Header Ads

  • Breaking News

    വീട്ടിലിരിക്കാം; അല്ലെങ്കിൽ ജയിലിൽ പോകാം: മുഖ്യമന്ത്രി


    നിരീക്ഷണത്തിൽ കഴിയുന്നവർ നിയന്ത്രണം ലംഘിച്ചാൽ അറസ്റ്റും കനത്ത പിഴയും ഉണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇവരുടെ ഫോൺ നമ്പരുകൾ മൊബൈൽ കമ്പനികളുടെ സഹായത്തോടെ നിരീക്ഷിക്കും. ടവർ ലൊക്കേഷനിൽ നിന്ന് മാറുന്നുണ്ടോയെന്നു കണ്ടെത്തും.

    നിരീക്ഷണത്തിൽ കഴിയുന്നവരുടെ പട്ടികയും നിയന്ത്രണം ലംഘിച്ചാൽ പരാതിപ്പെടാനുള്ള ഫോൺ നമ്പരും അയൽക്കാർക്കു നൽകും. രോഗ വ്യാപനത്തിനെതിരെ കേന്ദ്രസർക്കാർ വിട്ടുവീഴ്ചയില്ലാത്ത നിലാപാടാണു സ്വീകരിക്കുന്നത്. അതേ നയം കേരളവും പിന്തുടരുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

    ∙ സംസ്ഥാനത്ത് ഒരിടത്തും ആൾക്കൂട്ടം അനുവദിക്കില്ല. വേണ്ടിവന്നാൽ 144 പ്രഖ്യാപനം ഉൾപ്പെടെയുള്ള നടപടികൾ  കലക്ടർമാർക്കു സ്വീകരിക്കാം. 

    ∙ വിദേശത്തുനിന്നു വന്നവരും ഉംറ കഴിഞ്ഞ് എത്തിയവരും ജില്ലാ ഭരണകേന്ദ്രത്തെ വിവരം അറിയിക്കണം. സമീപവാസികൾക്കും അക്കാര്യം അധികൃതരെ ബോധ്യപ്പെടുത്താം. സ്വയം അറിയിക്കാത്തവർക്കെതിരെ കർശന നടപടി.

    ∙ ഇതരസംസ്ഥാന തൊഴിലാളികളെ പ്രത്യേക ക്യാംപുകളിലേക്കു മാറ്റും. വൈദ്യപരിശോധനയ്ക്കൊപ്പം ഭക്ഷണവും ഉറപ്പാക്കും. കരാറുകാരെ സർക്കാർ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കാളിയാക്കാമെന്നു ജില്ല കലക്ടർമാർക്കു തീരുമാനിക്കാം.

    ∙ ഓരോ ജില്ലയിലും കോവിഡ് ആശുപത്രികൾ. 

    ∙ വിമാന യാത്രക്കാരെ പ്രത്യേകം സജ്ജീകരിച്ച ഐസലേഷൻ സെന്ററുകളിൽ പാർപ്പിക്കും. നിരീക്ഷണത്തിൽ കഴിയുന്നവർക്കും  കുടുംബങ്ങൾക്കും ഭക്ഷണം ഇല്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങൾ വീടുകളിൽ എത്തിക്കും.

    കറൻസിയും നാണയവും അണുവിമുക്തം
    കറൻസിയും നാണയങ്ങളും അണുവിമുക്തമാക്കും. ധനകാര്യ സ്ഥാപനങ്ങളുമായി ആലോചിച്ച് ഇതിനുള്ള നടപടിയെടുക്കും. ഇക്കാര്യം റിസർബാങ്കിന്റെ ശ്രദ്ധയിൽ പെടുത്തും.

    പണപ്പിരിവ് വേണ്ട
    മൈക്രോ ഫിനാൻസ് , സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ  തുടങ്ങിയവ ഇടപാടുകാരിൽ നിന്ന്  പണം പിരിക്കുന്നത്  രണ്ടു മാസത്തേക്ക് നിർത്തിവയ്ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

    കിട്ടാനുള്ള പണത്തിന് പേരിൽ  കലക്‌ഷൻ ഏജന്റുമാർ വീടുകളിൽ കയറിയിറങ്ങി സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ  ശല്യം ചെയ്യരുത്.

    ലോക്ക്ഡൗൺ: പൂർണ അടച്ചുപൂട്ടൽ
    ജനങ്ങളുടെ സഞ്ചാരത്തിനു നിയന്ത്രണം ഏർപ്പെടുത്തുന്ന അടിയന്തര പെരുമാറ്റച്ചട്ടമാണ് ലോക്ക്ഡൗൺ. എന്നാൽ അവശ്യസാധനങ്ങളുടെ വിതരണത്തെയും അവശ്യസേവന ലഭ്യതയെയും ഇതു ബാധിക്കില്ല. ആശുപത്രി, ബാങ്ക്, മാധ്യമങ്ങൾ, കുടിവെള്ളം തുടങ്ങിയ സേവനങ്ങൾക്കു നിയന്ത്രണമില്ല.

    സ്വകാര്യബസുകളടക്കമുള്ള പൊതുഗതാഗത സംവിധാനം ഉണ്ടാകില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കില്ല, മതപരമായ ചടങ്ങുകൾക്കു വിലക്ക്, ഹോട്ടൽ, പാർക്ക്, സിനിമശാലകൾ തുടങ്ങിയവ അടഞ്ഞു കിടക്കും. അവശ്യവിഭാഗത്തിൽ പെടുന്നവരുടെ സ്വകാര്യ/കോൺട്രാക്ട് വാഹനങ്ങൾക്ക് പാസ് നൽകും. നിയന്ത്രണങ്ങളോടെ ഓട്ടോ, ടാക്സി അനുവദിക്കും.

    No comments

    Post Top Ad

    Post Bottom Ad