Header Ads

  • Breaking News

    പിലാത്തറ-പാപ്പിനിശ്ശേരി കെഎസ്ടിപി റോഡ്: ക്യാമറ സ്ഥാപിക്കല്‍ പൂര്‍ത്തിയായി



    പിലാത്തറ-പാപ്പിനിശ്ശേരി കെഎസ്ടിപി റോഡ് അപകടരഹിത മേഖലയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ കേരള റോഡ് സേഫ്റ്റി അതോറിറ്റി നടപ്പിലാക്കുന്ന സേഫ്റ്റി കോറിഡോര്‍ പ്രവൃത്തി പൂര്‍ത്തിയായി. ഉദ്ഘാടനം ഫെബ്രുവരി 20 ന് രാവിലെ 9.30 ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. കണ്ണപുരം പോലീസ് സ്റ്റേഷനില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ടി വി രാജേഷ് എം എല്‍ എ അധ്യക്ഷനാവും. ഇതോടൊപ്പം നവീകരിച്ച പോലീസ് സ്റ്റേഷന്‍ കെട്ടിടവും ഉദ്ഘാടനം ചെയ്യും
    21 കി.മീ വരുന്ന പിലാത്തറ പാപ്പിനിശ്ശേരി കെഎസ്ടിപി റോഡില്‍ പദ്ധതി നടപ്പിലാക്കുന്നതിന് 1. 84 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.

    റോഡില്‍ അപകടങ്ങള്‍ ഏറിവരുന്ന സാഹചര്യത്തില്‍ എം എല്‍ എ യുടെ അഭ്യര്‍ത്ഥന പ്രകാരം ഗതാഗത വകുപ്പ് മന്ത്രിയും ഗതാഗത സെക്രട്ടറിയും സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കെ.എസ് ടി.പി റോഡ് അപകട രഹിതമാക്കി മാറ്റുന്നതിനുള്ള വിശദമായ പഠനം നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കുകയും സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ നാറ്റ്പാകിനെ ചുമതലപ്പെടുത്തി. കെ എസ് ടി പി റോഡ് തുറന്ന് കൊടുത്തതിനുശേഷം റോഡില്‍ കഴിഞ്ഞ ഒരു വര്‍ഷം നടന്ന അപകടങ്ങളെ കുറിച്ച് വിശദമായ പഠനവും ഓഡിറ്റിംഗും നടത്തിയാണ് നാറ്റ്പാക് സമഗ്ര റോഡ് സുരക്ഷാ പദ്ധതി തയ്യാറാക്കിയത്.
    ഇതിന്റെ അടിസ്ഥാനത്തില്‍ 1.84 കോടിയുടെ സമഗ്ര റോഡ് സുരക്ഷാ പദ്ധതിക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. 31 ഇടങ്ങളില്‍ വാഹനങ്ങളുടെ വേഗത, നമ്പര്‍ പ്ലേറ്റ് എന്നിവ അടയാളപ്പെടുത്തുന്ന അഞ്ച് എ എന്‍ പി ആര്‍ ക്യാമറകള്‍ സ്ഥാപിച്ചു.

