Header Ads

  • Breaking News

    സാങ്കേതിക വിദ്യ സാധ്യതകള്‍ ടൂറിസം മേഖലയിലും ഉപയോഗപ്പെടുത്തും: മന്ത്രി പി എ മുഹമ്മദ് റിയാസ്


    ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നതിന് സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുമെന്നും ഇതിന്റെ ഭാഗമായുള്ള ആപ്പ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
    ജില്ലയില്‍ രണ്ടാം ഘട്ടമായി 12 ഗ്രാമപഞ്ചായത്തുകളില്‍ പൂര്‍ത്തീകരിച്ച ഐഎല്‍ജിഎംഎസ് സോഫ്റ്റ് വെയറിന്റെ ജില്ലാതല പ്രഖ്യാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

    സംസ്ഥാനത്തെ ഗ്രാമങ്ങളിലുള്ള ആരും ഇതുവരെ എത്തിപ്പെടാത്ത ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പുറം ലോകത്തെ അറിയിക്കാന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സാധിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കിയിട്ടുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ ഫോട്ടോയും വീഡിയോയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആപ്പ് ആണിതെന്നും കൊവിഡ് മൂലം പ്രതിസന്ധിയിലായ ടൂറിസം മേഖലയെ കൈപിടിച്ച് ഉയര്‍ത്താന്‍ ഇത് സഹായകമാകുമെന്നും
    മന്ത്രി പറഞ്ഞു.

    ഐഎല്‍ജിഎംഎസ് പോലുള്ള വാതില്‍പ്പടി സേവനങ്ങള്‍ ഭരണ സംവിധാനത്തില്‍ വേഗത കൈവരിക്കാന്‍ സഹായകമാകുന്നതാണ്. സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ സംവിധാനം പൊതു ജനങ്ങള്‍ക്ക് സേവനങ്ങള്‍ വിരത്തുമ്പില്‍ എത്തിക്കുകയാണ്. ഓഫീസുകളില്‍ കയറിയിറങ്ങാതെ തന്നെ ജനങ്ങള്‍ക്ക് അപേക്ഷകള്‍, പരാതികള്‍ എന്നിവ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ കഴിയും. സേവനങ്ങള്‍ വേഗത്തിലും സമയ ബന്ധിതവുമാക്കാന്‍ സാധിക്കും. രണ്ടു ഘട്ടങ്ങളിലായി 25 ഗ്രാമപഞ്ചായത്തുകളില്‍ ഐഎല്‍ജിഎംഎസ് വിന്യസിക്കാന്‍ കഴിഞ്ഞ കണ്ണൂര്‍ മറ്റ് ജില്ലകള്‍ക്ക് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

    സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിക്കുകയാണ് ഓരോ ഭരണസംവിധാനവും ചെയ്യേണ്ടത്. സര്‍ക്കാര്‍ സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് മുന്നോട്ട് പോകുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ പി ഡബ്ലിയു ഡി ഫോര്‍ യു ആപ്പ് ഇത്തരത്തിലുള്ള സംവിധാനമാണ്. ജനങ്ങള്‍ പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളുടെ കാഴ്ചക്കാര്‍ മാത്രമല്ല കാവല്‍ക്കാര്‍ കൂടിയാണെന്ന് വ്യക്തമാക്കുന്നതാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

    പൊതുജനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് സേവനങ്ങള്‍ എളുപ്പത്തിലും കാര്യക്ഷമമായും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐഎല്‍ജിഎംഎസ് സോഫ്റ്റ് വെയര്‍ (ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേര്‍ണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം)സ്ഥാപിച്ചിട്ടുള്ളത്. പെരളശ്ശേരി, ധര്‍മ്മടം, കോളയാട്, മാലൂര്‍, കേളകം, നാറാത്ത്, കണ്ണപുരം, മുഴപ്പിലങ്ങാട്, മുണ്ടേരി, ഇരിക്കൂര്‍, പേരാവൂര്‍, ചെറുകുന്ന് എന്നീ ഗ്രാമപഞ്ചായത്തുകളെയാണ് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആദ്യഘട്ടത്തില്‍ 13 പഞ്ചായത്തുകളിലായിരുന്നു സോഫ്റ്റ് വെയര്‍ സ്ഥാപിച്ചത്. ഇതോടെ ജില്ലയില്‍ 25 ഗ്രാമപഞ്ചായത്തുകളിലാണ് ഐഎല്‍ജിഎംഎസ് വഴി സേവനം ലഭിക്കുക. ഗ്രാമപഞ്ചായത്തുകളില്‍ ഉപയോഗിക്കുന്ന വിവിധ സോഫ്റ്റ് വെയറുകള്‍ ഒറ്റ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കാനും സിറ്റിസണ്‍ ലോഗിന്‍ വഴി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനും സാക്ഷ്യപത്രങ്ങള്‍, അനുമതി പത്രങ്ങള്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്യുവാനും അപേക്ഷയുടെ തല്‍സ്ഥിതി വിവരം ഓണ്‍ലൈനായി നിരീക്ഷിക്കാനും ഐഎല്‍ജിഎംഎസ് സോഫ്റ്റ് വെയര്‍ വഴി സാധിക്കും. ഗ്രാമപഞ്ചായത്തുകളിലെ 213 സേവനങ്ങളാണ് പൂര്‍ണ്ണമായും ഓണ്‍ലൈനായി ലഭ്യമാക്കുന്നത്.

    പെരളശ്ശേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രന്‍ കല്ലാട്ട്, കെ വി ബിജു, സി പി ഷിജു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി ജെ അരുണ്‍, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി ബാലഗോപാലന്‍, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എം ശ്രീധരന്‍, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി പി സജിത തുടങ്ങിയവര്‍ പങ്കെടുത്തു.


    No comments

    Post Top Ad

    Post Bottom Ad