Header Ads

  • Breaking News

    പാലപ്പുഴ കൂടലാട് കാട്ടാനകളുടെ ആക്രമണം; ബൈക്ക് തകർത്തു, വനംവകുപ്പ് ജീവനക്കാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

     *ഇരിട്ടി* : പാലപ്പുഴ കൂടലാട് ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം പ്രദേശവാസിയുടെ ബൈക്ക് തകർത്തു. ആനകൾ കാർഷിക വിളകൾ നശിപ്പിക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് താൽക്കാലിക ജീവനക്കാരൻ ബാബു കാട്ടാനയുടെ മുന്നിൽപ്പെട്ടെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

    ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ബാവലിപ്പുഴ മുറിച്ചുകടന്ന് രണ്ട് കാട്ടാനകൾ കൂടലാട് ജനവാസ മേഖലയിലെത്തിയത്. കാർഷിക വിളകൾ നശിപ്പിക്കുന്ന ശബ്ദം കേട്ടതിനെ തുടർന്ന് വനംവകുപ്പ് താൽക്കാലിക ജീവനക്കാരനായ ബാബു ടോർച്ചുമായി കൃഷിയിടത്തിലേക്ക് എത്തുകയായിരുന്നു.

    കാട്ടാനകളെ കണ്ട ബാബു ഒച്ചവെച്ച് അവയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒരു ആന ഇയാൾക്ക് നേരെ തിരിഞ്ഞത്. ആനയുടെ മുന്നിൽപ്പെട്ട ബാബു സമീപത്തെ ഷെഡിലേക്ക് ഓടിക്കയറി ഒളിച്ചാണ് രക്ഷപ്പെട്ടത്.

    കാട്ടാനകൾ മണിക്കൂറുകളോളം പ്രദേശത്ത് തമ്പടിച്ചു. വാഴ ഉൾപ്പെടെയുള്ള കാർഷിക വിളകൾ നശിപ്പിച്ച ശേഷമാണ് ആനകൾ തിരികെ പോയത്. തുടർന്ന് ബാബു ഷെഡിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു.

    ഷെഡിന് സമീപം നിർത്തിയിട്ടിരുന്ന പി. ദിപിന്റെ ബൈക്കും കാട്ടാനക്കൂട്ടം തള്ളിയിട്ട് തകർത്തു. സംഭവത്തിൽ പ്രദേശവാസികൾക്ക് ആശങ്ക തുടരുകയാണ്.

    മേഖലയിൽ വൈദ്യുതി വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് പ്രവർത്തനക്ഷമമല്ലെന്നാണ് നാട്ടുകാർ പറയുന്നത്. വൈദ്യുതി വേലി കാര്യക്ഷമമായി പ്രവർത്തിക്കാത്തതാണ് ഫാമിൽ തമ്പടിക്കുന്ന കാട്ടാനകൾ ബാവലിപ്പുഴ കടന്ന് പാലപ്പുഴ കൂടലാട് മേഖലയിലേക്ക് എത്താൻ കാരണമാകുന്നതെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.

    No comments

    Post Top Ad

    Post Bottom Ad