Header Ads

  • Breaking News

    മാനേജ്മെൻ്റിന്‍റെ വീഴ്ച; വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി



    കൊച്ചി: മാനേജ്മെൻ്റിന്‍റെ വീഴ്ച കാരണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയെഴുതാൻ കഴിയാതെ പോയ അരൂജ സ്കൂളിലെ കുട്ടികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. പരീക്ഷയെഴുതാൻ അനുമതി തേടിക്കൊണ്ടുള്ള തോപ്പുംപടി അരൂജ സ്കൂളിലെ 28 വിദ്യാർത്ഥികളുടെ ആവശ്യം ഹൈക്കോടതി തള്ളി. 24 മുതൽ തുടങ്ങിയ പരീക്ഷ എഴുതാൻ അനുവദിക്കണം എന്നായിരുന്നു ആവശ്യം. എന്നാൽ വിദ്യാർത്ഥികളുടെ ഹർജി നിലനിൽക്കും, പ്രധാന ആവശ്യം മാത്രമാണ് തള്ളപ്പെട്ടത്. വിദ്യാർത്ഥികളുടെ ഹർജി മാനേജ്മെൻ്റ് നൽകിയ ഹ‍ർജിയോടൊപ്പം ബുധനാഴ്ച പരിഗണിക്കും. 

    വിദ്യാർഥികൾക്ക് ഒരു വർ‍ഷം നഷ്ടപ്പെടാതിരിക്കാൻ എന്തുചെയ്യാനാകുമെന്ന് ബുധനാഴ്ച അറിയിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് നേരത്തെ കേസ് പരിഗണിച്ചപ്പോൾ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച ഇക്കാര്യത്തിൽ ഇത് വരെ സ്വീകരിച്ച നടപടികൾ അടക്കം വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം നൽകാനും സിബിഎസ്ഇയോട് സിംഗിൾ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.

    24-ാം തീയ്യതി ആരംഭിച്ച സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയെഴുതാനെത്തിയപ്പോൾ മാത്രമാണ് പരീക്ഷയെഴുതാനാകില്ലെന്ന യാഥാർത്ഥ്യം കുട്ടികൾക്ക് അറിയാനായത്. വിഷയത്തിൽ സിബിഎസ്ഇയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നാടെങ്ങും സ്കൂളുകൾ തുറന്നിട്ട് വിദ്യാർഥികളെ ചൂഷണം ചെയ്യാൻ ലാഭക്കൊതിയൻമാർക്ക് എറിഞ്ഞുകൊടുത്തിരിക്കുകയാണെന്നായിരുന്നു സിംഗിൾ ബെഞ്ച് വിമർശനം. 

    സിബിഎസ്ഇ റീജിയണൽ ഡയറക്ടർ സച്ചിൻ ധാക്കൂറിനെ വിളിച്ചുവരുത്തിയായിരുന്നു സിംഗിൾ ബെഞ്ചിന്‍റെ വിമർശനം. അംഗീകാരമില്ലാത്തെ സ്കൂളുകൾക്കെതിരെ എന്തുകൊണ്ടാണ് സിബിഎസ്ഇ നടപടിയെടുക്കാത്തതെന്ന് അന്ന് കോടതി ചോദിച്ചിരുന്നു. കുറച്ചുകൂടി ഉത്തരവാദിത്വം സിബിഎസ്ഇ കാണിക്കണമെന്നും. നാടെങ്ങും തോന്നിതയുപോലെ സ്കൂൾ തുടങ്ങിയിട്ട് പിന്നീട് ആ വഴിക്ക് തിരിഞ്ഞ് നോക്കില്ലെന്നും. ഇത് അനുവദിക്കാൻ പറ്റില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കോടതിക്കുമുന്നിലും ഒളിച്ചുകളിക്കാനാണ് സിബിഎസ്ഇയുടെ ഭാവമെങ്കിൽ വെറുതെവിടില്ലെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.

    No comments

    Post Top Ad

    Post Bottom Ad