Header Ads

  • Breaking News

    മണ്ണറിഞ്ഞ് വിത്തിട്ട് മടി നിറയെ കൊയ്ത് കക്കീൽ ദാമോദരൻ



     



    കണ്ണൂർ:-മണ്ണിന്റെ മനമറിഞ്ഞ് വിത്തിട്ടാൽ മടി നിറയെ കിട്ടുമെന്നതിന്റെ നേർസാക്ഷ്യമാണ് ചെറുതാഴം കോടിത്തായലിലെ സമ്മിശ്ര കർഷകനായ കക്കീൽ ദാമോദരൻ. ശാസ്ത്രീയ കൃഷിരീതികളിലൂടെ ഉത്പാദനച്ചെലവ് കുറച്ച് ഉത്പാദനക്ഷമത വർധിപ്പിച്ച മാതൃകാ കർഷകനാണ് ഇദ്ദേഹം. ചെറുതാഴം ഗ്രാമപഞ്ചായത്തിലെ നെല്ലുത്പാദനം ഹെക്ടറിന് മൂന്ന് ടൺ ലഭിച്ചിരുന്നത് എട്ട് ടൺ ആക്കി ഉയർത്താൻ ഇദ്ദേഹത്തിന്റെ പരീക്ഷണങ്ങൾക്ക് കഴിഞ്ഞു. ജില്ലയിലെ നെൽകർഷകർക്കാവശ്യമായ വിത്തുകൾ ഇദ്ദേഹത്തിന്റെ കൃഷിയിടത്തിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. പന്നിയൂർ കൃഷി വിജ്ഞാനകേന്ദ്രവുമായി ചേർന്ന്  പങ്കാളിത്ത കൃഷിയാണ് നടപ്പാക്കുന്നത്.  കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ ഡെമോൺസ്‌ട്രേഷൻ പ്ലാറ്റ്‌ഫോം കൂടിയാണ് ദാമോദരന്റെ കൃഷിയിടം. മനുരത്‌ന, മഹാമായ, അക്ഷയ, പൗർണമി തുടങ്ങിയ വിത്തുകൾ ഏറ്റവും മികച്ച രീതിയിലാണ് ഇവിടെ വിളയിച്ചെടുക്കുന്നത്

    2012 -13 വർഷത്തിൽ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിച്ച കർഷകനായിരുന്നു കൈക്കീൽ ദാമോദരൻ. ഇദ്ദേഹത്തിന്റെ   മാതൃക പിന്തുടർന്ന കർഷകർക്കും മികച്ച വിളവ് ലഭിച്ചു. വെറും നാലോ അഞ്ചോ മാസം കൊണ്ട് ഉത്പാദനച്ചെലവിന്റെ ഇരട്ടി ലാഭം ഉണ്ടാക്കാവുന്ന വിളയാണ് നെല്ലെന്ന് ഇദ്ദേഹം പറയുന്നു.

    തെങ്ങും വാഴയും പച്ചക്കറിയും പാഷൻ ഫ്രൂട്ടും കിഴങ്ങുവർഗങ്ങളും ആടും പശുവും കോഴിയും തുടങ്ങി ഒട്ടുമിക്ക കൃഷികളും ഇദ്ദേഹം ചെയ്യുന്നുണ്ട്. പരമ്പരാഗത കർഷക കുടുംബത്തിൽ ജനിച്ചു വളർന്ന ഇദ്ദേഹം  

    12 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ വന്നത് മുതലാണ് കൃഷിയിൽ സജീവമായത്. 15 വർഷമായി കാർഷികരംഗത്തുണ്ട്. അനുഭവങ്ങളെ പാഠങ്ങളാക്കിയ വിജയകഥകളാണ് ഇദ്ദേഹത്തിന്റേത്.

    2019-20  മൃഗസംരക്ഷണവകുപ്പിന്റെ സഹായത്തോടെ ആരംഭിച്ച ആട് വളർത്തൽ ഇന്ന് വലിയ വിജയമാണ്. അമ്പതോളം ആടുകൾ ഇന്ന് ഇവിടെയുണ്ട്. ബീറ്റൽ, മലബാറി, സങ്കരയിനങ്ങൾ ആരോഗ്യത്തോടെ വളരുന്നു. രണ്ട് വയസ്സുള്ള പഞ്ചാബുകാരൻ ബീറ്റലിന് ഒരു ക്വിന്റലോളം തൂക്കം വരും. അമ്പത് സെൻറിൽ തെങ്ങ്, മുപ്പത് സെന്റിൽ വാഴ, എന്നിവയുമുണ്ട്. 

    കൃഷി വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, കൃഷി വിജ്ഞാനകേന്ദ്രം, എന്നിവയുടെ നിറഞ്ഞ പ്രോത്സാഹനം ഇദ്ദേഹത്തിനുണ്ട്. കാർഷികരംഗത്തെ യന്ത്രവത്കരണം, ഏറ്റവും പുതിയ സാങ്കേതിക രീതികൾ എന്നിവ പരീക്ഷിച്ച് വിജയം കണ്ട ഇദ്ദേഹം തന്റെ അനുഭവങ്ങൾ മറ്റുള്ളവർക്ക് പകർന്നു നൽകുന്നുമുണ്ട്. മണ്ണറിഞ്ഞ്, വിത്തറിഞ്ഞ്, വിളയറിഞ്ഞ്, വിളവറിഞ്ഞ് കൃഷി ചെയ്യുന്നതാണ് കർഷകന്റെ വിജയം. പ്രകൃതിക്ഷോഭങ്ങൾക്കും വന്യജീവികൾക്കുമല്ലാതെ മറ്റൊന്നിനും കൃഷിയെ തകർക്കാനാവില്ലെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു. ആത്മ മികച്ച കർഷകനായി തെരഞ്ഞെടുത്തിട്ടുണ്ട്.  ഭാര്യ ദാക്ഷായണിയാണ് എല്ലാ പരീക്ഷണങ്ങൾക്കും കൂട്ട്.

    No comments

    Post Top Ad

    Post Bottom Ad