പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് തയ്യാറെടുക്കുന്ന കുട്ടികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ Plus one allotment information
Type Here to Get Search Results !

പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് തയ്യാറെടുക്കുന്ന കുട്ടികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ Plus one allotment information

രക്ഷിതാക്കളും കുട്ടികളും  സ്കൂളിൽ വന്ന് ഇപ്രകാരം അന്വേഷിക്കാറുണ്ട്: കുട്ടിയ്ക്ക് 90% മാർക്കുണ്ട്, 75% മാർക്ക് ഉണ്ട് ഈ സ്കൂളിൽ സയൻസിന് അഡ്മിഷൻ കിട്ടുമോ?   അല്ലെങ്കിൽ 5  A+ ഉണ്ട് 8 A+  3 B+ ഉണ്ട് അഡ്മിഷൻ കിട്ടുമോ എന്നെല്ലാം..

 ആദ്യം മനസ്സിലാക്കേണ്ടത്, കുട്ടിയ്ക്ക് കിട്ടിയ ആകെ മാർക്ക് അറിയാത്തിടത്തോളം കാലം കൃത്യമായ ശതമാനം കണക്കാക്കാൻ കഴിയില്ല  എന്നതാണ്.

നമുക്ക് കഴിയുന്നത്, കുട്ടിക്ക് കിട്ടിയ ഗ്രേഡ് മുൻനിർത്തി ഗ്രേഡ് പോയിൻറ് കണക്കാക്കുക എന്നതാണ്.

A+  -9
A    -8
B+  -7
B    -6
C+  -5
C    -4
D+  -3 
ഈ ടേബിൾ പ്രകാരം കുട്ടിയ്ക്ക് കിട്ടിയ ഗ്രേഡുകളെ ഗ്രേഡ് പോയിന്റുകളാക്കി അതിന്റെ മൊത്തം തുക കാണുക- ഇതാണ് TGP (Total Grade Point) അഥവ മൊത്തം ഗ്രേഡ് പോയിന്റ്.

TGP യെ മാത്രം നോക്കി പ്രവേശന സാധ്യത പരിശോധിക്കാൻ കഴിയില്ല. 
TGP യോടൊപ്പം ഗൗരവത്തോടെ വിലയിരുത്തേണ്ട ഒന്നാണ് GSW.

എന്താണ് GSW?
GSW- total Grade value of subjects for which Weigtage is given. (തെരഞ്ഞെടുക്കുന്ന കോമ്പിനേഷന് വെയ്റ്റേജ നൽകുന്ന വിഷയങ്ങൾ).

ഒരു കുട്ടി ഏത് കോമ്പിനേഷൻ ആണോ ആഗ്രഹിക്കുന്നത്, ആ കോമ്പിനേഷന് കിട്ടുന്ന വെയ്റ്റേജ് ഗ്രേഡ് പോയിന്റ് കണക്കാക്കുന്നത് എങ്ങിനെ എന്ന് നോക്കാം. 

ആകെ 46 തരം കോമ്പിനേഷനുകൾ ഉണ്ടെങ്കിലും കുട്ടിക്ക് പോയി വരാവുന്ന ദൂരത്തിലുള്ള ഓരോ സ്കൂളുകളിലും ശരാശരി മൂന്നോ നാലോ കോമ്പിനേഷനുകളേ കാണൂ. അപേക്ഷ സമർപ്പിക്കാൻ പോകുന്നതിന് മുമ്പ് ഇത് രക്ഷിതാക്കളും കുട്ടികളും കൃത്യമായി മനസ്സിലാക്കിയിരിക്കണം.

കോഴ്സ് കോഡ് 01 മുതൽ 09 വരെ സയൻസ് കോമ്പിനേഷൻ ആണെങ്കിലും, കോഡ് 04 മുതൽ 08 വരെയുള്ള കോമ്പിനേഷന് ഫിസിക്സ്, കെമിസ്ട്രി & മാത്തമാറ്റിക്സ് ആണ് വെയ്റ്റേജ് നൽകുന്ന വിഷയങ്ങൾ. 

