പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണിതീരാതെ കാഞ്ഞിരങ്ങാടെ തളിപ്പറമ്പ് ജില്ലാ ജയില്‍
കൊട്ടിഘോഷിച്ച് തുടക്കംകുറിച്ച തളിപ്പറമ്പ് ജില്ലാ ജയിലിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നു.
പകുതി പൂര്‍ത്തിയായ കെട്ടിടങ്ങള്‍ കാടുകയറി കിടക്കുകയാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരുടെ ബാഹുല്യവും ജയിലില്‍ ഉണ്ടായിക്കൊണ്ടിരുന്ന രാഷ്ര്‌ടീയസംഘര്‍ഷങ്ങളും കുറക്കുന്നതിന്റെ ഭാഗമായി ജയില്‍ പരിഷ്‌ക്കരണ കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം 2015 ലാണ് തളിപ്പറമ്പില്‍ പുതിയ ജയില്‍ നിര്‍മ്മിക്കാന്‍ ആലോചന നടന്നത്.
പരിയാരം പഞ്ചായത്തിലെ കാഞ്ഞിരങ്ങാട് റവന്യു വകുപ്പിന്റെ കയ്യിലുള്ള ആറേ മുക്കാല്‍ ഏക്കര്‍ മിച്ചഭൂമിയാണ് ഇതിനായി കണ്ടെത്തിയത്, പിന്നീട് എട്ടേക്കര്‍ സ്‌ഥലം 2017 ല്‍ ജയില്‍ വകുപ്പിന് കൈമാറുകയും ചെയ്‌തു. എന്നാല്‍ 2020 ഫിബ്രവരിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍മ്മാണ പ്രവൃത്തിക്ക് തറക്കല്ലിട്ടത്. പക്ഷെ, കോവിഡ് കാരണം ഇഴഞ്ഞുനീങ്ങിയ പണി ഇപ്പോഴും അതുപോലെ തുടരുകയാണ്. 16.5 കോടിയാണ് ജയില്‍ നിര്‍മ്മാണത്തിന് അനുവദിച്ചത്. ഇതിന്റെ ആദ്യഘട്ടമായി 5.75 കോടി രൂപ ജയില്‍ വകുപ്പ് അനുവദിക്കുകയും ചെയ്‌തു. ചുറ്റുമതിലും ഗേറ്റും പൂര്‍ത്തിയായെങ്കിലും കെട്ടിടങ്ങളുടെ പണി കാല്‍ഭാഗം മാത്രമേ പൂര്‍ത്തീകരിച്ചിട്ടുള്ളൂ.
അഡ്‌മിനിസ്‌ട്രേറ്റീവ് വിഭാഗവും തടവുകാരെ പാര്‍പ്പിക്കാനായി രണ്ട് ഇരുനില കെട്ടിടവും അടുക്കളയുമാണ് പൂര്‍ത്തീകരിക്കാനുള്ളത്. ഇവയുടെ ഒരു നില കോണ്‍ക്രീറ്റ് ചെയ്‌തുവെച്ച അവസ്‌ഥയിലാണ്. കാസര്‍ഗോഡ് സ്വദേശിയായ കോണ്‍ട്രാക്‌ടര്‍ എസ്‌റ്റിമേറ്റ് പുതുക്കണം എന്നാവശ്യപ്പെട്ട് പണി ഏകപക്ഷീയമായി നിര്‍ത്തിയ പണി പുനരാരംഭിച്ചുവെങ്കിലും ഒച്ചിനേക്കാള്‍ വേഗത കുറവാണ്.
ഒരു വര്‍ഷത്തിലധികമായി നിലച്ച നിര്‍മ്മാണത്തിന് രണ്ടാം ഘട്ടമായി 3 കോടി രൂപ കൂടി ജയില്‍ വകുപ്പ് അനുവദിച്ചിട്ടുണ്ടെങ്കിലും നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ 25 കോടി രൂപയെങ്കിലും വേണ്ടി വരും. സാമ്പത്തിക ബുദ്ധിമുട്ട്‌കാരണം തുക അനുവദിക്കുന്നതില്‍ കാലതാമസം വരുന്നുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം 2022 ല്‍ പണി പൂര്‍ത്തിയാകേണ്ട ജയില്‍ കെട്ടിടമാണ് തറക്കല്ലിട്ട് ആറ് വര്‍ഷം പിന്നിട്ടിട്ടും എവിടെയുമെത്താതെ കാടുകയറികിടക്കുന്നത്. തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളിലെ റിമാന്‍ഡ് തടവുകാരും ഒരു വര്‍ഷം വരെ ശിക്ഷിക്കപ്പെടുന്ന തടവുകാരുമായ 300 പേരെ പാര്‍പ്പിക്കാനുള്ള സൗകര്യമാണ് ഇവിടെ ഏര്‍പ്പെടുത്തേണ്ടത്. അഷ്‌ടഭുജമാതൃകയില്‍(ഒക്‌ടാഗണ്‍) രൂപകല്‍പ്പന ചെയ്‌ത ജയില്‍ പുതിയ കാലഘട്ടത്തിന് അനുയോജ്യമായ അതീവസുരക്ഷ സംവിധാനങ്ങളുള്ളതാണ്.
No comments
Post a Comment