Header Ads

  • Breaking News

    യുപിയില്‍ കനത്ത മഴയിലും ഇടിമിന്നലിലും 56 പേര്‍ മരിച്ചു

    _ലക്നൗ: ഉത്തർപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ ശക്തമായ മഴയിലും ഇടിമിന്നലിലും 56 പേർ മരിച്ചു. സംസ്ഥാനത്തെ 51 ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്._

    _ദുരന്തബാധിതർക്ക് അടിയന്തര സഹായമെത്തിക്കാൻ സർക്കാർ സംവിധാനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവർത്തിക്കുകയാണ്._

    _ബുധനാഴ്ച വൈകുന്നേരമുണ്ടായ കനത്ത മഴയില്‍ പ്രയാഗ്‌രാജ്, ഭദോഹി, ഫത്തേപ്പൂർ തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്. അപ്രതീക്ഷിതമായുണ്ടായ ഈ കാലാവസ്ഥാ വ്യതിയാനത്തില്‍ നിരവധി വീടുകള്‍ തകരുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു._

    _ശക്തമായ കാറ്റില്‍ വൈദ്യുതി തൂണുകള്‍ തകരുകയും വയറുകള്‍ പൊട്ടി വീഴുകയും ചെയ്തതിനെത്തുടർന്ന് പലയിടങ്ങളിലും വൈദ്യുതി ബന്ധം പൂർണമായും നിലച്ചു. പ്രയാഗ്‌രാജ് ജില്ലയില്‍ മതില്‍ ഇടിഞ്ഞു വീണ് 35 വയസുള്ള സ്ത്രീയും ആറ് വയസുകാരനായ മകനും മരിച്ചു. ഹണ്ടിയയില്‍ ടിൻ ഷീറ്റ് കെട്ടിടം തകർന്നു വീണ് 14 വയസുകാരിക്ക് ജീവൻ നഷ്ടമായി. കല്ല്യാണി ദേവി, അശോക് നഗർ തുടങ്ങിയ നഗരപ്രദേശങ്ങളിലും വലിയ മരങ്ങള്‍ വീണത് ഗതാഗതം തടസപ്പെട്ടു._

    _മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥിതിഗതികള്‍ വിലയിരുത്തുകയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം നല്‍കാൻ ഉത്തരവിടുകയും ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ പൂർത്തിയാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി._

    _ദുരന്തബാധിത മേഖലകളില്‍ ജില്ലാ മജിസ്‌ട്രേറ്റുമാരും മറ്റ് ഉദ്യോഗസ്ഥരും നേരിട്ടെത്തി സഹായങ്ങള്‍ ഉറപ്പാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. റവന്യൂ വകുപ്പ്, കൃഷി വകുപ്പ്, ഇൻഷുറൻസ് കമ്പനികള്‍ എന്നിവർ ചേർന്ന് കൃഷിനാശവും വസ്തുവകകളുടെ നാശനഷ്ടങ്ങളും സംബന്ധിച്ച സർവ്വേ നടത്തി റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിലും കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യതയുള്ളതിനാല്‍ എല്ലാ വകുപ്പുകളോടും അതീവ ജാഗ്രത പാലിക്കാൻ സർക്കാർ ആവശ്യപ്പെട്ടു._

    No comments

    Post Top Ad

    Post Bottom Ad