വൈദ്യുതി ബില്ലിൽ വീണ്ടും അധികഭാരം; കെ.എസ്.ഇ.ബി.യുടെ മുൻകാല നഷ്ടം നികത്താൻ 4 വർഷം സർച്ചാർജ് ഈടാക്കാൻ നീക്കം
*തിരുവനന്തപുരം* : കെ.എസ്.ഇ.ബി.യുടെ മുൻകാല വൈദ്യുതി നഷ്ടം നികത്തുന്നതിനായി ഉപഭോക്താക്കളിൽ നിന്ന് നാലുവർഷത്തേക്ക് പ്രത്യേക സർച്ചാർജ് ഈടാക്കാൻ നീക്കം. വൈദ്യുതി നിരക്കിന് പുറമേ യൂണിറ്റിന് നിശ്ചിത പൈസ വീതം അധികമായി ഈടാക്കുന്ന രീതിയിലായിരിക്കും സർച്ചാർജ്. നഷ്ടം നികത്തുന്നതിനുള്ള വിശദമായ നിർദേശം സമർപ്പിക്കാൻ കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ കെ.എസ്.ഇ.ബിക്ക് നിർദേശം നൽകി.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മുൻകാല നഷ്ടം ഉപഭോക്താക്കളിൽനിന്ന് ഈടാക്കാനുള്ള നടപടി. 2024 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് കെ.എസ്.ഇ.ബി.ക്ക് നികത്താൻ ശേഷിക്കുന്ന നഷ്ടം 6645 കോടി രൂപയാണ്. ഇതിൽ ഒരു ഭാഗം ഇതിനകം ഈടാക്കിയിട്ടുണ്ട്. ശേഷിക്കുന്ന തുക എത്രയാണെന്ന് കെ.എസ്.ഇ.ബി. കണക്കാക്കി കമ്മിഷനെ അറിയിക്കും. ശേഷിക്കുന്ന നഷ്ടം കുറഞ്ഞത് 5000 കോടി രൂപയെങ്കിലും വരുമെന്നാണ് നിലവിലെ വിലയിരുത്തൽ.
നഷ്ടം ഒറ്റയടിക്ക് വൈദ്യുതി നിരക്കിൽ ഉൾപ്പെടുത്തിയാൽ നിരക്ക് വലിയ തോതിൽ ഉയരാനുള്ള സാധ്യതയുണ്ട്. ഇതു പരിഗണിച്ചാണ് തുക നാലുവർഷം കൊണ്ട് നാല് തുല്യ ഗഡുക്കളായി ഈടാക്കുന്ന രീതിയിൽ പ്രത്യേക സർച്ചാർജ് ഏർപ്പെടുത്തുന്നത്. ഇതിന്റെ നിരക്ക് നിശ്ചയിക്കേണ്ടത് റെഗുലേറ്ററി കമ്മിഷനായിരിക്കും.
*ഏപ്രിൽ മുതൽ പുതിയ വൈദ്യുതി നിരക്ക്*
നിലവിലെ വൈദ്യുതി നിരക്കിന്റെ പ്രാബല്യം മാർച്ച് 31ന് അവസാനിക്കും. ഏപ്രിൽ ഒന്നുമുതൽ പുതിയ നിരക്ക് നിലവിൽ വരേണ്ടതിനാൽ ഇതിനായുള്ള അപേക്ഷ കെ.എസ്.ഇ.ബി. നവംബറിൽ റെഗുലേറ്ററി കമ്മിഷന് സമർപ്പിക്കണം. പുതിയ നിരക്കിനുള്ള അപേക്ഷയ്ക്കൊപ്പം മുൻകാല നഷ്ടം നികത്തുന്നതിനുള്ള സർച്ചാർജ് സംബന്ധിച്ച നിർദേശവും ബോർഡ് നൽകേണ്ടതുണ്ട്.
2026 ഏപ്രിൽ മുതൽ 2032 മാർച്ച് വരെയുള്ള കാലയളവിലെ വൈദ്യുതി നിരക്ക് നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങളുടെ കരട് കമ്മിഷൻ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉപഭോക്താക്കളിൽനിന്ന് അഭിപ്രായങ്ങൾ സ്വീകരിച്ചശേഷം കരട് അന്തിമമാക്കും.
*പകൽ നിരക്ക് കുറയും; രാത്രിയിൽ കൂടും*
പകൽ സമയത്തെ വൈദ്യുതി നിരക്ക് കുറയ്ക്കുന്നതിനും രാത്രിയിലെ നിരക്ക് വർധിപ്പിക്കുന്നതിനുമാണ് കരടിലെ പ്രധാന ശുപാർശകളിലൊന്ന്. നിലവിൽ പകൽ വൈദ്യുതി ഉപയോഗത്തിന് 10 ശതമാനം ഇളവാണ് ലഭിക്കുന്നത്. ഇത് കൂടുതൽ കുറയ്ക്കാനാണ് നിർദേശം.
പകലും രാത്രിയിലുമുള്ള വൈദ്യുതി ഉപയോഗം പ്രത്യേകം കണക്കാക്കുന്നതിനുള്ള ടൈം ഓഫ് ദി ഡേ (ToD) മീറ്റർ സംവിധാനവും വ്യാപകമാക്കും. വീടുകളിലെ വൈദ്യുതി നിരക്കിൽ കാര്യമായ വർധനയുണ്ടാകില്ലെന്നാണ് നിലവിലെ സൂചന. എന്നാൽ തുടർച്ചയായി നാലുവർഷം പ്രത്യേക സർച്ചാർജ് നൽകേണ്ടിവരുന്നത് ഉപഭോക്താക്കൾക്ക് ഫലത്തിൽ വൈദ്യുതി നിരക്ക് വർധിക്കുന്നതിന് സമാനമായ അധികബാധ്യതയാകും.
*സർച്ചാർജും പലവിധം*
കെ.എസ്.ഇ.ബി.യുടെ വൈദ്യുതി വാങ്ങൽച്ചെലവ് റെഗുലേറ്ററി കമ്മിഷൻ അനുവദിച്ച പരിധിയേക്കാൾ ഒരു മാസത്തിൽ അധികമായാൽ, അതിലെ വ്യത്യാസം തുടർന്നുള്ള മാസങ്ങളിൽ സർച്ചാർജായി ഉപഭോക്താക്കളിൽനിന്ന് ഈടാക്കാറുണ്ട്. ഇത്തരത്തിലുള്ള സർച്ചാർജിന് യൂണിറ്റിന് പരമാവധി 10 പൈസയാണ് നിലവിൽ കെ.എസ്.ഇ.ബിക്ക് ഈടാക്കാനാകുക.
എന്നാൽ, മുൻകാല നഷ്ടം നികത്തുന്നതിനായി ഏർപ്പെടുത്തുന്നത് ഇതിൽനിന്ന് വ്യത്യസ്തമായ പ്രത്യേക സർച്ചാർജാണ്. റെഗുലേറ്ററി കമ്മിഷന്റെ അനുമതിയോടെയായിരിക്കും ഈ തുക ഉപഭോക്താക്കളിൽനിന്ന് ഈടാക്കുക.
No comments
Post a Comment