനം

    മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സംസ്ഥാന മത്സ്യ വകുപ്പ് സൗജന്യ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം നല്‍കുന്നു. മത്സ്യത്തൊഴിലാളികളുടെ മക്കളില്‍ 60% മാര്‍ക്കോടെ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വിദ്യാര്‍ത്ഥിക്ക് ഒറ്റത്തവണ മാത്രമാണ് ആനുകൂല്യത്തിന് അര്‍ഹത. സര്‍വീസ് അക്കാദമിയുടെ എന്‍ട്രന്‍സ് പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുക്കുക. വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കാന്‍ സന്നദ്ധരായിരിക്കണം. അപേക്ഷാഫോറവും വിശദ വിവരങ്ങളും കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും മത്സ്യഭവനുകളിലും ലഭിക്കും. അപേക്ഷ ജൂലൈ 22നകം കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നല്‍കണം. ഫോണ്‍: 04972731081.


    ഗ്രന്ഥാലയങ്ങള്‍ക്കുള്ള പുസ്തക സമര്‍പ്പണം 9ന്


    പിപ്പിള്‍സ് മിഷന്‍ ഫോര്‍ സോഷ്യല്‍ ഡവലപ്മെന്റിന്റെയും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ പിന്നോക്ക മേഖലകളിലെ 130 ലൈബ്രറികള്‍ക്ക് പുസ്തകം നല്‍കുന്നു. പുസ്തക കൈമാറ്റത്തിന്റെ ഉദ്ഘാടനം ജൂലൈ ഒമ്പതിന് രാവിലെ 10 മണിക്ക് കണ്ണുര്‍ ശിക്ഷക് സദനില്‍ സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിര്‍വ്വഹിക്കും. ജില്ലാതല വായനാമത്സരത്തില്‍ വിജയിച്ചവരെ ഡോ.കെ വി കുഞ്ഞികൃഷ്ണന്‍ അനുമോദിക്കും. ഡോ.വി ശിവദാസന്‍ എം പി, രാമചന്ദ്രന്‍ കടന്നപ്പളളി എം എല്‍ എ, കഥാകൃത്ത് ടി പത്മനാഭന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നല്‍കിയതും ജനകീയമായി സമാഹരിച്ചതുമായ പുസ്തകങ്ങളാണ് ലൈബ്രറികള്‍ക്ക് നല്‍കുക.

     അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

    കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിട്ടുണ്ട്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നു. തെക്കൻ ഒഡിഷ-വടക്കൻ ആന്ധ്രാ പ്രദേശ് തീരത്തിനു സമീപം മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നു. ഇതിന്റെ ഫലമായി അറബിക്കടലിൽ പടിഞ്ഞാറൻ /തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. 
    കനത്ത മഴയിൽ മൂന്ന് വീടുകൾ 
    ഭാഗികമായി തകർന്നു
    ജില്ലയിൽ തുടരുന്ന കനത്ത മഴയിൽ വിവിധ ഭാഗങ്ങളിൽ നാശനഷ്ടം. മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. മട്ടന്നൂർ-ഇരിക്കൂർ റോഡിൽ നായിക്കാലിയിൽ പുഴയോരം ഇടിഞ്ഞു. തളിപ്പറമ്പ് താലൂക്കിലെ മയ്യിലിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു. പയ്യന്നൂർ താലൂക്കിലെ കക്കറ ജി യു പി സ്‌കൂളിന്റെ മതിൽ തകർന്നു. ഏഴിലോട് കല്ലമ്പള്ളി റോഡിൽ കാർത്യായനിയുടെ വീടിന് മുകളിൽ മരം വീണ് മേൽക്കൂര തകർന്നു. ഏഴോം വില്ലേജിലെ മുട്ടുകണ്ടിയിൽ അരിങ്കളൻ ദേവിയുടെ വീടിനോട് ചേർന്ന മതിൽക്കെട്ട് തകർന്ന് നാശനഷ്ടം സംഭവിച്ചു. വീടിനും ചെറുതായി നാശനഷ്ടം ഉണ്ടായി. പിണറായി പാറപ്രത്ത് രണ്ട് വീടുകളിൽ വെള്ളം കയറി. വീട്ടുകാർ ബന്ധുവീടുകളിലേക്ക് താമസം മാറ്റി.
    മുഴപ്പിലങ്ങാട് കുളം ബസാറിന് പടിഞ്ഞാറ് ഭാഗത്ത് വാഹിദ് മാസ്റ്റർ റോഡിന് സമീപം നാലു വീടുകളിൽ വെള്ളം കയറി. തോട്ടട എസ് എൻ കോളജിനു സമീപത്തെ ബീനയുടെ വീട്ടിലേക്ക് മണ്ണിടിഞ്ഞു. മാട്ടൂൽ സൗത്ത് മുസ്ലിംലീഗ് ഓഫീസിനു സമീപത്തെ വീടുകളിലും കണ്ണൂർ പുല്ലൂപ്പിക്കടവിലും വെള്ളംകയറി.

