Header Ads

  • Breaking News

    മേലെ ചൊവ്വയിലെ ഗതാഗതസ്തംഭനം പരിഹാരം ഒരാഴ്ചക്കുള്ളില്‍


    മേല്‍പ്പാല നിർമണ പ്രവൃത്തിയും പൊട്ടിപ്പൊളിഞ്ഞ റോഡും കാരണം മേലെ ചൊവ്വ ജംഗ്ഷനില്‍ അനുഭവിച്ചുവരുന്ന രൂക്ഷമായ ഗതാഗതകുരുക്ക് പ്രശ്നം ഒരാഴ്ചക്കുള്ളില്‍ പരിഹരിക്കും.ടി.ഒ. മോഹനൻ വിളിച്ചു ചേർത്ത ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഈ പ്രവൃത്തികളെല്ലാം ഒരാഴ്ചക്കുള്ളില്‍ പൂർത്തിയാക്കാനാകുമെന്ന് ടി.ഒ. മോഹനൻ എംഎല്‍എ അറിയിച്ചു.

    ജംഗ്ഷനിലെ വാട്ടർ അഥോറിറ്റിയുടെ പ്രവൃത്തി മൂന്നു ദിവസംകൊണ്ട് പൂർത്തിയാക്കി റോഡ് റീ ടാറിംഗ് നടത്തും. ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്‌ട് കോ-ഓപ്പ് സൊസൈറ്റി ടാറിംഗ് പ്രവൃത്തി 16ന് തുടങ്ങി അടുത്ത ദിവസത്തേക്ക് പൂർത്തിയാക്കും. വാഹനങ്ങള്‍ക്ക് കടന്നുപോകാൻ പ്രയാസമുണ്ടാക്കുന്ന വൈദ്യുത തൂണുകള്‍ ഒരാഴ്ചക്കുള്ളില്‍ മാറ്റി സ്ഥാപിക്കാമെന്ന് കെഎസ്‌ഇബി ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. ഇതിനുപുറമേ, മേല്‍പ്പാലം പണിയുടെ ഭാഗമായുള്ള പൈലിംഗ് പ്രവൃത്തിക്കു വേണ്ടി നിരത്തിവച്ച വീപ്പകള്‍ ട്രാഫിക് പോലീസിന്റെയും ഊരാളുങ്കല്‍ സൊസൈറ്റിയുടെയും നേതൃത്വത്തില്‍ ഒതുക്കിവച്ച്‌ കൂടുതല്‍ വാഹനങ്ങള്‍ക്ക് കടന്നു പോകാനുള്ള സൗകര്യം ഒരുക്കും. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന പീക്ക് അവറുകളില്‍ ഗതാഗതം നിയന്ത്രിക്കാൻ കൂടുതല്‍ പോലീസുകാരെ മേഖലയില്‍ വിന്യസിക്കാനും തീരുമാനിച്ചു.മേലേചൊവ്വയില്‍ വാട്ടർ ടാങ്കിന് മുന്നിലുള്ള കെഎസ്‌ഇബി ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കുന്നതും പരിഗണനയിലാണ്. റോഡ് ടാറിംഗ് പ്രവർത്തിക്കുള്ള സാധന സാമഗ്രികള്‍ ലഭിക്കാൻ പ്രയാസം നേരിടുന്ന സാഹചര്യത്തില്‍ കരാർ കന്പനിയായ വിശ്വസമുദ്ര വഴി സാധനങ്ങള്‍ ലഭ്യമാകുമോ എന്ന കാര്യം അന്വേഷിക്കാനും ടി.ഒ. മോഹനൻ എംഎല്‍എ നിർദേശിച്ചു. മേലേചൊവ്വയില്‍ രണ്ട് സർവീസ് റോഡുകള്‍ ഉള്‍പ്പെടെ മേല്‍പ്പാലം നിർമാണത്തിനായി 1.21 ഏക്കർ ഭൂമിയാണ് വേണ്ടത്.

    ഇതില്‍ ഏറ്റെടുക്കാനുള്ള ഭൂമിയിലെ കെട്ടിടങ്ങളുടെ വില മൂല്യനിർണയം നടന്നുവരികയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ യോഗത്തെ അറിയിച്ചു. ഒരാഴ്ചയ്ക്കുശേഷം പ്രവൃത്തിയുടെ അവലോകന യോഗം ചേരും. എംഎല്‍എയുടെ ഓഫീസില്‍ നടന്ന യോഗത്തില്‍ ദുരന്തനിവാരണ ഡപ്യൂട്ടി കളക്ടർ കെ.കെ സുബൈർ, ദേശീയപാത അഥോറിറ്റി, പിഡബ്ല്യുഡി, വാട്ടർ അഥോറിറ്റി, കെഎസ്‌ഇബി, റോഡ്സ് ആൻഡ് ബ്രിഡ്ജ് ഡെവലപ്പ്മെന്റ് കോർപറേഷന്, പോലീസ് ഉദ്യോഗസ്ഥർ, ഊരാളുങ്കല്‍ സൊസൈറ്റി പ്രതിനിധി എന്നിവർ പങ്കെടുത്തു.ഗതാഗതക്കുരുക്ക്: സർവീസ് റോഡ് ടാറിംഗിന്

    കണ്ണൂർ: മേലെകളക്ടറുടെ നിർദേശം ചൊവ്വയിലെ ഫ്ലൈഓവർ നിർമാണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സർവീസ് റോഡിന്റെ ടാറിംഗ് ഉടൻ പൂർത്തിയാക്കാൻ കളക്ടറുടെ നിർദേശം. സ്ഥലം സന്ദർശിച്ച കളക്ടർ പി. വിഷ്ണുരാജ് ഫ്ലൈഓവർ നിർമാണ പുരോഗതിയും ഗതാഗതക്കുരുക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വിലയിരുത്തി. അനധികൃത പാർക്കിംഗ് നിയന്ത്രിക്കാനും ആവശ്യമായ മറ്റ് ഗതാഗത ക്രമീകരണങ്ങള്‍ ഏർപ്പെടുത്താനും ഉദ്യോഗസ്ഥർക്ക് നിർദേശങ്ങള്‍ നല്‍കി. മേല്‍പ്പാലം നിർമാണവുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് കളക്ടർ സ്ഥലം സന്ദർശിച്ചത്. താഴെചൊവ്വയിലെയും മേലെചൊവ്വയിലെയും കാര്യങ്ങള്‍ ഉദ്യോഗസ്ഥർക്കൊപ്പം വിശദമായി പരിശോധിച്ച ശേഷമായിരുന്നു കളക്ടറുടെ നിർദേശം. ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ കെ.കെ.സുബൈർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad