കണ്ണൂര്‍ ജില്ലയിലെ ആദ്യ വൈദ്യുതി വാഹന ചാർജിങ് സ്റ്റേഷൻ താഴെ ചൊവ്വയിൽ
കണ്ണൂർ:
കണ്ണൂരിലെ വാഹനങ്ങൾ ഇനി അന്തരീക്ഷ മലിനീകരണമുണ്ടാക്കാതെ വൈദ്യുതിയിൽ ഓടിത്തുടങ്ങും. വൈദ്യുതിവാഹനങ്ങളുടെ ജില്ലയിലെ ആദ്യ ചാർജിങ് സ്റ്റേഷൻ താഴെ ചൊവ്വയിൽ ഏഴിന് പ്രവർത്തനം തുടങ്ങും. ആദ്യ മൂന്നുമാസത്തേക്ക് സൗജന്യമായാണ് ചാർജിങ്. സ്വയംസേവന (സെൽഫ് സർവീസ്) രീതിയിലാണ് സെന്ററിന്റെ പ്രവർത്തനം. 24 മണിക്കൂറാണ് പ്രവർത്തനം.
സി.സി.ടി.വി. ഉൾപ്പെടെ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.ആദ്യ മൂന്നുമാസത്തെ സൗജന്യ സേവനത്തിനുശേഷം പൂർണമായും ഇന്റർനെറ്റ് മുഖാന്തരമായിരിക്കും പണം ഒടുക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ. മൂന്ന് വ്യത്യസ്തമായ കാറുകൾക്ക് ഒരേസമയം ചാർജ് ചെയ്യാനുള്ള സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളതെന്ന് എക്സിക്യുട്ടീവ് എൻജിനീയർ ഹരീശൻ മൊട്ടമ്മൽ പറഞ്ഞു.
സംസ്ഥാനത്ത് കെ.എസ്.ഇ.ബി.യുടെ കീഴിലുള്ള ആറാമത് ചാർജിങ് സെന്ററാണ് കണ്ണൂരിൽ പ്രവർത്തനം തുടങ്ങുന്നത്. ജില്ലയിലെ രണ്ടാമത്തെ ചാർജിങ് സ്റ്റേഷൻ കൂടുതൽ സൗകര്യങ്ങളോടെ മൂന്നുമാസത്തിനകം കെ.എസ്.ഇ.ബി. പടന്നപ്പാലം സബ്‌സ്റ്റേഷൻ വളപ്പിൽ പ്രവർത്തനം തുടങ്ങും.
നിലവിൽ ജില്ലയിലെ കാറുകളും ഇരുചക്രവാഹനങ്ങളുമുൾപ്പെടെയുള്ള വൈദ്യുതി വാഹനങ്ങൾ ഓടുന്നത് ബാറ്ററി ചാർജിലാണ്. ബാറ്ററിയിൽ ചാർജ് ചെയ്യുന്നതിലും വളരെക്കുറഞ്ഞ സമയം കൊണ്ട് ചാർജിങ് സ്റ്റേഷനിൽനിന്ന് ചാർജ് ചെയ്യാനാവും. വൈദ്യുതി ബോർഡിന് ഇതുവഴി വരുമാനവുമാകും. പെട്രോളടിക്കുന്നതുപോലെ നിമിഷനേരം കൊണ്ട് ചാർജ് ചെയ്ത് പോകാനാവില്ല എന്നതാണ് പ്രധാന ന്യൂനത.
അതുവരെ വാഹനങ്ങൾ നിർത്തിയിടേണ്ടിവരും. ചാർജിങ്ങിന് കൂടുതൽ സമയം ആവശ്യമാകുന്നതിനാൽ ദീർഘദൂരങ്ങളിലേക്കുള്ള ഓട്ടത്തിനും ഇലക്ട്രിക് വാഹനങ്ങൾക്ക് പരിമിതികളുണ്ടാവും. ചാർജിങ് സെന്ററുകളിൽ മതിയായ വാഹന പാർക്കിങ് സൗകര്യവും ഒരുക്കേണ്ടതുണ്ട്. ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ആലോചനകളിലാണ് കെ.എസ്.ഇ.ബി. അധികൃതർ.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഏഴിന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കും. വൈദ്യുതി മന്ത്രി എം.എം.മണി അധ്യക്ഷത വഹിക്കും. സംസ്ഥാനത്ത് 56 കെ.എസ്.ഇ.ബി. കേന്ദ്രങ്ങളിലും 11 അനർട്ട് കേന്ദ്രങ്ങളിലുമാണ് ചാർജിങ് കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുള്ളത്. കണ്ണൂർ ജില്ലയിലെ ആദ്യ ചാർജിങ് കേന്ദ്രം പ്രവർത്തിക്കുക താഴെ ചൊവ്വയിൽ ചൊവ്വ വൈദ്യുതി സെക്‌ഷനിലെ അസി. എൻജിനീയറുടെ ഓഫീസിന് തൊട്ടാണ്.

No comments
Post a Comment