     
    പ്രധാനമന്ത്രി നാഷണൽ അപ്രന്റിഷിപ്പ് മേള 11ന്
     
    പ്രധാനമന്ത്രി നാഷണൽ അപ്രന്റിഷിപ്പ് മേള ജൂലൈ 11ന് രാവിലെ 9.30ന് കണ്ണൂർ ഗവ. വനിത ഐ ടി ഐയിൽ ഡോ. വി ശിവദാസൻ എം പി ഉദ്ഘാടനം ചെയ്യും. കോർപ്പറേഷൻ കൗൺസിലർ ബിജോയ് തയ്യിൽ അധ്യക്ഷനാകും. രാജ്യത്തെ 257 ജില്ലകളിൽ നടക്കുന്ന അപ്രന്റിഷിപ്പ് മേളയുടെ ഭാഗമായാണ് കേന്ദ്ര നൈപുണ്യ വികസന സംരംകത്വ വികസന മന്ത്രലായത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പ് മേള സംഘടിപ്പിക്കുന്നത്.

    കെഎസ്ആർടിസി കണ്ണൂർ ഡിപ്പോ യാർഡ് ഉദ്ഘാടനം 9ന്
    കെഎസ്ആർടിസി കണ്ണൂർ ഡിപ്പോ യാർഡ് ഉദ്ഘാടനം ജൂലൈ 9ന് രാവിലെ 11 മണിക്ക് ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു നിർവഹിക്കും. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 78 ലക്ഷം രൂപ ചെലവഴിച്ചാണ് യാർഡ് നിർമ്മാണം പൂർത്തീകരിച്ചത്. ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷനാവും. കെഎസ്ആർടിസി ചെയർമാൻ ആൻഡ് എംഡി ബിജു പ്രഭാകർ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി നേതാക്കൾ സംബന്ധിക്കും.

    ലൈഫ് മിഷൻ 2020: രണ്ടാം ഘട്ട അപ്പീൽ എട്ട് വരെ
    ലൈഫ് മിഷൻ 2020 അപേക്ഷകളുടെ രണ്ടാം ഘട്ട അപ്പീൽ സമർപ്പിക്കേണ്ട തീയതി ജൂലൈ എട്ട് വൈകീട്ട് അഞ്ച് മണി വരെയാണെന്ന് ലൈഫ് മിഷൻ ജില്ലാ കോ ഓർഡിനേറ്റർ അറിയിച്ചു. ഒന്നാംഘട്ട അപ്പീൽ സമർപ്പിച്ചവർക്ക് മാത്രമേ രണ്ടാംഘട്ട അപ്പീൽ സമർപ്പിക്കാൻ സാധിക്കൂ. അക്ഷയകേന്ദ്ര വഴിയോ ജില്ലാതല ലൈഫ് മിഷൻ ഹെൽപ് ഡെസ്‌ക് വഴിയോ ഓൺലൈനായി മാത്രമേ അപ്പീൽ സമർപ്പിക്കാൻ സാധിക്കൂ.

    തീറ്റപ്പുൽ കൃഷിയിൽ പരിശീലനം
    കോഴിക്കോട് നടുവട്ടം ക്ഷീരപരിശീലന കേന്ദ്രം ജൂലൈ 13, 14 തീയ്യതികളിൽ തീറ്റപ്പുൽ കൃഷിയിൽ പരിശീലനം നൽകുന്നു.  താൽപര്യമുള്ളവർ ജൂലൈ 11ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പ്  dd-dto-kkd.dairy@kerala.gov.in എന്ന ഇ മെയിൽ വിലാസത്തിലോ 0495 2414579 എന്ന ഫോൺ നമ്പറിലോ രജിസ്റ്റർ ചെയ്യുക.

