പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വില്‍ക്കുന്നു; സംസ്ഥാനത്ത് കേസുകള്‍ വര്‍ധിക്കുന്നു
ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ മോശമായി ചിത്രീകരിച്ച് ടെലഗ്രാം ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്. സമീപകാലത്ത് കേരളത്തില്‍ കണ്ണൂര്‍, കാസര്‍കോട്, കോട്ടയം എന്നിവിടങ്ങളില്‍ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എഐ ടൂളുകള്‍ ഉപയോഗിച്ച് മോര്‍ഫിങ് നടത്തുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
കാസര്‍കോട് മുപ്പത്തിരണ്ട് പേരുടെ ചിത്രങ്ങളാണ് ഒരാള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. കോട്ടയത്ത് വീട്ടമ്മയുടെ ചിത്രമാണ് ഒരാള്‍ മോര്‍ഫ് ചെയ്തത്. പുരുഷന്മാരുടെ ഫോട്ടോകളും സ്ത്രീകളുടേതിനൊപ്പം ചേര്‍ത്ത് വച്ചാണ് പ്രചരണം. പലരും അപമാനം ഭയന്ന് പരാതിപ്പെടാന്‍ മുതിരാത്തതിനാല്‍ പൊലീസ് നടപടികള്‍ക്ക് വേഗത കുറവാണെന്നാണ് ആരോപണം. നിലവില്‍ സ്ത്രീകള്‍ നേരിട്ട് തന്നെ പൊലീസ് സ്റ്റേഷനുകളിലെത്തി പരാതിയില്‍ നടപടികള്‍ വേണമെന്ന് ആവശ്യപ്പെടുന്ന സ്ഥിതി വന്നതോടെ കൂടുതല്‍ നിരീക്ഷണം ഉറപ്പുവരുത്താന്‍ സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം തീരുമാനിച്ചിരിക്കുകയാണ്.
നിലവില്‍ കോഴിക്കോട് വള്ളിക്കുന്ന് സ്വദേശി നിതിന്‍ മോഹന്‍ദാസ് എന്ന യുവാവിനെതിരെ പരാതിയുമായി രാമനാട്ടുകര സ്വദേശിനിയായ സാന്ദ്ര സദാനന്ദന്‍ എന്ന യുവതി പരാതി നല്‍കിയതോടെ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധവും ശക്തമാകുകയാണ്.
ഏകദേശം 25വയസ് മാത്രം പ്രായമുള്ള യുവതിക്ക് പരിചിതനായ യുവാവാണ് ഇന്‍സ്റ്റഗ്രാമിലുള്ള യുവതികളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളില്‍ വില്‍പന നടത്തിയതെന്നാണ് പരാതി. ഫോട്ടോ വില്‍പനക്ക് പുറമെ എക്‌സ്‌ചേഞ്ചിങ്ങും നടക്കുന്നുന്നുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. യുവാവ് പെണ്‍കുട്ടികള്‍ക്ക് വാട്‌സപ്പിലും ഇന്‍സ്റ്റഗ്രാമിലും ലൈംഗിക ചുവയോടുള്ള സന്ദേശങ്ങള്‍ അയക്കുകയും, ഫോട്ടോകളും ദൃശ്യങ്ങളും പങ്കുവെക്കുകയും ചെയ്തതായി യുവതികള്‍ പറയുന്നു.
No comments
Post a Comment