Header Ads

  • Breaking News

    വളപട്ടണം പാലത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം; പാലം കടക്കാൻ യാത്രക്കാർക്ക് പെടാപ്പാട്

    കണ്ണൂർ: പാപ്പിനിശ്ശേരിയിലെ ഗതാഗതക്കുരുക്കിന് പിന്നാലെ വളപട്ടണം പാലത്തിലും പതിവാകുകയാണ് യാത്രാദുരിതം. ഇന്നലെ പുലർച്ചെ യന്ത്രത്തകരാറിനെ തുടർന്ന് പാലത്തിന് നടുവിൽ ചരക്ക് ലോറി കുടുങ്ങിയതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്.

    കണ്ണൂർ–തളിപ്പറമ്പ് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടതോടെ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. നീറ്റ് പി.ജി പരീക്ഷയ്ക്ക് പോകുകയായിരുന്നവരും കുരുക്കിൽപ്പെട്ടതായി പരാതിയുണ്ട്. ചെറുകുന്നിലെയും മാങ്ങാട്ടുപറമ്പിലെയും പരീക്ഷാകേന്ദ്രങ്ങളിലേക്ക് പോകേണ്ട ചിലർ പാലത്തിൽ നിന്ന് ഇറങ്ങി മറ്റു വാഹനങ്ങളിൽ യാത്ര തുടർന്നു.

    വളപട്ടണം പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചെങ്കിലും മണിക്കൂറുകൾ എടുത്താണ് കുരുക്ക് കുറഞ്ഞത്. രാവിലെ 8.30ഓടെ ലോറി നീക്കം ചെയ്തതോടെ ഗതാഗതം ഭാഗികമായി സുഗമമായി. എന്നാൽ ഉച്ചയോടെ വീണ്ടും പാലത്തിലും സമീപപ്രദേശങ്ങളിലും വാഹനങ്ങളുടെ നീണ്ടനിര അനുഭവപ്പെട്ടു.

    പാലത്തിന്റെ മേൽപ്പാളിയിലെ തകർച്ച മൂലം രൂപപ്പെട്ട കുഴികളും വാഹനങ്ങൾ നിയന്ത്രണമില്ലാതെ മറികടന്ന് മുന്നിലേക്ക് കയറുന്നതും ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നതായി യാത്രക്കാർ പറയുന്നു.

    നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന വളപട്ടണം പാലത്തിൽ തകർച്ച ഉണ്ടായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി വൈകുന്നതിൽ പ്രതിഷേധവും ശക്തമാണ്. മഴ മാറിയാൽ ടാറിങ് നടത്തുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.

    No comments

    Post Top Ad

    Post Bottom Ad