തെരുവുനായ നിയന്ത്രണം ജില്ലയില്‍ പാളി; താത്കാലിക ഷെല്‍ട്ടറുകള്‍ ഒരുങ്ങിയില്ല
ജില്ലയില്‍ ഒരിടവേളയക്ക് ശേഷം ജനങ്ങളെ ഭീതിയിലാക്കി തെരുവുനായ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പാനൂർ മേഖലയിലടക്കം നിരവധി പേർക്ക് കടിയേറ്റു.കൂട്ടമായെത്തുന്ന നായകള്‍ വീടുകളുടെ വരാന്തകളില്‍ പോലും കയറി ആളുകളെ ആക്രമിക്കുകയാണ്. തിരക്കേറിയ നഗരങ്ങളില്‍ പോലും തെരുവുനായകള്‍ കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. 2019ല്‍ നടത്തിയ സെൻസസ് പ്രകാരം ജില്ലയില്‍ 23,666 തെരുവുനായകളുണ്ടെന്നാണ് കണ്ടെത്തല്‍. ഇപ്പോള്‍ ഇതിന്റെ എണ്ണം ഇരട്ടിയിലേറെയായിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. കഴിഞ്ഞ ആറുവർഷത്തിനിടെ ജില്ലയില്‍ 75,199 പേർക്കാണ് തെരുവുനായകളുടെ കടിയേറ്റത്. 2020ല്‍ 3998 പേരാണ് കടിയേറ്റ് ചികിത്സ തേടിയതെങ്കില്‍ 2024ല്‍ അത് 15,148 ആയി വർധിച്ചു. കഴിഞ്ഞവർഷം ഡിസംബർ വരെ 20,000 ഓളം പേർക്കാണ് കടിയേറ്റത്.
നേരത്തെ തെരുവുനായ ശല്യം രൂക്ഷമായപ്പോള്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തെരുവു നായകളെ പിടികൂടി വന്ധ്യംകരണം (എബിസി) നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പലയിടങ്ങളിലും നടപടി പ്രഖ്യാപനത്തില്‍ മാത്രമായി ഒതുങ്ങുകയായിരുന്നു. ഇക്കാലയളവിനുള്ളില്‍ തെരുവുനായകള്‍ പെറ്റുപെരുകി എണ്ണം ഗണ്യമായി കൂടിയിട്ടുമുണ്ട്. തെരുവുനായ ഭീഷണി രൂക്ഷമായ പ്രദേശത്ത് നിന്ന് നായകളെ പിടികൂടി താത്കാലിക ഷെല്‍ട്ടറുകളില്‍ പുനരധിവസിപ്പിക്കണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും ഇതും ഫലപ്രദമായി നടപ്പാക്കാനായിട്ടില്ല. താത്കാലിക ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുന്നതില്‍ പ്രാദേശികമായി ഉയർന്ന എതിർപ്പുകളാണ് ഇതിനു പ്രധാന തടസമായത്. കൂടാതെ നൂറുകണക്കിന് നായകളെ ഒരു കേന്ദ്രത്തില്‍ പാർപ്പിക്കുന്നത് പ്രായോഗികമല്ലെന്ന അഭിപ്രായം ഉയർന്നതും പദ്ധതി നടപ്പാക്കല്‍ വൈകിക്കാൻ ഇടയാക്കി.എബിസി പദ്ധതി ഫലപ്രദമായി നടപ്പാക്കാൻ കഴിയാത്തതാണ് തെരുവുനായകളുടെ എണ്ണം ഗണ്യമായി വർധിക്കാൻ ഇടയാക്കുന്നത്.
സംസ്ഥാനത്ത് നിലവില്‍ 19 എബിസി കേന്ദ്രങ്ങളുണ്ട്. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളില്‍ എബിസി പദ്ധതി വിപുലമായ രീതിയില്‍ നടപ്പാക്കാൻ നടത്തിയ ശ്രമവും പ്രദേശിക എതിർപ്പു കാരണം സ്തംഭിച്ചു. വിവിധയിടങ്ങളില്‍ നിന്ന് പിടികൂടുന്ന നായകളെ എബിസി കേന്ദ്രങ്ങളിലെത്തിച്ച് വന്ധ്യംകരണം നടത്തിയ ശേഷം ചികിത്സ നല്കി പിടികൂടിയ സ്ഥലത്തു തന്നെ വിടണമെന്നാണ് നിബന്ധന. നായകളെ പിടികൂടാൻ ആളുകളെ കിട്ടാനില്ലാത്തതും പദ്ധതികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
No comments
Post a Comment