    പാലുൽപ്പന്ന നിർമ്മാണ പരിശീലനം
    കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രം ജൂലൈ 11 മുതൽ 21 വരെ പാലുൽപ്പന്ന നിർമ്മാണത്തിൽ പരിശീലനം നൽകുന്നു. താൽപര്യമുള്ളവർ ജൂലൈ 11ന് രാവിലെ പത്ത് മണിക്ക് മുമ്പ് പരിശീലന കേന്ദ്രത്തിൽ നേരിട്ട് ഹാജരാവണം. ഫോൺ: 0495 2414579.

    മൾട്ടി പർപ്പസ് നിയമനം
    നാഷണൽ ആയുഷ് മിഷന്റെ ആയുഷ് ട്രൈബൽ യൂണിറ്റിൽ മൾട്ടി പർപ്പസ് വർക്കറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത ഏഴാം ക്ലാസ്. താൽപര്യമുള്ളവർ ജൂലൈ 19ന് രാവിലെ 10.30ന് ഭാരതീയ ചികിത്സാ വകുപ്പിന്റെ കണ്ണൂരിലെ ഓഫീസിൽ അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാവണം. ഫോൺ: 04972 700911.

    ലെവൽക്രോസ് അടച്ചിടും
    പള്ളിച്ചാൽ-കാവിൻമുനമ്പ് റോഡിൽ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലുള്ള 254ാം നമ്പർ ലെവൽക്രോസ് ജൂലൈ എട്ട് വെള്ളി രാവിലെ എട്ട് മുതൽ രാത്രി എട്ട് മണി വരെ അറ്റകുറ്റപണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസി. ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.

    ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് 
    ജൂലൈ 18 വരെ ആപേക്ഷിക്കാം
    ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു വർഷത്തെ പി എസ് സി അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് അപേക്ഷാ തീയ്യതി ജൂലൈ 18 വരെ നീട്ടി. യോഗ്യത പത്താം ക്ലാസ്. ട്രേഡുകൾ: ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് ആൻഡ് ബീവേറജ് സർവീസ്, ഫുഡ് പ്രൊഡക്ഷൻ, ബേക്കറി ആൻഡ് കൺഫെക്ഷണറി, ഹോട്ടൽ അക്കമേഷൻ ഓപറേഷൻ, ക്യാനിങ് ആൻഡ് ഫുഡ് പ്രിസർവേഷൻ. പ്രായപരിധിയില്ല. അപേക്ഷാ ഫോം ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നും 100 രൂപയ്ക്ക് ലഭിക്കും. എസ് സി/എസ് ടി വിഭാഗങ്ങൾക്ക് 50 രൂപയാണ് അപേക്ഷാ ഫീസ്. www.fcikerala.org എന്ന വെബ്സൈറ്റിൽ നിന്നും അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുന്നവർ പ്രിൻസിപ്പൽ, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ അതത് സ്ഥലത്തെ എസ് ബി ഐ ശാഖയിൽ മാറാവുന്ന ഡിഡി എടുക്കണം. പൂരിപ്പിച്ച അപേക്ഷ രേഖകൾ സഹിതം താൽപര്യമുള്ള സെന്ററിൽ നൽകുക. ഒരു അപേക്ഷാഫോം ഉപയോഗിച്ച് മുൻഗണനാ ക്രമത്തിൽ ആറ് കോഴ്സുകൾക്ക് വരെ അപേക്ഷിക്കാം.  ഫോൺ: ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറടെ കാര്യാലയം-0471 2310441, കണ്ണൂർ-0497 2706904, ഉദുമ- 0467 2263347.

