വീട്ടിൽ കഞ്ചാവ് വിൽപ്പന; യുവാവ് പിടിയിൽ
തളിപ്പറമ്പ: പറശ്ശിനിക്കടവിൽ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചുവെച്ച് ചില്ലറ വിൽപ്പന നടത്തിവന്ന യുവാവ് പൊലീസിന്റെ പിടിയിലായി. പറശ്ശിനിക്കടവ് കോൾമൊട്ടയിലെ കുണ്ടത്തിൽ വീട്ടിൽ എ.വി. ഉണ്ണികൃഷ്ണന്റെ മകൻ എ.വി. അശ്വിൻ (28) ആണ് പിടിയിലായത്. തളിപ്പറമ്പ് എസ്.ഐ യു.എച്ച്. അസ്കർബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതി വലയിലായത്
അമ്മൂമ്മയുടെ വീട്ടിൽ തനിച്ച് താമസിച്ചുവരികയായിരുന്ന അശ്വിൻ വീട് കേന്ദ്രീകരിച്ച് ലഹരിവില്പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിൽ പൂജാമുറിയിലെ നിലവിളക്ക് വെയ്ക്കാൻ നിർമ്മിച്ച തട്ടിന് മുകളിൽ ഒളിപ്പിച്ചുവെച്ച നിലയിൽ 700 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇതിനുപുറമെ കഞ്ചാവ് ചില്ലറയായി വിൽപ്പന നടത്തി ലഭിച്ചതെന്ന് കരുതുന്ന 25,800 രൂപയും പൊലീസ് സംഘം പിടിച്ചെടുത്തു. പിടിയിലായ അശ്വിൻ നേരത്തെയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് തളിപ്പറമ്പ് പൊലീസ് വ്യക്തമാക്കി
No comments
Post a Comment