Header Ads

  • Breaking News

    മോഷ്ടിച്ച ചെക്കുമായി ട്രഷറിയില്‍ നിന്നും പണം തട്ടിയെടുത്തു : രണ്ടുപേര്‍ പിടിയിൽ



    കണ്ണൂര്‍: നിർത്തിയിട്ടിരുന്ന വാഹനം തകര്‍ത്ത് അകത്തുണ്ടായിരുന്ന ചെക്ക് ലീഫുകളെടുത്ത് പയ്യന്നൂര്‍ ട്രഷറിയില്‍ നിന്നും പണം പിന്‍വലിച്ച കേസിലെ മൂന്നംഗ സംഘത്തിലെ രണ്ടുപ്രതികള്‍ അറസ്റ്റില്‍. നീലേശ്വരം കയ്യൂര്‍ സ്വദേശി എം. അഖില്‍(34) കണ്ണൂര്‍ സിറ്റി സ്വദേശി കെ.വി ഖാലിദ്(38) എന്നിവരാണ് പൊലിസിന്റെ പിടിയിലായത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട വാഹനം തകര്‍ത്താണ് ചെക്ക് ലീഫ് മോഷ്ടിച്ചത്. മോഷണ, വധശ്രമകേസുകളില്‍ പ്രതികളാണ് പിടിയിലായവർ.

    കഴിഞ്ഞ ഫെബ്രുവരി 18-ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. എറണാകുളത്തേക്ക് പോകാനായി ഇരിക്കൂര്‍ പട്ടുവം സ്വദേശി റംഷാദ് തന്റെ ജീപ്പ് റെയില്‍വേ സ്റ്റേഷനിൽ പാര്‍ക്കു ചെയ്തതിനു ശേഷം ട്രെയിനില്‍ കയറിപോവുകയായിരുന്നു. തിരിച്ച് വന്ന് വാഹനവുമായി വീട്ടിലെത്തിയ ശേഷമാണ് വാഹനത്തില്‍ നിന്നും ചെക്ക് ലീഫ് നഷ്ടപ്പെട്ടത് മനസിലായത്.

    തുടര്‍ന്ന്, കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ക്യാമറ പരിശോധിച്ചപ്പോഴാണ് വാഹന ബാറ്ററി മോഷണ കേസില്‍ നീലേശ്വരം സ്റ്റേഷനിലും വധശ്രമത്തിന് ചീമേനിയിലും പ്രതിയായ അഖിലിന്റെ ദൃശ്യം പതിഞ്ഞത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തില്‍ ആദ്യം അഖിലിനെയും ഇയാള്‍ നല്‍കിയ മൊഴിയനുസരിച്ച ഖാലിദിനെയും പിടികൂടുകയായിരുന്നു. കേസിലെ മൂന്നാമനായി പൊലിസ് തെരച്ചില്‍ ശക്തമാക്കി.

    പ്രിന്‍സിപ്പല്‍ എസ്. ഐ സീതാറാം, എ. എസ്. ഐമാരായ അജയന്‍, നാസര്‍, രഞ്ചിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

    No comments

    Post Top Ad

    Post Bottom Ad