    പിലാത്തറ ചുമടുതാങ്ങി, ഹനുമാരമ്പലം ജംഗ്ഷന്‍, പുന്നച്ചേരി ആശുപത്രി, കെ കണ്ണപുരം വീല്‍കെയര്‍, പാപ്പിനിശ്ശേരി ക്ലേ ആന്റ് സിറാമിക്‌സ് ഗേറ്റ് എന്നിവിടങ്ങളിലാണ് വാഹനങ്ങളുടെ വേഗതയും നമ്പര്‍ പ്ലേറ്റും ഹെല്‍മറ്റ് ഉപയോഗവും കണ്ടെത്തുന്ന എഎന്‍പിആര്‍ (ഓട്ടോമേറ്റഡ് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍) ക്യാമറകള്‍ സ്ഥാപിച്ചത്. മറ്റിടങ്ങളില്‍ റോഡിന്റെ എല്ലാ വശങ്ങളും പരിസരങ്ങളും പകര്‍ത്താന്‍ ശേഷിയുള്ള 26 പിടിഎസ് (പാന്‍-ടില്‍റ്റ്-സൂം) കാമറകളും നാല് ബുള്ളറ്റ് ക്യാമറകളും സ്ഥാപിച്ചു. പാപ്പിനിശ്ശേരി ടെലികോംപാലസ്, സിറാമിക്‌സ് ഗേറ്റ്, അര്‍ബന്‍ ബാങ്ക്, പാപ്പിനിശ്ശേരി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍, കരിക്കന്‍ കുളം, ഇരിണാവ് ജംഗ്ഷന്‍, യോഗശാല, കെ. കണ്ണപുരം എല്‍ പി സ്‌കൂള്‍, അഞ്ചാംപീടിക റോഡ്, കണ്ണപുരം റയില്‍വേ സ്റ്റേഷന്‍, ചെറുകുന്ന് കെ എസ് ഇ ബി, ചെറുകുന്ന് പള്ളി, കൊവ്വപ്പുറം ജംഗ്ഷന്‍, വെല്‍ഫയര്‍ സ്‌കൂള്‍സ്റ്റോപ്പ്, പുന്നച്ചേരി സെന്റ്‌മേരീസ് സ്‌കൂള്‍ , താവം മേല്‍പാലം, പഴയങ്ങാടി ടൗണ്‍, പഴയങ്ങാടി ട്രേഡ് ഹൗസ്, എരിപുരം സര്‍ക്കിള്‍, എരിപുരം ബോയ്‌സ് സ്‌കൂള്‍, അടുത്തില, രാമപുരം, ഭാസ്‌ക്കരന്‍ പീടിക, ഹനുമാരമ്പലം ജംഗ്ഷന്‍, മണ്ടൂര്‍, ചുമട്ടുതാങ്ങി ,

    പിലാത്തറ സര്‍ക്കിള്‍ എന്നിവിടങ്ങളിലാണ് പി ടി സെഡ് ക്യാമറകള്‍ സ്ഥാപിച്ചത്. ഇതിനായി പാപ്പിനിശേരി മുതല്‍ – പിലാത്തറ വരെ ഒപ്റ്റിക്കല്‍ കേബിളിട്ടു.
    ക്യാമറകളിലെ ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിനും നിയമലംഘകരെ കണ്ടെത്തി ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനുമായി കണ്ണപുരം പോലിസ് സ്റ്റേഷനില്‍ സെന്‍ട്രല്‍ ആന്റ് മോണിറ്ററിംഗ് സംവിധാനം ഒരുക്കി. പഴയങ്ങാടി സ്റ്റേഷനില്‍ മോണിറ്ററിംഗ് സംവിധാനവും ഒരുക്കി. കണ്ണപുരം പോലീസ് സ്റ്റേഷന്‍ നവീകരിക്കാന്‍ എം എല്‍ എ യുടെ ആസ്തി വികസന നിധിയില്‍ നിന്നും 20 ലക്ഷം രൂപ അനുവദിച്ചു. മോണിറ്ററിംഗ് സംവിധാനത്തിനായി കമ്പ്യൂട്ടര്‍ സര്‍വര്‍ , 43 ഇഞ്ചിന്റെ മോണിറ്റര്‍ ആറ് എണ്ണം, ബേക്ക് അപ് സംവിധാനത്തിനായി 3.0 കെ വി എ യു പി എസ് സംവിധാനം, രണ്ട് പ്രിന്റര്‍ എന്നിവ സജ്ജീകരിച്ചു.

    ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കു പുറമെ, മേഖലയിലെ കുറ്റകൃത്യങ്ങള്‍, മണല്‍ കടത്ത്, മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍, പുഴകളിലും റോഡരികുകളിലും മാലിന്യങ്ങള്‍ വലിച്ചെറിയല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ തടയാനും ഇതിലൂടെ സാധിക്കും. പ്രസ്തുത റോഡിലെ സോളര്‍ വിളക്കുകള്‍ അറ്റകുറ്റ പണി ചെയ്യുന്നതിന് അനര്‍ട്ടുമായി ധാരണയായിട്ടുണ്ട്.
    പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്‌സ് വിഭാഗം ടെന്റര്‍ ചെയ്ത പ്രവൃത്തി കണ്ണൂര്‍ കമ്പ്യൂട്ടര്‍ കെയര്‍ എന്ന ഏജന്‍സി മുഖേനയാണ് നടപ്പിലാക്കിയത്.


    No comments

    Post Top Ad

    Post Bottom Ad