Header Ads

  • Breaking News

    കൂട്ടുപുഴ പാലം നിർമ്മാണം പുനരാരംഭിച്ചു



    ഇരിട്ടി : കർണ്ണാടക വനം വന്യജീവി വകുപ്പിന്റെ തടസ്സവാദങ്ങൾ മൂലം പാതി വഴിയിൽ നിർമ്മാണം  നിർത്തിവെച്ച കൂട്ടുപുഴ പാലത്തിന്റെ  നിർമ്മാണം വ്യാഴാഴ്ച മുതൽ ആരംഭിച്ചു.  മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷമാണ് കേരളാ - കർണ്ണാടക അതിർത്തിയിലെ ഈ പാലത്തിന്റെ  പണി  പുനരാംഭിച്ചത്  . 

    തലശ്ശേരി - വളവുപാറ കെ എസ് ടി പി റോഡ് നിർമ്മാണത്തിന്റെ ഭാഗമായി പൂർത്തിയാക്കേണ്ട പാലത്തിന്റെ നിർമ്മാണം 2017 ൽ ആണ് ആരംഭിച്ചത്.  എന്നാൽ പ്രവർത്തി തുടങ്ങി കേരളത്തിന്റെ ഭാഗത്തുള്ള തൂണുകളും  വാർപ്പും കഴിഞ്ഞ് പാതിവഴിയിലെത്തിയ പാലം  കർണ്ണാടക വനം - വന്യജീവി വകുപ്പിന്റെ തടസ്സവാദം മൂലം 2017 ഡിസംബർ 27 ന് നിർത്തി വെക്കുകയായിരുന്നു. ബ്രഹ്മ ഗിരി വന്യമൃഗ സങ്കേതത്തിൽന്റെ ഭാഗമായ തങ്ങളുടെ അധീനതയിൽ പെട്ട സ്ഥലത്താണ് പാലം നിർമ്മിക്കുന്നതെന്നും ഇവിടെ യാതൊരു വിധത്തിലുള്ള നിർമ്മാണ പ്രവർത്തിയും അനുവദിക്കില്ലെന്നും പറഞ്ഞാണ് പ്രവർത്തി തടഞ്ഞത്.  തങ്ങളുടെ അധീനതയിൽ പെട്ട സ്ഥലമാണെന്ന കേരളാ റവന്യൂ വകുപ്പിന്റെ വാദം ഇവർ തള്ളുകയും ചെയ്തു.  മാക്കൂട്ടം വനമേഖല യോട് ചേർന്ന് പാലം അവസാനിക്കുന്ന ഭാഗം തങ്ങളുടേതാണെന്നും നിർമ്മാണത്തിന് മുൻകൂട്ടി അനുമതി വാങ്ങിയില്ലെന്നും കാണിച്ച് ഇവർ പാലം പണി നിർത്തിവെപ്പിച്ചു. 

    കർണ്ണാടകയുമായി ദീർ ഘനാളത്തെ ചർച്ചകൾക്കൊടുവിൽ  6 മാസം മുൻപ് ദേശീയ വനം- വന്യജീവി ബോർഡിന്റെ അനുമതി കിട്ടിയിട്ടും നിർമ്മാണത്തിനായി കർണ്ണാടക വനം വകുപ്പ് അനുമതി നൽകിയിരുന്നില്ല. തുടർന്ന് കേരളത്തിന്റെ നിരന്തര ഇടപെടലിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് അനുമതി ലഭിച്ചത്. 

     പാലത്തിന്റെ കേരളത്തിന്റെ അധീനതയിൽ നിർമ്മിക്കേണ്ട പകുതിയോളം  ഭാഗം നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. ബാക്കി ഭാഗത്തിന്റെ പ്രവർത്തി നാലുമാസത്തിനുള്ളിൽണ് പൂർത്തിയാക്കി  പാലം ഗതാഗത്തിന് തുറന്ന് കൊടുക്കാനാകുമെന്ന്   കരാറുകാർ പറഞ്ഞു. 1928 ൽ ബ്രിട്ടീഷുകാർ  കൂട്ടുപുഴയിൽ നിർമ്മിച്ച പാലം അപകടാവസ്ഥയിലാണ്. ഒരു വാഹനത്തിനു മാത്രം കടന്നു പോകാൻ കഴിയുന്ന പാലത്തിലൂടെ ചരക്കു വാഹനങ്ങളും ടൂറിസ്റ്റ് ബസ്സുകളുമടക്കം  ഏറെ പ്രയാസപ്പെട്ടാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഈ പാലത്തിന് ഏതാനും വാര അകലത്തിലാണ് പുതിയ പാലം യാഥാർഥ്യമാകുന്നത്.



    നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക +91 88 91 565 197

    No comments

    Post Top Ad

    Post Bottom Ad