01, 02, 03 & 09 ബയോ മാത്സ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു. 
ഈ ഗ്രൂപ്പിന്റെ വെയ്റ്റേജ് വിഷയങ്ങൾ മേൽ പറഞ്ഞ വിഷയങ്ങളുടെ കൂടെ ബയോളജിയെ കൂടി പരിഗണിക്കും. (ഫിസിക്സ്, കെമിസ്ട്രി, ബയോളജി & മാത്തമാറ്റിക്സ്)

കോഡ് 10 മുതൽ 29 വരെയും 41,42,43,45,46 ഉം  ആയ ഹ്യൂമാനിറ്റീസ് കോമ്പിനേഷന് വെയ്റ്റേജ് നൽകുന്ന വിഷയം സോഷ്യൽ സയൻസ് മാത്രം ആണ്.
കോഡ് 30 മുതൽ 32 വരെയുള്ള ഹ്യുമാനിറ്റീസ് കോമ്പിനേഷന് *സോഷ്യൽ സയൻസ് & മാത്തമാറ്റിക്സ്* ഉം
കോഡ് 33,34,35 & 44 ന്റെ വെയ്റ്റേജ് വിഷയങ്ങൾ സോഷ്യൽ സയൻസ് & ഇംഗ്ലീഷ് ഉം ആണ്.

കോഡ് 36 മുതൽ 39 വരെയുള്ള കൊമേഴ്സ് കോമ്പിനേഷന് വെയ്റ്റേജ് നൽകുന്ന വിഷയങ്ങൾ മാത്തമാറ്റിക്സ് & സോഷ്യൽ സയൻസ് ആണ്.

ഇപ്രകാരം കുട്ടി തെരഞ്ഞെടുക്കുന്ന കോമ്പിനേഷന് കിട്ടുന്ന വെയ്റ്റേജ് പോയിന്റ് എത്രയെന്ന് തന്റെ മാർക്ക് ലിസ്റ്റ് നോക്കി കണക്കാക്കി വെക്കുക. ഈ തുകയാണ് GSW.

TGP  യെ പോലെ തന്നെ വളരെയധികം പ്രധാനപ്പെട്ടതാണ് GSW. പ്ലസ് വൺ പ്രവേശനത്തിന് GSW നിർണ്ണായകമായൊരു ഘടകമാണെന്ന് ഓർക്കുക.

ചില കുട്ടികളുടെ TGP തുല്യമായിരിക്കാം, പക്ഷെ, GSW തുല്യമായി വന്നോളണം എന്നില്ല. കുട്ടികൾ അവർക്ക് കിട്ടിയ ഗ്രേഡുകൾ ഏതാണ്ട് തുല്യമാണെന്ന് കണ്ട് ഒരേ കോമ്പിനേഷന് അപേക്ഷിച്ച് ചിലർക്ക് കിട്ടുകയും ചിലർക്ക് കിട്ടാതിരിക്കുകയും ചെയ്യുന്നതിന്റെ ഒരു കാരണം ഇതാണ്.

ഇനി B.P. (Bonus Point) എന്താണെന്ന് നോക്കാം

1 : പത്താം തരം കേരള സിലബസിൽ (SSLC) പഠിച്ചവർക്ക് *3* ബോണസ് പോയിൻറ് ലഭിക്കും.

2 : SSLC ക്ക് പഠിച്ചിരുന്ന അതേ സ്‌കൂളിൽ തന്നെ അപേക്ഷിക്കുകയാണെങ്കിൽ *2* ബോണസ് പോയിൻറ് ലഭിക്കും.

3 : താമസിക്കുന്ന അതേ ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ എന്നിവയിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ *2* ബോണസ് പോയിൻറ് ലഭിക്കും.

4 : താമസിക്കുന്ന അതേ താലൂക്കിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ *1* ബോണസ് പോയിൻറ് ലഭിക്കും.

5 : താമസിക്കുന്ന ഗ്രാമപഞ്ചായത്തിൽ ഗവ./എയ്‌ഡഡ്‌ ഹയർ സെക്കണ്ടറി സ്‌കൂൾ ഇല്ലാത്തവർക്ക് താലൂക്കിലെ മറ്റ് സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ  
ബോണസ് പോയിൻറ് ലഭിക്കും.

