ഞങ്ങള്‍ കൊള്ളയടിക്കപ്പെടുകയാണ്! 85,000 രൂപയുടെ ഗുളികയ്ക്ക് ഇന്ത്യയില്‍ വെറും 35 രൂപ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ യുവതി
അമിതമായ മരുന്ന് വിലയെക്കുറിച്ചും ഇന്ത്യയിലെ താങ്ങാനാവുന്ന ആരോഗ്യസംവിധാനത്തെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ വലിയ ചർച്ചയാകുന്നു.ലിസ് എന്ന അമേരിക്കൻ യുവതിയാണ് തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ ഇരു രാജ്യങ്ങളിലെയും മരുന്ന് വിലയിലെ പ്രകടമായ വ്യത്യാസം തുറന്നുകാട്ടിയത്. ബ്ലഡ് ക്യാൻസർ ചികിത്സയ്ക്കുള്ള ഒരു ഗുളികയ്ക്ക് അമേരിക്കയില്‍ 900 ഡോളർ (ഏകദേശം 85,000 രൂപ) ചിലവാകുമ്പോള്‍, ഇന്ത്യയില്‍ അതേ ഗുളികയ്ക്ക് വെറും 35 രൂപ മുതല്‍ 300 രൂപ വരെ മാത്രമേ ആകുന്നുള്ളൂ എന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെ ജനറിക് മരുന്നുകള്‍ക്ക് വില വളരെ കുറവാണെന്നും എന്നാല്‍ അമേരിക്കയില്‍ ആരോഗ്യരംഗം കച്ചവടമായി മാറിയിരിക്കുകയാണെന്നും ലിസ് പറയുന്നു. അമേരിക്കയില്‍ തങ്ങള്‍ കൊള്ളയടിക്കപ്പെടുകയാണെന്നും മറിച്ച്, ഇന്ത്യ തന്റെ ജനങ്ങള്‍ക്ക് താങ്ങാനാവുന്ന ആരോഗ്യപരിചരണം ഉറപ്പാക്കുന്നുണ്ടെന്നും വീഡിയോയില്‍ അവർ വിമർശിക്കുന്നു. തനിക്ക് ക്യാൻസർ ബാധിതയായ അമ്മായിക്ക് വേണ്ടി മരുന്ന് വാങ്ങുന്ന സാഹചര്യത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തല്‍ ഇവർ നടത്തിയത്.ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. 7.7 ലക്ഷത്തിലധികം പേരാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്. അമേരിക്കയിലെ ആരോഗ്യസംവിധാനത്തെ വിമർശിച്ചുകൊണ്ടും ഇന്ത്യയിലെ മരുന്ന് ലഭ്യതയെ അഭിനന്ദിച്ചുകൊണ്ടും നിരവധി പേർ കമന്റുകളുമായി രംഗത്തെത്തി. അമേരിക്കയില്‍ മരുന്നുകള്‍ക്ക് അമിതവില ഈടാക്കുന്നതിനെതിരെ ഭരണകൂടം കർശന നടപടികള്‍ സ്വീകരിക്കണമെന്നും പലരും അഭിപ്രായപ്പെട്ടു.
അമേരിക്കൻ ആരോഗ്യരംഗത്തെക്കുറിച്ചുള്ള പരാതികള്‍ ഇതാദ്യമായല്ല ഉയരുന്നത്. നേരത്തെ വിക്ടോറിയ എന്ന മറ്റൊരു യുവതിയും സമാനമായ അനുഭവം പങ്കുവെച്ചിരുന്നു. ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്തതിനെത്തുടർന്ന് 1,000 ഡോളർ വിലമതിക്കുന്ന മരുന്ന് ഇന്ത്യയില്‍ നിന്ന് 25 ഡോളറിന് വാങ്ങാൻ സാധിച്ചതായി അവർ വ്യക്തമാക്കിയിരുന്നു. അമേരിക്കൻ ആരോഗ്യസംവിധാനം ഒരു തട്ടിപ്പാണെന്നായിരുന്നു ഇതിനെക്കുറിച്ച് വിക്ടോറിയയുടെ പ്രതികരണം.
No comments
Post a Comment