കല്യാശ്ശേരി : കല്യാശ്ശേരി കോലത്തുവയലിൽ വീടിന്റെ മേൽക്കൂര തകർന്നുവീണ് ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയായ വീട്ടമ്മയ്ക്ക് പരിക്കേറ്റു. വീട്ടിലുണ്ടായിരുന്ന മറ്റ് മൂന്നുപേർ അദ്ഭുതകരമായി രക്ഷപ്പെട്ടു. മേൽക്കൂരയുടെ അവശിഷ്ടങ്ങൾ ദേഹത്തുവീണ ക്രിസിൽഡ(82)യെ പരിക്കുകളോടെ പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
വീടിനുമുകളിൽ എന്തോ വീഴുന്ന ശബ്ദം കേട്ട വീട്ടമ്മ സിംല ജോയി മക്കളായ സനൂപിനെയും ജീനയേയും വിളിച്ചുണർത്തി പുറത്തിറങ്ങുമ്പോഴേക്കും മേൽക്കൂര തകർന്നുവീഴാൻ തുടങ്ങിയിരുന്നു. ക്രിസിൽഡ അകത്ത് ഉറങ്ങിക്കിക്കുകയായിരുന്നു. അവരെക്കൂടി വിളിച്ചുണർത്തുമ്പോഴേക്കും മേൽക്കൂര പൂർണമായി തകർന്നുവീണു. വയോധികയുടെ തലയ്ക്കും ദേഹത്തും സാരമായി പരിക്കേറ്റു. റവന്യൂ അധികൃതരും പഞ്ചായത്തധികൃതരും വീട് സന്ദർശിച്ചു.