Header Ads

  • Breaking News

    മുഖ്യമന്ത്രി ഇന്ന് മുതൽ ധര്‍മ്മടത്ത്, പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കും

     നിയമസഭ തെര‌ഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂരിലെത്തും. ജന്മനാട്ടിൽ  മുഖ്യമന്ത്രിക്ക് നൽകുന്ന സ്വീകരണത്തോടെയാണ് എൽഡിഎഫിന്‍റെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കുക. ഈ മാസം 16 വരെയാണ് മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം. വൈകിട്ട് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന പിണറായിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉജ്ജ്വല സ്വീകരണവും ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ റെഡ് വൊളന്റിയർമാരുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ പിണറായിലേക്ക് ആനയിക്കും.

    ‘ഉറപ്പാണ് എൽഡിഎഫ്’ എന്ന മുദ്രാവാക്യവും മുഖ്യമന്ത്രിയുടെ ചിത്രവും ധരിച്ചാകും വോളന്‍റീയർമാർ ഇരുചക്രവാഹനത്തിൽ അകമ്പടി സേവിക്കുക. വൈകീട്ട് അഞ്ച് മണിക്ക് പിണറായി കണ്‍വെൻഷനിൽ ചേരുന്ന എൽഡിഎഫ് യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. നാളെ മണ്ഡലത്തിലെ പ്രമുഖരുമായി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തും.



    ചൊവ്വാഴ്ച മുതലാണ് മണ്ഡല പര്യടനം നടത്തുക. ഏഴ് ദിവസം നീളുന്ന പര്യടന പരിപാടിയില്‍ 46 കേന്ദ്രങ്ങളില്‍ അദ്ദേഹം സംസാരിക്കും. ദിവസവും രാവിലെ പത്തിന് തുടങ്ങി വൈകിട്ട് അഞ്ചരയോടെ അവസാനിക്കുന്ന തരത്തിലാണ് പരിപാടികള്‍ ക്രമീകരിച്ചിട്ടുള്ളത്. പ്രചാരണ പരിപാടിക്കിടെ നാമനിര്‍ദേശ പത്രികയും സമര്‍പ്പിക്കും. അതിന് ശേഷം മറ്റ് ജില്ലകളിലേക്ക് പോകുന്ന മുഖ്യമന്ത്രി പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ മാത്രമേ സ്വന്തം മണ്ഡലത്തില്‍ തിരിച്ചെത്തൂ.

    അതിനിടെ സ്ഥാനാർത്ഥി പട്ടികയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരാനിരിക്കുകയാണ്. സംസ്ഥാന സമിതി അംഗീകാരം നൽകിയ പല സ്ഥാനാർത്ഥികളുടെ പേരുകളിലും ജില്ലാ സെക്രട്ടറിയേറ്റുകളുടെ എതിർപ്പ് നിലനിൽക്കുന്നതിനാൽ, തർക്ക മണ്ഡലങ്ങളിൽ സംസ്ഥാന സെക്രട്ടറിയേറ്റ് തന്നെ തീർപ്പ് കൽപിക്കും.

    ഡോ. പി കെ ജമീലയുടെ പേര് വന്ന തരൂർ, അരുവിക്കര , പൊന്നാനി, ഒറ്റപ്പാലം, കൊയിലാണ്ടി തുടങ്ങിയവയാണ് തർക്കം നിലനിൽക്കുന്ന പ്രധാന സീറ്റുകൾ. ഇന്ന് തന്നെ അന്തിമ പട്ടികക്ക് രൂപം നൽകി ബുധനാഴ്ചയോടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് സിപിഎം നീക്കം.

    No comments

    Post Top Ad

    Post Bottom Ad