ഗണ്‍മാന്റെ 'രക്ഷാപ്രവര്‍ത്തനം'; എസ്പി ഷൗക്കത്തലി അന്വേഷിക്കും, 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കും
ആലപ്പുഴയില്‍ വെച്ച് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോ?ഗിച്ചു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും തീരുമാനിച്ചു. മുഖ്യമന്ത്രിയായി വിഡി സതീശന്‍ അധികാരമേറ്റതിന് പിന്നാലെയാണ് സംഭവത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടത്.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വെച്ച് കറുത്ത കൊടി കാണിച്ച പ്രവര്‍ത്തകരെ ഗണ്‍മാന്‍മാരായ അനില്‍ കുമാറും സന്ദീപ് എസും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. 2023 ഡിസംബറിലാണ് സംഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍ നിന്നിറങ്ങിവന്നാണ് ഗണ്‍മാന്‍മാര്‍ പ്രതിഷേധക്കാരെ മര്‍ദ്ദിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗണ്‍മാന്‍മാര്‍ ചെയ്തതെന്നും, അത് ഒരു 'രക്ഷാപ്രവര്‍ത്തന'മാണെന്നും പറഞ്ഞ് മുഖ്യമന്ത്രി ഗണ്‍മാന്‍മാരുടെ നടപടിയെ ന്യായീകരിക്കുകയാണുണ്ടായത്. ഇതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വലിയ പ്രതിഷേധമുയര്‍ത്തി. പൊലീസ് നടപടിയെടുക്കാതിരുന്നതിനെ തുടര്‍ന്ന്, മര്‍ദ്ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരം ഗണ്‍മാന്‍മാര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.
No comments
Post a Comment