Header Ads

  • Breaking News

    വീണ്ടും അരുംകൊല , മോഷ്‌ടാവെന്നാരോപിച്ച്‌ നാട്ടുകാര്‍ കെട്ടിയിട്ട്‌ മര്‍ദിച്ചയാള്‍ മരിച്ചു


    തിരുവനന്തപുരം: ചിറയിന്‍കീഴില്‍ മോഷണക്കുറ്റമാരോപിച്ച്‌ നാട്ടുകാര്‍ കെട്ടിയിട്ട്‌ മര്‍ദിച്ചയാള്‍ മരിച്ചു. പെരുങ്കുഴിയിലെ വീട്ടില്‍നിന്നു പാത്രങ്ങള്‍ മോഷ്‌ടിച്ചെന്നാരോപിച്ച്‌ നാട്ടുകാര്‍ കെട്ടിയിട്ടു മര്‍ദിക്കുകയും തുടര്‍ന്നു കൈയും കാലും കെട്ടി പോലീസിലേല്‍പ്പിക്കുകയും ചെയ്‌ത ചന്ദ്രനാണു മരിച്ചത്‌.

    കഴിഞ്ഞ മാസം 28-നാണ്‌ ചന്ദ്രനു മര്‍ദനമേറ്റത്‌. പത്ത്‌ ദിവസം കഴിഞ്ഞാണ്‌ ശാരീരികാസ്വാസ്‌ഥ്യം അനുഭവപ്പെട്ട്‌ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്‌. കഴിഞ്ഞ ദിവസം രാവിലെ മരണം സംഭവിച്ചു.
    നാട്ടുകാര്‍ പോലീസിനു കൈമാറിയ ചന്ദ്രന്‍ സ്‌റ്റേഷനിലെത്തിക്കുമ്പോള്‍ത്തന്നെ അവശനായിരുന്നു. ചിറയിന്‍കീഴ്‌ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി. പരാതിയില്ലെന്ന്‌ എഴുതി നല്‍കിയതിനാല്‍ തൊണ്ടിമുതല്‍ ഉടമസ്‌ഥനു തിരികെ നല്‍കിയ ശേഷം പോലീസ്‌ ചന്ദ്രനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.

    പോലീസ്‌ സ്‌റ്റേഷനില്‍നിന്ന്‌ പോകുമ്പോള്‍ അടിവയറ്റില്‍ വേദനയുണ്ടെന്നു ചന്ദ്രന്‍ പറഞ്ഞിരുന്നു. നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചപ്പോള്‍ത്തന്നെ താന്‍ ശസ്‌ത്രക്രിയ കഴിഞ്ഞയാളാണെന്നു ചന്ദ്രന്‍ പറഞ്ഞിരുന്നു . വിശദമായ വൈദ്യപരിശോധന നടത്തിയിരുന്നെന്നും ആള്‍ക്കൂട്ടം മര്‍ദിച്ചെന്ന്‌ ചന്ദ്രന്‍ പരാതി പറഞ്ഞിരുന്നില്ലെന്നും ചിറയിന്‍കീഴ്‌ പോലീസ്‌ പറഞ്ഞു.

    ചന്ദ്രന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുണ്ടായിരുന്നില്ലെന്നു പോസ്‌റ്റ്‌മോര്‍ട്ടം ചെയ്‌ത ഡോക്‌ടര്‍മാര്‍ പറയുന്നു. ഈ മാസം ഒന്‍പതിന്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചന്ദ്രന്‌ അള്‍സര്‍ രോഗത്തിനു ശസ്‌ത്രക്രിയ നടത്തിയിരുന്നു. 10 വര്‍ഷം മുന്‍പും ഒരു ശസ്‌ത്രക്രിയ നടത്തിയതാണ്‌.

    കഴിഞ്ഞ മാസം 30-ന്‌ വേങ്ങോട്‌ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വയറുവേദനക്ക്‌ ചന്ദ്രന്‍ ചികിത്സ തേടിയിരുന്നു. ചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട്‌ അസ്വാഭാവിക മരണത്തിനു പോലീസ്‌ കേസെടുത്തു. ആര്‍.ഡി.ഒയുടെ നേതൃത്വത്തിലാണ്‌ ഇന്‍ക്വസ്‌റ്റും പോസ്‌റ്റ്‌മോര്‍ട്ടവും നടത്തിയത്‌. വിശദമായ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ ലഭിച്ചതിനു ശേഷം തുടര്‍നടപടിയെടുക്കുമെന്നു പോലീസ്‌ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad