Header Ads

  • Breaking News

    വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

    വിവാഹ വായ്പ: അപേക്ഷ ക്ഷണിച്ചു
     
    സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടരുടെ പെൺമക്കളുടെ വിവാഹത്തിന് വായ്പ നൽകുന്നു. അപേക്ഷകരായ രക്ഷിതാക്കളുടെ പ്രായപരിധി 65 വയസ്്. കുടുംബ വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ കവിയരുത്. വായ്പാ തുക ഏഴ് ശതമാനം പലിശ നിരക്കിൽ മാസതവണകളായി അഞ്ചു വർഷം കൊണ്ട് തിരിച്ചടക്കണം. പരമാവധി വായ്പാ തുക രണ്ട് ലക്ഷം രൂപ. വായ്പക്ക് ഈടായി കോർപ്പറേഷന്റെ നിബന്ധകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങൾക്കും കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 0497 2705036, 9400068513.
     
    മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം
     
    കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ജൂൺ 17,19 തീയതികളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
     
    ഗസ്റ്റ് അധ്യാപക നിയമനം
     
    നടുവിൽ ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഇലക്ട്രിക്കൽ, വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഓട്ടോമൊബൈൽ എന്നീ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അതത് വിഷയത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമയാണ് യോഗ്യത. താൽപര്യമുള്ളവർ ജൂൺ 20 (വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഇലക്ട്രിക്കൽ) ജൂൺ 21 (വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഓട്ടോമൊബൈൽ) എന്നീ തീയ്യതികളിൽ രാവിലെ 11 മണിക്ക് സ്‌കൂളിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ 9400006493.


    സ്വയംതൊഴിൽ പദ്ധതി; അപേക്ഷ ക്ഷണിച്ചു
     
    എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നടപ്പാക്കുന്ന കെസ്‌റു, മൾട്ടി പർപ്പസ് ജോബ് ക്ലബ്ബ് സ്വയംതൊഴിൽ പദ്ധതിക്കായി മട്ടന്നൂർ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ മട്ടന്നൂർ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ സമർപ്പിക്കണം. ഫോൺ: 0490 2474700.
     
    ഓംബുഡ്സ്മാൻ സിറ്റിംഗ്
     
    മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് ജില്ലാ എം ജി എൻ ആർ ഇ ജി എസ് ഓംബുഡ്സ്മാൻ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സിറ്റിംഗ് നടത്തുന്നു. ജൂൺ 22 ബുധനാഴ്ച രാവിലെ 11 മണി മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് സിറ്റിംഗ്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ട് ഓംബുഡ്സ്മാന് നൽകാം.
     
    ക്വട്ടേഷൻ
     
    കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന നാഷണൽ ഹൈവേ-66 ആർബിട്രേഷൻ ഓഫീസിലേക്ക് ഡെസ്‌ക് ടോപ്പ് കമ്പ്യൂട്ടർ, എ3 പ്രിന്റർ (ബ്ലാക്ക് ആൻഡ് വൈറ്റ് ലേസർ) എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ജൂൺ 21ന് വൈകീട്ട് 2.30 ന് മുമ്പായി ആർബിട്രേറ്റർ ആന്റ് ജില്ലാ കലക്ടർ, സിവിൽ സ്റ്റേഷൻ, കണ്ണൂർ എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ 04972 700225, 700645.

    ഭിന്നശേഷിക്കാർക്ക് കരുതലുമായി 
    ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത്
     
    ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനും പരിചരണത്തിനും പരിശീലനത്തിനുമായുള്ള ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ ഒരുക്കാനുള്ള തയ്യാറെടുപ്പുമായി ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ പരശൂരിൽ സെന്ററിനായുള്ള കെട്ടിടമൊരുങ്ങി. 
    മട്ടന്നൂർ എം എൽ എയുടെ 2018-19 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. ആവശ്യമായ ഫർണിച്ചറുകളും ഉപകരണങ്ങളുമാണ് ഇനി സജ്ജീകരിക്കേണ്ടത്. ഇതിനായി പഞ്ചായത്തിന്റെ 2022-23 ബജറ്റിൽ അഞ്ചു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. വേഗത്തിൽ സെന്ററിന്റെ പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് വി ബാലൻ പറഞ്ഞു.
    ഒരു നില കെട്ടിടത്തിൽ വിശാലമായ ഹാൾ, പരിശീലന മുറി, അടുക്കള, സ്റ്റോർ റൂം, ശുചിമുറി ബ്ലോക്ക് തുടങ്ങിയവയാണ് ഉള്ളത്. എന്തൊക്കെ പരിശീലനങ്ങളും അതിനാവശ്യമായ സൗകര്യങ്ങളുമാണ് ഇവിടെ സജ്ജീകരിക്കേണ്ടത് എന്ന ആലോചനയിലാണ് പഞ്ചായത്ത്. 45 ഭിന്നശേഷിക്കാരാണ് പഞ്ചായത്തിലുള്ളത്. മട്ടന്നൂർ, എരഞ്ഞോളി എന്നിവിടങ്ങളിലെ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററുകളെയാണ് ഇവരിൽ പലരും ആശ്രയിക്കുന്നത്. പഞ്ചായത്തിൽ തന്നെ സെന്റർ ഒരുക്കുന്നത് ഇവർക്ക് ആശ്വാസമാണ്.
     
