KSRTC സൗജന്യ യാത്ര; സർക്കാർ അധികാരമേൽക്കും മുൻപ് നടന്ന സമരം മണ്ടത്തരമെന്ന് BJP കോർ കമ്മിറ്റി യോഗത്തിൽ വിമർശനം
തിരുവനന്തപുരം: യുഡിഎഫ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത കെഎസ്ആര്‍ടിസി സൗജന്യ യാത്ര നടപ്പാക്കിയില്ലെന്ന് കാണിച്ച് മഹിളാ മോര്‍ച്ച നടത്തിയ സമരം മണ്ടത്തരമെന്ന് ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം. സര്‍ക്കാര്‍ അധികാരമേല്‍ക്കും മുന്‍പ് നടന്ന സമരം മണ്ടത്തരമെന്നാണ് ഉയര്‍ന്ന വിമര്‍ശനം.
സമരം നടത്താന്‍ തീരുമാനമെടുത്തതില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷിനെ ഉന്നമിട്ടായിരുന്നു കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നത്. കെ സുരേന്ദ്രന്‍, വി മുരളീധരന്‍, പി സി ജോര്‍ജ്, പത്മജ വേണുഗോപാല്‍ അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ വിമര്‍ശനം ഉന്നയിച്ചു. എന്നാല്‍, സമരത്തെക്കുറിച്ച് അറിവില്ലെന്ന നിലപാടിലായിരുന്നു ബിജെപി സംസ്ഥാനന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ബസില്‍ കയറി പ്രതിഷേധിച്ചിരുന്നു. കെഎസ്ആര്‍ടിസി ബസില്‍ കയറി ടിക്കറ്റ് എടുക്കാതെയായിരുന്നു പ്രതിഷേധം. പതിനഞ്ചാം തീയതി മുതല്‍ സൗജന്യ യാത്ര എന്നായിരുന്നു കോണ്‍ഗ്രസ് വാഗ്ദാനമെന്നും എന്നാല്‍ അത് നടപ്പിലാക്കിയില്ലെന്നുമാണ് മഹിളാമോര്‍ച്ച നേതാവ് നവ്യ ഹരിദാസ് പറഞ്ഞത്. സത്യപ്രതിജ്ഞ വൈകിയത് തങ്ങളുടെ കുറ്റമല്ല. കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് ഫലം വന്ന സംസ്ഥാനങ്ങളില്‍ സൗജന്യ യാത്ര നടപ്പാക്കി തുടങ്ങി. സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുമെന്നും നവ്യ ഹരിദാസ് പറഞ്ഞിരുന്നു.
No comments
Post a Comment