Header Ads

  • Breaking News

    നിതിന്‍ രാജിൻ്റെ മരണം: പ്രതിക്ക് രക്ഷപ്പെടാന്‍ പഴുതൊരുക്കി, പണമുള്ളവര്‍ക്ക് എന്തും ചെയ്യാമെന്നാണോയെന്ന് ഹൈക്കോടതി


    _കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്ന നിതിന്‍ രാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതി എം.കെ റാമിനെ രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന വിമര്‍ശനവുമായി ഹൈക്കോടതി. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഒരു കാര്യവും പൊലീസ് ചെയ്തില്ല. പ്രതിയെ രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് ജസ്റ്റിസ് ബദറുദ്ദീന്‍ ചൂണ്ടിക്കാട്ടി. കേസില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കണം. കേസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഗൂഢാലോചന കണ്ടെത്താന്‍ അന്വേഷണം നടത്തണമെന്ന് പറഞ്ഞ കോടതി, ഇല്ലെങ്കില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുമെന്നും പറഞ്ഞു._ 

    _ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കുന്നത്. അറസ്റ്റിനുള്ള കാരണം അറിയിക്കണം എന്ന് ഉദ്യോഗസ്ഥന് അറിയില്ലേ? അറസ്റ്റിനുള്ള കാരണം കാണിച്ചില്ലെങ്കില്‍ അറസ്റ്റ് നിയമ വിരുദ്ധമെന്ന് ഉദ്യോഗസ്ഥന് അറിയാമെന്നും എന്നിട്ടും അങ്ങനെ ചെയ്തുവെന്നും ജസ്റ്റിസ് ബദറുദ്ദീന്‍ ചൂണ്ടിക്കാട്ടി. കേസില്‍ ഡോ. എം.കെ റാമിനെ മൂന്ന് മാസത്തെ ഒളിവിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വിട്ടയച്ചിരുന്നു. ഇതിലാണ് പൊലീസിനെതിരെ ഹൈക്കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചത്.   സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ ബന്ധമുണ്ടെന്ന് കോടതി പറഞ്ഞു. പ്രതിയെ രക്ഷിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടു. അന്വേഷണ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് നീക്കണം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പ്രതിയുടെ അഭിഭാഷകനും തമ്മിലുള്ള ബന്ധം പരിശോധിക്കണം. പണത്തിന് മീതെ പരുന്തും പറക്കില്ല._

    _ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തണം. ഇല്ലെങ്കില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തും.   ഭരണകൂടത്തിന്റെ സമ്പൂര്‍ണ്ണ പരാജയമാണ് ഡോ. എം.കെ റാമിന്റെ കാര്യത്തില്‍ സംഭവിച്ചത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. പ്രതിയുടെ ഭക്ഷണവും പണവും പൊലീസ് ഉദ്യോഗസ്ഥര്‍ വാങ്ങി. പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുത് ഡിവൈഎസ്പി ഒരുക്കി. കഴിവില്ലാത്ത ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പിയെന്നും ഹൈക്കോടതി പറഞ്ഞു.   കേരളത്തില്‍ എന്താണ് സംഭവിക്കുന്നത്. 15,000 രൂപ ലോണെടുത്തയാള്‍ ആത്മഹത്യ ചെയ്തുവെന്നാണ് പറയുന്നത്. 15 കോടി വായ്‌പ്പെടുത്തവര്‍ ആത്മഹത്യ ചെയ്യുന്നില്ല. പൊലീസിന്റെ കഥയില്‍ നിന്നു തന്നെ മനസ്സിലായി അവര്‍ ആരുടെ കൂടെയാണെന്ന്. പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന് ഒരു ചൊല്ലുണ്ട്. പാവപ്പെട്ടവരെ ഉപദ്രവിച്ചിട്ട് സ്വാധീനമുള്ളവരെ രക്ഷിക്കാനാണോ പൊലീസ് -കോടതി ചോദിച്ചു.   ഡോ. എം.കെ റാമിനെ ഹാജരാക്കിയപ്പോള്‍ എന്തൊക്കെ രേഖകള്‍ പൊലീസ് നല്‍കിയെന്ന് കോടതി ചോദിച്ചു. രേഖകള്‍ ഹൈക്കോടതിയിലെത്തിക്കാന്‍ മജിസ്ട്രേറ്റ് കോടതിക്ക് നിര്‍ദ്ദേശം നല്‍കി. നടപടിക്രമങ്ങള്‍ പാലിച്ചാണോ അറസ്റ്റ് എന്ന് ഹൈക്കോടതി പരിശോധിക്കും. പ്രതിയില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ആനുകൂല്യങ്ങള്‍ നേടിയെന്നും അതിനാലാണ് പ്രതിക്ക് രക്ഷപെടാനുള്ള പഴുത് ഡിവൈഎസ്പി ഒരുക്കിയതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി._

    No comments

    Post Top Ad

    Post Bottom Ad