Header Ads

  • Breaking News

    തൃശൂർ പൂരത്തിൻ്റെ വഴിയെ കൊട്ടിയൂർ ഉത്സവവും; പ്രക്കുഴം ചടങ്ങ് പ്രാർഥനാ ദിനമായി ആചരിക്കും


    കണ്ണൂർ: തൃശൂർ പൂരത്തെപ്പോലെ ദക്ഷിണ കാശിയെന്ന് അറിയപ്പെടുന്ന കൊട്ടിയൂർ ശിവക്ഷേത്രത്തിലെ വൈശാഖ മഹോത്സവത്തിനെയും കൊവിഡ് വൈറസ് രോഗം പ്രതികൂലമായി ബാധിച്ചേക്കും. മഴക്കാലത്തിന് തൊട്ടു മുൻപ് ഉത്സവത്തിന്റെ ഭാഗമായി നടത്തേണ്ട ചടങ്ങുകൾ പ്രതീകാത്മകമായി നടത്തുവാനാണ് വടകരയിൽ ചേർന്ന ക്ഷേത്രം ട്രസ്റ്റി യോഗത്തിന്റെ തീരുമാനം.

    കൊട്ടിയൂർ രേവതി മഹോത്സവത്തിന് ഇളനീരുമായി വരേണ്ട നെയ്യമൃത് സംഘങ്ങൾ മടങ്ങൾ കേന്ദ്രീകരിച്ചുള്ള വ്രതാരംഭങ്ങളും മറ്റു ചടങ്ങുകളും തുടങ്ങേണ്ട സമയമാണിത്. എന്നാൽ റെഡ്സോൺ കുരുക്കിൽ നിന്നും ഇനിയും മോചിതമാവാത്ത കണ്ണൂരിൽ ഇതൊന്നും നടക്കാൻ സാധ്യതയില്ല. മെയ് 17 വരെ ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ ആരാധനാലയങ്ങളിൽ ചടങ്ങുകൾ നടത്തുന്നത് ജില്ലാ ഭരണകൂടം നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ ആളുകളെയും മറ്റുള്ള കാര്യങ്ങളെയും ഒഴിവാക്കി തൃശൂർ പൂരം പോലെ കൊട്ടിയൂർ വൈശാഖോത്സവവും പ്രതീകാത്മകമായി നടത്താനാണ് സാധ്യത.

    ഇതിന്റെ ഭാഗമായി ഈ വർഷത്തെ പ്രാരംഭ ചടങ്ങായ പ്രക്കൂഴം മെയ് ഏഴിന് നടക്കും. കൊവിഡ് പ്രതിരോധ നടപടികളുടെ അടിസ്ഥാനത്തിൽ പത്തിൽ താഴെ അടിയന്തിരക്കാർ മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക. നിലവിൽ ഭക്തജനങ്ങൾക്ക് നിരോധനം തുടരുന്ന കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രക്കൂഴം ദിവസവും ഭക്തജനങ്ങൾക്കോ മറ്റു അടിയന്തിരക്കാർക്കോ പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് ദേവസ്വം ചെയർമാൻ അറിയിച്ചു.

    ഇതിനിടെ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിക്കുന്ന പ്രക്കൂഴം ചടങ്ങായ ഏഴിന് കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്തസംഘം പ്രാർഥനാ ദിനമായി ആചരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഉത്സവത്തിന് ഒരു തടസവും ഉണ്ടാവരുതെന്നും കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന നമ്മുടെ ആരോഗ്യപ്രവർത്തകർക്കും മറ്റുള്ളവർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും കൊറോണ ഭീതിയിൽനിന്ന് ലോകം മുക്തമാകട്ടേയെന്ന് മനംനൊന്ത് പ്രാർഥിക്കാനാണ് ദിനാചരണം നടത്തുന്നത്.

    7 ന് ഏഴരക്ക് കുളിച്ച് ശുദ്ധിയായി കുടുംബസമേതം നിലവിളക്കിന്റെ സാന്നിധ്യത്തിൽ കിഴക്കോട്ട് തിരിഞ്ഞു നിന്ന് നെയ്യമൃത്കാരും കുടുംബാംഗങ്ങളും ഭക്തജനങ്ങളും കൂട്ട പ്രാർഥന നടത്തണമെന്ന് ഭക്തസംഘം പ്രസിഡണ്ട് കെ പി ദാമോദരൻ നമ്പ്യാർ, ജനറൽ സെക്രട്ടറി വി സി ശശീന്ദ്രൻ നമ്പ്യാർ, കൊട്ടിയൂർ ക്ഷേത്രം അടിയന്തിര നിർവഹണ സമിതി ജനറൽ സെക്രട്ടറി കെ വി പരമേശ്വരൻ നമ്പീശൻ എന്നിവർ അറിയിച്ചു.

    The post തൃശൂർ പൂരത്തിൻ്റെ വഴിയെ കൊട്ടിയൂർ ഉത്സവവും; പ്രക്കുഴം ചടങ്ങ് പ്രാർഥനാ ദിനമായി ആചരിക്കും appeared first on Live Kannur.

    No comments

    Post Top Ad

    Post Bottom Ad