ഭരണഘടനയെ വെല്ലുവിളിച്ച ബിജെപി സർക്കാരിന് തിരിച്ചടി; സ്‌കൂളുകളിൽ ഹിന്ദു പ്രാർത്ഥനകൾ ചൊല്ലാൻ കുട്ടികളെ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി
സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിൽ സരസ്വതി വന്ദനവും ഗായത്രി മന്ത്രവും ഉൾപ്പെടെയുള്ള ഹിന്ദു പ്രാർത്ഥനകൾ നിർബന്ധമാക്കിയ ഛത്തീസ്ഗഡിലെ ബിജെപി സർക്കാരിന്റെ വിവാദ നീക്കത്തിന് ഹൈക്കോടതിയിൽനിന്ന് ശക്തമായ തിരിച്ചടി. സർക്കാർ സ്‌കൂളുകളിൽ ഇത്തരം മതപരമായ പ്രാർത്ഥനകൾ ചൊല്ലാൻ കുട്ടികളെ ഒരു കാരണവശാലും നിർബന്ധിക്കരുതെന്ന് ഹൈക്കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചു.
ജൂലൈ രണ്ടാം വാരം ആരംഭിക്കുന്ന പുതിയ അധ്യയന വർഷം മുതൽ സ്കൂളുകളിൽ ഹിന്ദു പ്രാർത്ഥനകൾ നിർബന്ധമായി നടത്തണമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ ബോർഡ് സർക്കുലറും ഇറക്കിയിരുന്നു. സർക്കാരിന്റെ ഈ ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമായ നടപടിയെ ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജിയിലാണ് ജസ്റ്റിസ് അമിതേന്ദ്ര കിഷോർ പ്രസാദ് അധ്യക്ഷനായ ബെഞ്ചിന്റെ ഈ സുപ്രധാന ഇടപെടൽ.
സർക്കാർ സ്‌കൂളുകളിൽ ദേശീയഗാനത്തിന് പുറമെ ദീപമന്ത്രം, സരസ്വതി വന്ദനം, ഗുരുമന്ത്രം, ഭോജൻ മന്ത്രം, ഗായത്രി മന്ത്രം, ശാന്തി മന്ത്രം എന്നിവ നിർബന്ധമാക്കാനായിരുന്നു ബിജെപി സർക്കാരിന്റെ തിടുക്കപ്പെട്ട തീരുമാനം. എന്നാൽ, ഒരു പ്രത്യേക മതത്തിന്റെ പ്രാർത്ഥനകൾ മാത്രം ഔദ്യോഗികമായി അടിച്ചേൽപ്പിക്കുന്നത് സമൂഹത്തിൽ വലിയ തോതിൽ വിഭാഗീയത ഉണ്ടാക്കുമെന്നും പൊതുവിദ്യാഭ്യാസത്തിന്റെ മതേതര സ്വഭാവത്തെ തകർക്കുമെന്നും ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.
"ഒരു പ്രത്യേക മതത്തിന്റെ പ്രബോധനങ്ങളും മന്ത്രങ്ങളും മാത്രം നിർബന്ധമാക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെയും മതപരമായ നിഷ്പക്ഷതയുടെയും നഗ്നമായ ലംഘനമാണ്. ഇത്തരം മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ താല്പര്യമില്ലാത്ത വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യത്തെ സർക്കാർ ഉത്തരവ് ഹനിക്കുന്നു." - ഹർജിക്കാർ വാദിച്ചു.
വിദ്യാർത്ഥികളെ ഏതെങ്കിലും തരത്തിൽ പ്രാർത്ഥനകൾ ചൊല്ലാൻ സ്കൂൾ അധികൃതർ നിർബന്ധിക്കുകയാണെങ്കിൽ അത് ഉടൻ തന്നെ കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനാ തത്വങ്ങളെ കാറ്റിൽപ്പറത്തിക്കൊണ്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച വിവാദ സർക്കുലറിനെതിരെ ഛത്തീസ്ഗഡ് മുൻ വഖഫ് ബോർഡ് ചെയർമാൻ അബ്ദുസ്സലാം റിസ്‌വി, മുൻ ന്യൂനപക്ഷ വകുപ്പ് ചെയർമാൻ മഹേന്ദ്ര ഛബ്ദ, സാമൂഹിക പ്രവർത്തകൻ ഷഫീഖ് അഹമ്മദ് എന്നിവരാണ് കോടതിയെ സമീപിച്ചത്. ഹർജിക്കാർക്കായി അഭിഭാഷകരായ ആമിർ ഖാൻ, സിതാര ഖാൻ എന്നിവർ കോടതിയിൽ ഹാജരായി.
No comments
Post a Comment