Header Ads

  • Breaking News

    സംസ്ഥാനത്ത് മഴക്കെടുതിയിൽ ആറ് മരണം; വെള്ളപ്പൊക്ക സാധ്യത പ്രദേശങ്ങളിൽ ജാഗ്രത നിർദേശം


    മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് അഞ്ച് മരണം. ഇടുക്കി വട്ടവട കൊട്ടക്കമ്പൂരിൽ വെള്ളപ്പാച്ചിലിൽ ഷെഡ്ഡ് തകർന്ന് രണ്ടു പേർ മരിച്ചു. മലപ്പുറം പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചിലിൽ പെട്ട് രണ്ട് പേരും കോട്ടയത്ത് മണ്ണിടിഞ്ഞുവീണ് സ്കൂട്ടർ യാത്രക്കാരിയും മരിച്ചു. ഇടുക്കി വട്ടവട കൊട്ടക്കമ്പൂരിൽ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. കൃഷി സ്ഥലത്ത് വിശ്രമത്തിനായി നിർമ്മിച്ച ഷെഡ് വെള്ളപ്പാച്ചിലിൽ തകരുകയായിരുന്നു. ബാലകൃഷ്ണൻ പെരുമാൾ, ബന്ധുവായ ചിന്നു എന്നിവരാണ് മരിച്ചത്. വൈദ്യുതാഘാതം ഏറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മാളിനെ പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.

    മലപ്പുറം പൂക്കോട്ടുംപാടം ടി.കെ കോളനി കോട്ടപ്പുഴയിൽ നാല് പേരാണ് ഒഴുക്കിൽപ്പെട്ടത്. രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്. കോട്ടയം ഈരാറ്റുപേട്ട വാഗമൺ റൂട്ടിൽ തീക്കോയ്ക്ക് സമീപം വേലത്തുശ്ശേരിയിൽ സ്കൂട്ടറിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് തമിഴ്നാട് സ്വദേശിനി മരിച്ചു. ചെന്നൈ ജവഹർ നഗർ സ്വദേശിനി സംഗീത അരുൾ ലാൽ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു യുവതിക്ക് പരുക്കുണ്ട്. കോട്ടയം മംഗളഗിരിയിൽ രണ്ടു വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു.

    പൂഞ്ഞാർ തെക്കേക്കര പെരിങ്ങളത്തും വീടിനു മുകളിൽ മണ്ണിടിഞ്ഞുവീണ് ഗൃഹനാഥൻ മരിച്ചു. ചേലകാട്ട് വീട്ടിൽ ജോസഫ് (അപ്പച്ചൻ–80) ആണ് മരിച്ചത്. മണ്ണിനടിയിൽപ്പെട്ട ജോസഫിന്റെ മക്കളായ ജിമ്മി (36), ഡെന്നീസ് (32) എന്നിവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് വീടുകളും ഒറ്റപ്പെട്ട നിലയിലായി.

    കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴയാണ്. വാഗമൺ കാരികാട് മേഖലയിലും തീക്കോയി മേഖലയിലും മണ്ണിടിച്ചിലുണ്ടായി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വാഗമൺ–ഈരാറ്റുപേട്ട റോഡിൽ ഗതാഗതം ഒഴിവാക്കാൻ നിർദേശമുണ്ട്. വെള്ളപ്പൊക്ക സാധ്യത പ്രദേശങ്ങളിലുള്ളവർക്ക് ജാഗ്രത നിർദേശം നൽകി.

    No comments

    Post Top Ad

    Post Bottom Ad