ജില്ലയിലെ ആദ്യത്തെ റബ്ബർ വിരിച്ച പാളം താഴെചൊവ്വയിൽ പൂർത്തിയായി
താഴെചൊവ്വ : റെയിൽവേഗേറ്റിലെ പാളങ്ങൾക്കിടയിൽ റബ്ബർബ്ലോക്കുകൾ വിരിച്ച ജില്ലയിലെ ആദ്യത്തെ ഗേറ്റ് എന്ന ഖ്യാതി താഴെചൊവ്വ റെയിൽവേഗേറ്റിന്. വാഹനങ്ങൾക്ക് സുഗമമായ യാത്ര പ്രദാനംചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് റബ്ബർ ബ്ലോക്കുകൾ സ്ഥാപിച്ചത്.
പാളത്തിനിടയിലും പുറത്തുമായാണ് റബ്ബർ വിരിച്ചത്. നിർമാണം പൂർത്തിയാക്കി ഞായറാഴ്ച വൈകുന്നേരത്തോടെ റെയിൽവേ ഗേറ്റ് തുറന്നു. നടാലിലെയും പഴയങ്ങാടിയിലെയും ഗേറ്റിലാണ് ഇനി റബ്ബർ ബ്ലോക്കുകൾ സ്ഥാപിക്കുക. വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും എളുപ്പം ഗേറ്റ് കടന്നുപോകാനും സാധിക്കും.
പാളത്തിന്റെ ഇരുവശങ്ങളിലും കോൺക്രീറ്റ് സ്ലീപ്പർ സ്ഥാപിച്ചാണ് റബ്ബർ ബ്ലോക്കുകൾ ഉറപ്പിച്ചിട്ടുള്ളത്. എന്നാൽ, സ്ലീപ്പറിനെ റോഡുമായി ബന്ധിപ്പിക്കുന്ന കൊരുപ്പുകട്ടകൾ ഉയർന്നുകിടക്കുന്നതിനാൽ ഗേറ്റിനകത്ത് കയറാൻ കാറുകളും ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും ഏറെ കഷ്ടപ്പെടുന്നുണ്ട്. ഗേറ്റ് തുറന്ന് തിരക്കുകൂട്ട ന്നതിനിടെവാഹനങ്ങൾ കുടുങ്ങിപ്പോകുന്ന സ്ഥിതിയാണ്.
ഉയരം കുറയ്ക്കുന്നതിനുള്ള നടപടി വേണമെന്ന് വാഹനമോടിക്കുന്നവർ ആവശ്യപ്പെട്ടു. കാൽനടയാത്രക്കാർക്ക് കടന്നുപോകുന്നതിന് ഗേറ്റിനകത്ത് സ്ഥലപരിമിതിയുണ്ടെന്നും പരാതിയുണ്ട്.
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായാണ് പെട്ടെന്ന് പണി പൂർത്തിയാക്കി ഗേറ്റ് തുറന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ശേഷിക്കുന്ന ജോലികൾ വരുംദിവസങ്ങളിൽ പൂർത്തിയാക്കും.
No comments
Post a Comment