    റാങ്ക് പട്ടികകൾ റദ്ദായി
    ജില്ലയിൽ ഭാരതീയ ചികിത്സ/ഇൻഷൂറൻസ് മെഡിക്കൽ സർവീസസ്/ ആയുർവേദ കോളേജ് വകുപ്പുകളിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (ആയുർവേദം) എൻസിഎ-എൽസി/എഐ (കാറ്റഗറി നമ്പർ 009/2019) തസ്തികയിലേക്കുള്ള റാങ്ക് പട്ടിക നിയമന ശിപാർശ നടത്തി ഉദ്യോഗാർഥി ജോലിയിൽ പ്രവേശിച്ചതിനാൽ 2019 മെയ് 13ന് റദ്ദായതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.
    ജില്ലയിൽ ഭാരതീയ ചികിത്സ/ഇൻഷൂറൻസ് മെഡിക്കൽ സർവീസസ്/ ആയുർവേദ കോളേജ് വകുപ്പുകളിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (ആയുർവേദം) എൻസിഎ എസ്ടി (കാറ്റഗറി നമ്പർ 380/2013) തസ്തികയിലേക്കുള്ള റാങ്ക് പട്ടിക നിയമന ശിപാർശ നടത്തി ഉദ്യോഗാർഥി ജോലിയിൽ പ്രവേശിച്ചതിനാൽ 2015 ജൂലൈ 20ന് റദ്ദായി.
    ജില്ലയിൽ ഭാരതീയ ചികിത്സ/ഇൻഷൂറൻസ് മെഡിക്കൽ സർവീസസ്/ ആയുർവേദ കോളേജ് വകുപ്പുകളിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (ആയുർവേദം) എൻസിഎ എൽസി/എഐ (കാറ്റഗറി നമ്പർ 378/2013) തസ്തികയിലേക്കുള്ള റാങ്ക് പട്ടിക നിയമന ശിപാർശ നടത്തി ഉദ്യോഗാർഥി ജോലിയിൽ പ്രവേശിച്ചതിനാൽ 2015 ജൂലൈ 23ന് റദ്ദായി.
    ജില്ലയിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് എൻസിഎ-എൽസി/എഐ (കാറ്റഗറി നമ്പർ 212/2017) തസ്തികയിലേക്കുള്ള റാങ്ക് പട്ടിക നിയമന ശിപാർശ നടത്തി ഉദ്യോഗാർഥി ജോലിയിൽ പ്രവേശിച്ചതിനാൽ 2021 ജൂലൈ 12ന് റദ്ദായി.
    ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (എസ്ടി സ്‌പെഷൽ റിക്രൂട്ട്‌മെൻറ് കാറ്റഗറി നമ്പർ 116/2020) തസ്തികയിലേക്കുള്ള റാങ്ക് പട്ടിക നിയമന ശിപാർശ നടത്തി ഉദ്യോഗാർഥി ജോലിയിൽ പ്രവേശിച്ചതിനാൽ റദ്ദായി.

    എൻഡ്യൂറൻസ് ടെസ്റ്റ് 25ന്

    പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ഇന്ത്യ റിസർവ്വ് ബറ്റാലിയൻ-കമാൻഡോ വിങ് 136/2022) തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജൂലൈ പത്തിന് നടത്താൻ നിശ്ചയിച്ച എൻഡ്യൂറൻസ് പരീക്ഷ ജൂലൈ 25ലേക്ക് മാറ്റി. ജില്ലയിലെ രണ്ട് കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ, അസിസ്റ്റന്റ് സർജനിൽ കുറയാത്ത റാങ്കിലുള്ള മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ ഫിസിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം അനുവദിച്ച കേന്ദ്രങ്ങളിൽ രാവിലെ അഞ്ച് മണിക്ക് മുമ്പ് എത്തിച്ചേരണമെന്ന് പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.  ഫോൺ: 0497 2700482.

    കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെത്തുന്നവർക്ക് ഇനി സേവനത്തോടൊപ്പം ചായയും
    കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിൽ കോഫി വെന്റിംഗ് മെഷീൻ സ്ഥാപിച്ചു. വിവിധ ആവശ്യങ്ങൾക്കായി ഗ്രാമ പഞ്ചായത്തിലെത്തുന്ന പൊതു ജനങ്ങൾക്ക് സൗജന്യമായി ചായയോ കാപ്പിയോ കുടിക്കാം. പഞ്ചായത്ത് ഓഫീസിൽ ജനസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് കോഫി വെന്റിംഗ് മെഷീൻ സ്ഥാപിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് ടി സുലജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ മോഹനൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സി ഐ വത്സല ടീച്ചർ, ടി വി സുധാകരൻ, സെക്രട്ടറി വി രാജീവൻ തുടങ്ങിയവർ സംസാരിച്ചു.

    പച്ചമലയാളം കോഴ്സ്: ഉദ്ഘാടനം എട്ടിന്
    സാക്ഷരതാ മിഷന്റെയും കേന്ദ്രീയ വിദ്യാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ് ഉദ്ഘാടനം ജൂലൈ എട്ടിന് വൈകീട്ട് മൂന്ന് മണിക്ക് കണ്ണൂർ കേന്ദ്രീയ വിദ്യാലയത്തിൽ നടക്കും.

