Header Ads

  • Breaking News

    ചരിത്ര വിജയമാവാന്‍ വനിതാ മതില്‍; ഗിന്നസ് റെക്കോര്‍ഡ് നിരീക്ഷണത്തിനായി സംഘമെത്തി


    നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി പുതുവര്‍ഷ പിറവിയില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന വനിതാമതില്‍ ചരിത്രമാക്കാന്‍ അവസാനഘട്ട ഒരുക്കത്തിലാണ് സംഘാടകര്‍. ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും അവലോകന യോഗങ്ങള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുമ്പോള്‍ കണക്ക് കൂട്ടിയതിനേക്കാള്‍ വനിതകള്‍ പരിപാടിയില്‍ അണിനിരക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. പിന്തുണയര്‍പ്പിച്ച് പുരുഷന്‍മാരും മതിലിന് പിന്നില്‍ അണിനിരക്കുമ്പോള്‍ പരിപാടി ചരിത്രമാവുമെന്ന വിലയിരുത്തലിലാണ് ബന്ധപ്പെട്ടവര്‍.

    കോഴിക്കോട് ജില്ലയില്‍ മാത്രം 76 കിലോമീറ്റര്‍ ദൂരത്തില്‍ ഉയരുന്ന വനിതാ മതിലില്‍ മൂന്ന് ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ തിങ്കളാഴ്ച ചൂണ്ടിക്കാട്ടി. കോഴിക്കോട് ജില്ലയ്ക്ക് പുറമെ വയനാട്ടില്‍ നിന്നുള്ള വനിതകളും ജില്ലയിലെ ദേശീയ പാതയില്‍ മതില്‍ തീര്‍ക്കാന്‍ എത്തുമെന്നും കളക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു.


    കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള 620 കിലോമീറ്ററില്‍ മതില്‍ തീര്‍ക്കുമ്പോള്‍ ഗിന്നസ് റെക്കോര്‍ഡ് നിരീക്ഷണത്തിനായി യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറവും കേരളത്തിലെത്തിയിട്ടുണ്ട്. വൈകുന്നേരം 3.45 ന് ട്രയല്‍ മതില്‍ തീര്‍ത്ത് നാല് മണിക്കായിരിക്കും മതില്‍ സൃഷ്ടിക്കുക. അവസാന ഘട്ട ഒരുക്കങ്ങള്‍ നിരീക്ഷിക്കാനായി ഇടതുപക്ഷ ജനധിപത്യ മുന്നണിയുടെ വനിതാ സംഘടനകളുടെ നേതൃത്വത്തിലും പലയിടങ്ങളിലും യോഗങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.

    വിവിധ മേഖലകളിലുള്ള ആളുകളെ മതിലിന്റെ ഭാഗമാക്കുമെന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന യോഗത്തിന് ശേഷം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍(എ.ഐ.ഡി.ഡബ്ലൂ.എ) സംസ്ഥാന സെക്രട്ടറി അഡ്വ. പി.സതീദേവി അറിയിച്ചു. കാസര്‍കോട് മന്ത്രി കെ.കെ ശൈലജ, കണ്ണൂരില്‍ പി.കെ ശ്രീമതി എം.പി, കോഴിക്കോട് കെ.അജിത, സി.കെ ജാനു, പി.വത്സല, കെ.പി സുധീര, മലപ്പുറത്ത് ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ സെക്രട്ടറി മറിയം ദവ്‌ള, പാലക്കാട് കെ.എസ് സലീഖ, തൃശ്ശൂരില്‍ ആര്‍.ബിന്ദു, ആലപ്പുഴയില്‍ ടി.എസ് സുജാത, കൊച്ചിയില്‍ എം.സി ജോസഫൈന്‍, കൊല്ലത്ത് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ, തിരുവന്തപുരത്ത് വൃന്ദ കാരാട്ട്, ആനി രാജ എന്നിവരും മതിലിന്റെ ഭാഗമാകും.

    മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും കുടുംബാംഗങ്ങളും, വി.എസ് അച്യുതാനന്ദന്റെ ഭാര്യ വസുമതിയും തിരുവനന്തപുരത്ത് അണിചേരും. കായിക താരങ്ങളായ മേഴ്‌സിക്കുട്ടന്‍, പ്രീജ ശ്രീധരന്‍, കെ.വി ലേഖ എന്നിവരും മതിലില്‍ പങ്കെടുക്കുമെന്ന് ഇടതുപക്ഷ ജനാധിപത്യ മഹിളാ മുന്നണി അറിയിച്ചു.

    ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ വലിയ തോതില്‍ തെരുവിലേക്കിറങ്ങിയതാണ് വനിതാ മതില്‍ എന്ന ആശയത്തിന് വഴിയൊരുക്കിയത്. ശബരിമലയാണ് മതിലിന് അടിസ്ഥാനമെന്നം എന്നാൽ വിശാല അടിസ്ഥാനത്തിനുള്ള സ്ത്രീശാക്തീകരണമാണ് ലക്ഷ്യം വെക്കുന്നതെന്നും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കി കഴിഞ്ഞു.

    ഹൈന്ദവ  വിശ്വാസികളായ സ്ത്രീകളാണ് വലിയ തോതില്‍ വിശ്വാസത്തിന്റെ പേരില്‍ ദുരാചാരത്തിന് ഇരയാവുന്നത് എന്നത് കൊണ്ടാണ് ഹൈന്ദവസംഘടനാ നേതാക്കളെ വനിതാ മതിലിന്റെ വിജയത്തിനായി നിയോഗിച്ചതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എതായാലും പുതുവര്‍ഷത്തിലെ വനിതാ മതില്‍ സംഘാടകര്‍ കരുതിയത് പോലെ വിജയിക്കുകയാണെങ്കില്‍ സി.പി.എം നേതൃത്വത്തിന്റെ സംഘാടന മികവിന്റെ വിജയം കൂടിയായിരിക്കും അത്.

    ചുരുങ്ങിയത് മൂന്ന് കിലോമീറ്റര്‍ ദൂരമാണ് ഓരോ ഏരിയാ കമ്മിറ്റികളും മതിലിനായി അണിനിരത്താനുള്ള വനിതകളെ എത്തിക്കേണ്ടത്. ചിലയിടങ്ങളില്‍ അക്രമസാധ്യതയടക്കം ഇന്റലിജന്‍സ് വിങ് മുന്നറിയിപ്പ് നല്‍കിയതോടെ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും ഇവിടങ്ങളില്‍ ഒരുക്കുന്നുണ്ട്.

    No comments

    Post Top Ad

    Post Bottom Ad