Header Ads

  • Breaking News

    കഥാകൃത്ത്‌ ടിസിവി സതീശൻ നിര്യാതനായി



    പയ്യന്നൂർ :

    കവിയും കഥാകാരനും നോവലിസ്റ്റുമായ അന്നൂർ ആലിങ്കീഴിലെ ടി സി വി സതീശൻ (57) നിര്യാതനായി. വ്യാഴാഴ്ച പുലർച്ചെയോടെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയസ്തംഭനം മൂലമായിരുന്നു മരണം.

    തൻ്റെ കൃതികളിൽ പയ്യന്നൂരിൻ്റെ ഭാഷയും സംസ്കാരവും മിത്തും ചരിത്രവുമെല്ലാം ഇഴചേർത്ത് നടത്തിയ രചനകൾ വായനക്കാരെ ഏറെ ആകർഷിച്ചിരുന്നു. രാത്രിമഴ പെയ്തിറങ്ങുകകയാണ്, ശിവകാശി പടക്കങ്ങൾ തുടങ്ങിയ കഥാസമാഹാരങ്ങളും കുൽസുത്തായുടെ കവിതകൾ, ശൂന്യതയിലേക്കുള്ള നടവഴിയിൽ തണൽമരങ്ങളില്ല തുടങ്ങി നിരവധി കവിതകളും രചിച്ചു.

    പുരോഗമന കലാസാഹിത്യ സംഘം പയ്യന്നൂർ മേഖല കമ്മിറ്റിയംഗമാണ്. പയ്യന്നൂരിലും പരിസരങ്ങളിലും നടക്കുന്ന എല്ലാ സാഹിത്യ സംവാദങ്ങളിലും ആദ്യാവസാനം വരെ സജീവ സാന്നിധ്യമായിരുന്നു. എൽഐസി ഏജൻ്റാണ്.

    പരേതരായ ശേഖര പൊതുവാളുടെയും സരോജിനി അമ്മയുടെയും മകനാണ്. ഭാര്യ: ശ്രീജ. മക്കൾ : തീർഥ (ബാങ്ക് ഓഫ് ഇന്ത്യ, ബംഗളൂരു), സ്വാതി (വിദ്യാർഥിനി). സഹോദരങ്ങൾ: സുലേഖ, രതീശൻ (കച്ചവടം, പയ്യന്നൂർ), സുമേദ, ഹരീഷ് (കച്ചവടം, പയ്യന്നൂർ), പരേതനായ സുരേഷ്.

    No comments

    Post Top Ad

    Post Bottom Ad