സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: 2026-2027 അധ്യയന വര്‍ഷത്തെ സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകളുടെ തിയ്യതികള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 16-നാണ് ഇരുവിഭാഗങ്ങളിലെയും പരീക്ഷകള്‍ ആരംഭിക്കുക. എല്ലാ പരീക്ഷകളും രാവിലെ 10.30-ന് തുടങ്ങും. പത്താം ക്ലാസ് പരീക്ഷകള്‍ മാര്‍ച്ച് ഒന്‍പതിന് അവസാനിക്കുമ്പോള്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ ഏപ്രില്‍ ഒന്‍പത് വരെ നീളും. കേന്ദ്ര സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡാണ് (സിബിഎസ്ഇ) വെള്ളിയാഴ്ച പരീക്ഷാ തിയ്യതികള്‍ പുറത്തുവിട്ടത്. പ്രായോഗിക പരീക്ഷകളുടെയും ആഭ്യന്തര മൂല്യനിര്‍ണയത്തിന്റെയും സമയക്രമം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബോര്‍ഡ് വാര്‍ഷിക പരീക്ഷാ തിയ്യതികളും പുറത്തുവിട്ടത്.
2026-27 അധ്യയന വര്‍ഷത്തെ പ്രായോഗിക പരീക്ഷകളും ആഭ്യന്തര മൂല്യനിര്‍ണയവും 2027 ജനുവരി ഒന്നിന് ആരംഭിക്കും. ഇന്ത്യയിലെയും വിദേശത്തെയും സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് ഈ സമയക്രമം ബാധകമാണ്. എന്നാല്‍ ശൈത്യകാലം രൂക്ഷമായ പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്ക് പ്രത്യേക സമയക്രമമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത്തരം സ്‌കൂളുകളിലെ പ്രായോഗിക പരീക്ഷകള്‍ 2026 നവംബര്‍ ഒന്‍പത് മുതല്‍ ഡിസംബര്‍ 19 വരെയാണ് നടത്തുക. 2027-ലെ ബോര്‍ഡ് പരീക്ഷകള്‍ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ഇതോടെ സ്‌കൂളുകളില്‍ ആരംഭിക്കും.
No comments
Post a Comment