    സ്ത്രീകൾക്കായി ഒരിടം; പറശ്ശിനിക്കടവിൽ 
    ഷീ ലോഡ്ജ് ഒരുങ്ങുന്നു
     
    വിവിധ ആവശ്യങ്ങൾക്കായി പറശ്ശിനിക്കടവിലെത്തുന്ന സ്ത്രീകൾക്ക് ഇനി സമാധാനമായി വിശ്രമിക്കാം. സുരക്ഷിത വിശ്രമ കേന്ദ്രം എന്ന ലക്ഷ്യത്തോടെ സ്ത്രീകൾക്കും കുട്ടികൾക്കുമായി ഷീ ലോഡ്ജ് ഒരുക്കുകയാണ് ആന്തൂർ നഗരസഭ. പറശ്ശിനിക്കടവ് ബസ്സ്റ്റാൻഡിനോട് ചേർന്ന നഗരസഭയുടെ മൂന്ന് നില കെട്ടിടത്തിലാണ് ഷീ ലോഡ്ജ് ഒരുങ്ങുന്നത്. 4.20 ലക്ഷം രൂപ ചെലവിലാണ് നിർമ്മാണം. ഒരേസമയം 100 പേരെ താമസിപ്പിക്കാൻ കഴിയുന്ന ഡോർമെറ്ററി, 40 ശുചിമുറികൾ, അറ്റാച്ച്ഡ് ബാത്ത് റൂമോട് കൂടിയ നാല് മുറികൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും ഉപയോഗിക്കാനാകുന്ന ഓപ്പൺ ശുചിമുറികൾ എന്നീ സൗകര്യങ്ങളാണ് ഉണ്ടാവുക. സ്പോർട്സ് കൗൺസിലുമായി ചേർന്ന് ജിംനേഷ്യവും തയ്യാറാക്കുന്നുണ്ട്.
    24 മണിക്കൂറും ജീവനക്കാരുടെ സേവനം ലഭിക്കും. കുടുംബശ്രീക്കാണ് നടത്തിപ്പ് ചുമതല. ചുരുങ്ങിയ തുക മാത്രം വാങ്ങിയാണ് സൗകര്യം ലഭ്യമാക്കുക. ജില്ലയിലെ പ്രധാന തീർത്ഥാടന ടൂറിസം കേന്ദ്രമായ പറശ്ശിനിക്കടവ്, ധർമ്മശാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയ ഇടങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി ദിനംപ്രതി എത്തുന്ന സ്ത്രീകൾക്ക് ഷീ ലോഡ്ജ് ആശ്വാസമാകും. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ലോഡ്ജ് ഉടൻ നാടിന് സമർപ്പിക്കുമെന്ന് ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ പറഞ്ഞു.
     
    തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാൻ 
    സിറ്റിങ് നടത്തി
     
    മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ഓംബുഡ്‌സ്മാൻ കെ എം രാമകൃഷ്ണൻ എടക്കാട് ബ്ലോക്ക് പഞ്ചായത്തിൽ സിറ്റിങ് നടത്തി. ചെമ്പിലോട്, കടമ്പൂർ എന്നീ പഞ്ചായത്തുകളിൽ നിന്ന് മണ്ണ് ജല സംരക്ഷണ പ്രവൃത്തികളുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചത്. പെരളശ്ശേരി ഗ്രാമ പഞ്ചായത്തിൽ ഫീൽഡ്തല പരിശോധനയും നടത്തി. ഫീൽഡ് പരിശോധനയിൽ തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള സൗകര്യങ്ങൾ ജോലി സ്ഥലത്ത് ഉറപ്പാക്കാൻ  നിർദേശം നൽകി. എല്ലാ തൊഴിലുറപ്പ് സ്ഥലങ്ങളിലും ഇൻഫർമേഷൻ ബോഡുകൾ സ്ഥാപിക്കാനും ഓംബുഡ്‌സ്മാൻ നിർദേശം നൽകി. 

    പീഡിയാട്രിക് ഐ സി യു, സോളാർ പ്ലാന്റ് ഉദ്ഘാടനം 19ന്
    മാങ്ങാട്ടുപറമ്പ് ഇ കെ നായനാർ സ്മാരക ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പുതുതായി നിർമ്മിച്ച പീഡിയാട്രിക് ഐ സി യു, സോളാർ പവർ പ്ലാന്റ് എന്നിവയുടെ പ്രവർത്തന ഉദ്ഘാടനവും മാസ്റ്റർ പ്ലാൻ പ്രകാശനവും ജൂൺ 19ന് നടക്കും. രാവിലെ ഒമ്പത് മണിക്ക് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിക്കും. ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷനാകും.
    ടെണ്ടർ ക്ഷണിച്ചു
    വനിത ശിശുവികസന വകുപ്പിനു കീഴിലുള്ള ഐ സി ഡി എസ് തലശ്ശേരി അഡീഷണൽ പ്രൊജക്ട് ഓഫീസ് ആവശ്യത്തിനായി വാഹനം വാടകക്ക് നൽകുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ അഞ്ച് ഉച്ചക്ക് രണ്ട് മണി.

    No comments

    Post Top Ad

    Post Bottom Ad