    സൂക്ഷ്മ സംരംഭം: അപേക്ഷ ക്ഷണിച്ചു
    മത്സ്യവകുപ്പ് സാഫ് മുഖേന തീരമൈത്രി പദ്ധതിയുടെ കീഴിൽ സൂക്ഷ്മ തൊഴിൽ സംരംഭ യൂണിറ്റ് തുടങ്ങാൻ അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകൾ അടങ്ങുന്ന ഗ്രൂപ്പുകൾക്ക് ജൂലൈ 10 വരെ അപേക്ഷിക്കാം. രണ്ടു മുതൽ അഞ്ചു പേർ വരെയുള്ള ഗ്രൂപ്പിലെ ഒരു അംഗത്തിന് ഒരു ലക്ഷം രൂപ എന്ന നിലയിൽ ഗ്രൂപ്പിന് അഞ്ച് ലക്ഷം രൂപ വരെ അനുവദിക്കും. അപേക്ഷാഫോം സാഫിന്റെ ജില്ലാ ഓഫീസിലും കണ്ണൂർ, തലശ്ശേരി, അഴീക്കൽ, മാടായി മത്സ്യഭവനുകളിലും ലഭിക്കും. ഫോൺ:  7902502030, 8075561552, 9497450499, 04972732487.

    ഇനി കൂടുതൽ സ്ട്രോംഗ് !
    വനിതകൾക്കായി പയ്യന്നൂർ നഗരസഭയുടെ വ്യായാമകേന്ദ്രം

    തിരക്കുകൾക്കിടയിൽ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാൻ പറ്റാത്തവരാണ് മിക്ക സ്ത്രീകളും. വീട്ടുജോലി തന്നെയാണ് ഏറ്റവും വലിയ വ്യായാമമെന്ന് ആശ്വസിക്കുന്നവരും കുറവല്ല. ജീവിത ശൈലിരോഗങ്ങൾ പെരുകുന്ന കാലത്ത് കൃത്യമായ വ്യായാമത്തിന് സ്ത്രീകൾക്കായി ഇടം ഒരുക്കിയിരിക്കുകയാണ് പയ്യന്നൂർ നഗരസഭ.
    ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം നിലനിർത്താൻ വെള്ളൂർ കിഴക്കമ്പലത്തെ വനിത വ്യായാമ കേന്ദ്രത്തിൽ എത്തുന്നത് എൺപതോളം പേരാണ്. ശാസ്ത്രീയ വ്യായാമരീതികൾ ഒരുക്കുക, സ്ത്രീ സൗഹൃദ വ്യായാമ അന്തരീക്ഷം വളർത്തുക എന്നിവയാണ് നഗരസഭ ലക്ഷ്യമിടുന്നത്. രണ്ടാം വാർഡിൽ 18 ലക്ഷം രൂപ ചെലവിലാണ് കേന്ദ്രം നിർമിച്ചത്. യോഗ, ഫിറ്റ്നസ് പരിശീലനങ്ങളാണ് നൽകുന്നത്. കഴിഞ്ഞ അന്താരാഷ്ട്ര യോഗദിനത്തിലാണ് പരിശീലനം തുടങ്ങിയത്. 17 വയസ്സുള്ള എം നിഖില മുതൽ 60 വയസ്സുകാരി ടി സാവിത്രി വരെയുള്ള വിവിധ പ്രായക്കാർ ഇവിടെയെത്തുന്നു. തിങ്കൾ മുതൽ ശനി വരെ രാവിലെയും വൈകിട്ടും അഞ്ചര മുതൽ ഏഴര വരെയാണ് പരിശീലനം. നാല് ബാച്ചുകളായാണ് വ്യായാമത്തിനെത്തുന്നത്. കൂടുതൽ ബാച്ചുകൾ തുടങ്ങാൻ ആലോചനയുണ്ട്.
    ദേശീയ കബഡി താരവും ഫിസിക്കൽ ട്രെയിനറുമായ കെ രജിനയാണ് പരിശീലക. പെരുമ്പ ലത്തീഫിയ സ്‌കൂളിലെ കായികാധ്യാപിക കൂടിയാണ് രജിന. വ്യായാമ മുറകൾ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ടെന്ന് ഇവിടെയെത്തുന്നവർ പറയുന്നു. വിദ്യാർഥിനികളും വീട്ടമ്മമാരും ജോലിക്കുപോകുന്നവരും ഈ കൂട്ടത്തിലുണ്ട്. വ്യായാമ കേന്ദ്രത്തിലെ ഒത്തു ചേരലും ഇവർ ആസ്വദിക്കുന്നു.  
    ബോഡി സ്ട്രെച്ചിംഗ്, എയ്റോബിക്സ്, ജിം, റിലാക്സിംഗ് തുടങ്ങിയവയാണ് പരിശീലിപ്പിക്കുന്നത്.  ട്രെഡ്മിൽ, സ്പിൻ ബൈക്ക്, ട്വിസ്റ്റർ, ഹെഡ് ഹെക്സ് ഡംപലുകൾ, പ്ലെയിൻ ബാറുകൾ, കെറ്റിൽ ബെല്ലുകൾ, വെയിംഗ് മെഷീൻ, യോഗ മാറ്റുകൾ, സ്‌കിപ്പിംഗ് വയറുകൾ തുടങ്ങി അഞ്ച് ലക്ഷം രൂപയുടെ ഉപകരണങ്ങളും സാധന സാമഗ്രികളും നഗരസഭ നൽകി. പരിശീലന ഫീസായി നാമമാത്രമായ തുകയാണ് ഈടാക്കുന്നത്.
     
     
    നാട്ടിൻപുറങ്ങളിൽ ആവേശമായി കുടുംബശ്രീ ചലച്ചിത്ര മേള
     
    കാഴ്ചയുടെ നവ്യാനുഭവത്തിലൂടെ സ്ത്രീകൾക്ക് വേറിട്ട കാഴ്ച്ചപ്പാടുകൾ സമ്മാനിച്ച് കുടുംബശ്രീയുടെ ‘വുമൺ ഫിലിം ഫെസ്റ്റ്’. ജില്ലാ കുടുംബശ്രീ മിഷനും ചലച്ചിത്ര അക്കാദമിയും ചേർന്നാണ് 81 കേന്ദ്രങ്ങളിൽ വനിതകൾക്കായി ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്.
    നഗരങ്ങളിൽ മാത്രം ഒതുങ്ങിയ ചലച്ചിത്രോത്സവങ്ങൾ കണ്ണൂരിന്റെ ഉൾനാടൻ ഗ്രാമങ്ങളിലേക്കും എത്തിക്കുകയാണ് ലക്ഷ്യം. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജൂൺ 29ന് തലശ്ശേരി നഗരസഭ ടൗൺഹാളിൽ നഗരസഭ ചെയർപേഴ്സൺ കെ എം ജമുനാറാണി ടീച്ചർ നിർവ്വഹിച്ചു. തുടർന്ന് തലശ്ശേരി, ചെറുകുന്ന്, പാട്യം എന്നിവിടങ്ങളിൽ നടന്ന പ്രദർശനത്തിന് നിരവധി പേർ കാണികളായെത്തി. സാമൂഹ്യ പ്രസക്തിയുള്ള സിനിമകളുടെ കൂട്ടായ സ്ത്രീ വായനക്കാണ് കുടുംബശ്രീ മിഷൻ അവസരമൊരുക്കുന്നത്. രാവിലെ 10 മുതൽ വൈകീട്ട് 5 മണി വരെയാണ് മേള. പതിനായിരം കുടുംബശ്രീ പ്രവർത്തകരെയെങ്കിലും പ്രദർശനത്തിന് എത്തിക്കുകയാണ് ലക്ഷ്യമെന്ന് കുംടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ എം സുർജിത്ത് പറഞ്ഞു. ചലച്ചിത്രോത്സവം സെപ്റ്റബറിൽ സമാപിക്കും.
    സ്ത്രീപക്ഷ സിനിമകളായ ബസന്തി, ഫ്രീഡം ഫൈറ്റ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, മാൻഹോൾ, ഒറ്റമുറി വെളിച്ചം, ഒഴിമുറി, ഹൈദി, ചിൽഡ്രൻ ഓഫ് ഹെവൻ, പെണ്ണിനെന്താ കുഴപ്പം, ഫോർ എ ബെറ്റർ ടുമാറോ, തിങ്കളാഴ്ച നിശ്ചയം തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ പ്രദർശിപ്പിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad