കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ വിവാദമായ ബ്ലീച്ചിങ് പൗഡർ ഇടപാട്, അന്വേഷിക്കാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം. മാധ്യമ വാർത്തകളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. മാർച്ച് 11നും മേയ് ആറിനും ഇടയിൽ നടന്ന ബ്ലീച്ചിംഗ് പൗഡർ‍ പർച്ചേസിലൂടെ 7.32 കോടി രൂപയുടെ അനാവശ്യ ചെലവ് ഉണ്ടായെന്നാണ് ആരോപണം.

കെ.എം.എസ്.സി.എൽ സ്വീകരിച്ച സംഭരണ നടപടിക്രമങ്ങൾ, ബാധകമായ ചട്ടങ്ങളും ടെൻഡർ വ്യവസ്ഥകളും പാലിച്ചിട്ടുണ്ടോ, ന്യായമായ വിലയ്ക്കാണോ വാങ്ങിയത് , വാങ്ങിയ ബ്ലീച്ചിംഗ് പൗഡറിന്റെ ഗുണനിലവാരവും ഉപയോഗവും, സർക്കാരിന് എന്തെങ്കിലും സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടോ എന്നിവയെല്ലാം അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം. കണ്ടെത്തലുകളും തുടർ നടപടിയ്ക്കുള്ള ശുപാർശകളും ഉൾപ്പെടെ വിശദമായ അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാനാണ് നിർദ്ദേശം.