കണ്ണൂർ ജില്ല ഡെങ്കിപ്പനി ജാഗ്രതയിൽ
കണ്ണൂർ : മഴക്കാലം തുടങ്ങിയതോടെ ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ കൂടുന്നു. ഗുരുതരാവസ്ഥയിലുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെങ്കിലും പ്രതിദിനം ഡെങ്കിപ്പനി ബാധിച്ച് ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം വർധിച്ചു. ഡെങ്കി റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന്റെ പ്രതിരോധപ്രവർത്തനങ്ങളും ഊർജിതമായി നടക്കുന്നുണ്ട്.
ജില്ലയിൽ ഈ വർഷം ഇതുവരെ 155 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ജൂൺ തുടങ്ങി ഒരാഴ്‌ച പിന്നിടുമ്പോൾ അഞ്ച് കേസുകളും ഡെങ്കിയെന്ന് സംശയിക്കുന്ന 23 കേസുകളും റിപ്പോർട്ട്‌ചെയ്‌തു. മേയിൽ എട്ട് സ്ഥിരീകരിച്ച കേസുകളും 73 സംശയിക്കുന്ന കേസുകളുമാണ് റിപ്പോർട്ട് ചെയ്‌തത്. ആലക്കോട്, ഉളിക്കൽ, ചിറ്റാരിപ്പറമ്പ് തുടങ്ങി മലയോരപ്രദേശങ്ങളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
ആശങ്ക വേണ്ട
ആരോഗ്യ ജാഗ്രതാ ക്യാമ്പയിനിന്റെ ഭാഗമായി കൊതുകുനശീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. ഡെങ്കി റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ വെക്ടർ കൺട്രോൺ യൂണിറ്റും തദ്ദേശസ്ഥാപനങ്ങളും ചേർന്ന് ഉറവിട നശീകരണപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഡെങ്കിപ്പനി കേസുകളുടെ എണ്ണം ചെറിയ തോതിൽ മാത്രമേ വർധിച്ചിട്ടുള്ളൂവെന്ന് സർവെയ്‌ലൻസ് ഓഫീസർ ഡോ. എം.കെ. ഷാജ് പറഞ്ഞു. കാലാവസ്ഥ മാറിയപ്പോൾ ഉള്ള വർധന മാത്രമാണിത്. ഡെങ്കിപ്പനിയെ നേരിടാൻ ആരോഗ്യ വകുപ്പ് സജ്ജമാണ്. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
No comments
Post a Comment