6 : NCC (75 ശതമാനത്തിൽ കുറയാത്ത ഹാജർ കേഡറ്റിനുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം)., 
സ്കൗട്ട് & ഗൈഡ് (രാഷ്ട്രപതി / രാജ്യ പുരസ്കാർ നേടിയവർ മാത്രം)., 
നീന്തൽ അറിവ് (അപേക്ഷകൻ താമസിക്കുന്ന തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് കീഴിലുള്ള സ്പോർട്സ് കൗൺസിൽ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. സ്പോർട്സ് കൗൺസിൽ രൂപീകരിച്ചിട്ടില്ലാത്ത മേഖലകളിലുള്ളവർ ജില്ല സ്പോർട്സ് കൗൺസിലിന്റെ സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്.(വാർഡ് മെമ്പർ, തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റ്/സെക്രട്ടറി തുടങ്ങിയവർ നൽകുന്ന സർട്ടിഫിക്കറ്റ് പരിഗണിക്കുകയില്ല.
 സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾക്കും 2 ബോണസ് പോയിൻറ് ലഭിക്കും.

7 : കൃത്യനിർവഹണത്തിനിടയിൽ മരണമടഞ്ഞ ജവാൻമാരുടെ മക്കൾക്ക് 5 ബോണസ് പോയിൻറ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)

8 : ജവാൻമാരുടെയും, ആർമി, നേവി, എയർഫോഴ്സ് എന്നിവയിൽ നിന്നുള്ള എക്സ് സർവീസുകാരുടെയും മക്കൾക്ക് 3 ബോണസ് പോയിൻറ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)

ഈ പട്ടിക നോക്കി അപേക്ഷകന് എത്ര BP (ബോണസ് പോയിന്റ്) കിട്ടുമെന്ന് കണക്കാക്കുക.

എന്താണ് MP (Minus Point) ?
SSLC ആദ്യ തവണ പാസായിട്ടില്ലെങ്കിൽ, പാസാവാൻ എടുക്കുന്ന ഓരോ ചാൻസിനും 1 പോയിന്റ് വച്ച് കുറയ്ക്കും.

TS ( Total Subject)
ആകെ വിഷയങ്ങളുടെ എണ്ണമാണിത്. SSLC ക്കാർക്ക് 10 ആണ്.

TSW (Total Subject for Weightage)
തെരഞ്ഞെടുക്കുന്ന കോമ്പിനേഷന്റെ വെയ്റ്റേജ് വിഷയങ്ങളുടെ എണ്ണം ആണിത്.

ഇത് ബയോ മാത്സിന് 4, മറ്റു സയൻസുകൾക്ക് 3, കൊമേഴ്സിന് 2, ഹ്യുമാനിറ്റീസിന് 1 എന്നിങ്ങനെയാണ് വരിക. ( ഹ്യുമാനിറ്റീസ് കോഡ് 33,34,35 & 44 ന്റെ TSW 2 ആണ്.)

ഇനി  അഡ്മിഷന് മാനദണ്ഡമാകുന്ന WGPA കണക്കാക്കുന്നത് എങ്ങിനെ എന്ന് പരിശോധിക്കാം.

WGPA=

TGP+GSW         BP-MP
----------------- + -------------
TS +TSW              10


ഇപ്പോൾ കിട്ടിയ തുകയുടെ ഏഴ് ദശാംശ സ്ഥാനം വരെ എടുക്കുക. ഈ സംഖ്യയാണ് WGPA

WGPA തുല്യമായി വരുമ്പോൾ വിവിധ മാനദണ്ഡങ്ങളെ മുൻ നിർത്തി ടൈ ബ്രേക്കിംഗ് ചെയ്യും.

സയൻസ് കോമ്പിനേഷന്, വെയ്റ്റേജ് വിഷയങ്ങളുടെ ഗ്രേഡ് പോയിന്റ് കുറവാണെങ്കിൽ ഹ്യുമാനിറ്റീസ്/ കൊമേഴ്സ് കോമ്പിനേഷന് വെയ്റ്റേജ് ഉണ്ടോ എന്ന് നോക്കണം. 
എല്ലാ കോമ്പിനേഷനും അതിന്റെ സാധ്യതകൾ ഉണ്ട്. 
സയൻസ് പഠിച്ചാൽ നല്ല ജോലി സാധ്യത ഉണ്ടാകും, ഹ്യുമാനിറ്റീസ് പഠിച്ചാൽ  മെച്ചമുണ്ടാകില്ല എന്നുള്ളതൊക്കെ തെറ്റായ ധാരണകളാണ്. 
അതുപോലെ തന്നെ സയൻസിന് പഠിക്കുന്നത് (അതും ബയോ മാത്സ്) മിടുക്കന്മാരുടെയും കൊമേഴ്സിന് പഠിക്കുന്നത് ഇടത്തരം മിടുക്കന്മാരുടേയും ഹ്യുമാനിറ്റീസിന് പഠിക്കുന്നത് മണ്ടന്മാരുടേയും അടയാളമാണെന്ന് കരുതുന്ന ധാരാളം രക്ഷിതാക്കളും കുട്ടികളും ഉണ്ട്, ഈ വിശ്വാസം ആനമണ്ടത്തരമാണെന്ന് പറയേണ്ടി വരും.  എല്ലാ കോമ്പിനേഷനും മിടുക്കന്മാർക്കുള്ളതാണ്, എല്ലാത്തിനും നല്ല ജോലി സാധ്യത/ഉപരി പഠന സാധ്യതയുണ്ട്, കോഴ്സ് കഴിയുന്ന ആൾ അതിനെ എപ്രകാരം ഉപയോഗപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചാണ് അതിന്റെ സാധ്യത കിടക്കുന്നത്.
ദയവായി മറ്റുള്ളവരുടെ മുന്നിൽ മേനി പറയാൻ വേണ്ടി മാത്രം എടുത്താൽ പൊങ്ങാത്ത കോമ്പിനേഷൻ എടുക്കരുത്, എടുപ്പിക്കരുത്

മറ്റുള്ളവരുടെ മുന്നിൽ ഗമ കാണിക്കുന്നതിനേക്കാൾ വലുതാണ് ഭാവി സുരക്ഷിതമാക്കൽ. 
കുട്ടിയുടെ താല്പര്യം, അഭിരുചി, കപ്പാസിറ്റി ഇതൊക്കെ നോക്കി കൊണ്ടാവണം അനുയോജ്യമായ കോമ്പിനേഷൻ തെടുക്കേണ്ടത്.

ആദ്യ അലോട്ട്മെന്റിൽ തന്നെ അഡ്മിഷൻ കിട്ടുമോ?
അപേക്ഷന് ആദ്യ അലോട്ട്മെന്റിൽ തന്നെ ഇഷ്ടപ്പെട്ട സ്കൂളിലെ ഇഷ്ടപ്പെട്ട കോമ്പിനേഷന് പ്രവേശനം കിട്ടിക്കൊള്ളണമെന്നില്ല, മറ്റു സ്കൂളുകളിലേക്കാണ് അലോട്ട്മെന്റ് വന്നതെങ്കിൽ, അലോട്ട്മെന്റ് പ്രിന്റ് ഔട്ടും ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി പ്രസ്തുത സ്കൂളിൽ ഹാജരായി താൽക്കാലിക അഡ്മിഷൻ എടുക്കുകയും അടുത്ത അലോട്ട്മെന്റ് വരെ കാത്തിരിക്കുകയും ചെയ്യുക. അടുത്ത അലോട്ട്മെന്റിൽ മാറ്റം വന്നാൽ പുതിയ അലോട്ട്മെന്റ്പ്രിന്റ് എടുത്ത് താൽക്കാലിക പ്രവേശനം കിട്ടിയ സ്കൂളിൽ നിന്നും ഒറിജിനൽ സർട്ടിഫിക്കറ്റുകൾ തിരിച്ചു വാങ്ങി പുതിയ സ്കൂളിൽ സ്ഥിരമായി പ്രവേശനം നേടാം. 
ഇതേ പോലെ കോമ്പിനേഷൻ ട്രാൻസ്ഫറിനും അവസരമുണ്ടാകും.

ആയതിനാൽ ആദ്യ അലോട്ട്മെന്റിൽ തന്നെ താൽക്കാലിക അഡ്മിഷൻ എങ്കിലും കിട്ടണമെങ്കിൽ അപേക്ഷയിൽ ധാരാളം ഓപ്ഷനുകൾ കൊടുത്തിരിക്കണം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Join Our Whats App Group