Header Ads

  • Breaking News

    കണ്ണൂർ ജില്ലയിൽ നിരീക്ഷണത്തിൽ 847 പേര്‍



    കണ്ണൂർ:
    847 പേർ ഐസൊലേഷനിലും നിരീക്ഷണത്തിലും. 821 പേർ വീടുകളിലാണ്‌. 26 പേർ ആശുപത്രികളിലും. 17 പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലാണ്‌. 6 പേർ കണ്ണൂർ ജില്ലാ ആശുപത്രിയിലും 3 പേർ തലശ്ശേരി ജനറൽ ആശുപത്രിയിലും. ഇതുവരെയായി 108  സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ  ഒരെണ്ണത്തിന്റെ ഫലം പോസിറ്റീവും (നിലവിൽ നെഗറ്റീവ്‌) 95 എണ്ണത്തിന്റെ ഫലം നെഗറ്റീവുമാണ്. 12 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. നേരത്തെ കോവിഡ്‌ സ്ഥിരീകരിച്ച പെരിങ്ങോം സ്വദേശിയുടെ മൂന്നാം പരിശോധനാ ഫലവും നെഗറ്റീവാണ്‌. ഇയാളുമായി സമ്പർക്കം പുലർത്തിയ ആർക്കും ഇതുവരെ രോഗലക്ഷണങ്ങൾ ഇല്ലാത്തതും ആരോഗ്യപ്രവർത്തകരിൽ ആശ്വാസം പകരുന്നു. ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ ഫലം കണ്ടുവെന്നതിന്റെ സൂചനയായി ഇയാളുടെ അമ്മയുടെയും ഭാര്യയുടെയും മകന്റെയും പരിശോധനാഫലവും നെഗറ്റീവായിരുന്നു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി റെയിൽവെ സ്‌റ്റേഷനുകളിലും ജില്ലാ അതിർത്തികളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്‌. ഹോം ഐസൊലേഷനിൽ കഴിയുന്നവരുടെ വിവരങ്ങൾ പൊലീസിനും കൈമാറും. ഇവർ കൃത്യമായി ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്താനാണിത്‌. വിദേശരാജ്യങ്ങളിൽനിന്നെത്തിയവർ പുറത്തിറങ്ങുന്നതിൽ നാട്ടുകാർ എതിർപ്പുമായി എത്തുന്നത്‌ ശ്രദ്ധയിൽപെട്ടതോടെയാണ്‌ കർശന നീരീക്ഷണത്തിന്‌ നിർദേശം നൽകിയത്‌.    വിവിധ റെയിൽവെ സ്‌റ്റേഷനുകളിൽ പരിശോധനക്കുശേഷം 122 പേരെയാണ്‌ വീടുകളിൽ ഐസൊലേഷനും 22പേരെ യാത്ര ഒഴിവാക്കാനും നിർദേശിച്ചുവിട്ടത്‌. കൂട്ടുപുഴ ചെക്‌പോസ്റ്റ് വഴി എത്തിയ 6000 പേരെ പരിശോധിച്ചതിൽ രണ്ടുപേരെ ഹോം ഐസൊലേഷനിലാക്കിയിട്ടുണ്ട്‌. വിദേശസഞ്ചാരികൾക്കും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്‌. കഴിഞ്ഞ ദിവസങ്ങളിൽ വിദേശ സഞ്ചാരികളുടെ യാത്രയിലും മറ്റും ചില പ്രശ്‌നങ്ങൾ ഉയർന്നതോടെയാണിത്‌. ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാൻ പൊലീസിനും ഡിടിപിസിക്കുമാണ്‌ ചുമതല നൽകിയത്‌.    കണ്ണൂർ വിമാനത്താവളത്തിലും പരിശോധന കർശനമാക്കിയിട്ടുണ്ട്‌.  ഇൻഫ്രാറെഡ‌് തെർമോമീറ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ സഹായത്തോടെയാണ‌് പരിശോധന. ജില്ലയിലെങ്ങും ബോധവൽക്കരണപ്രവർത്തനങ്ങളും സജീവമാക്കി.

    No comments

    Post Top Ad

    Post Bottom Ad