പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍.
വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി നിതിന്‍ മോഹന്‍ദാസ് ആണ് അറസ്റ്റിലായത്. സോഷ്യല്‍ മീഡിയയില്‍ നിന്ന് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ശേഖരിച്ച് അശ്ലീലമായി മോര്‍ഫ് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിക്കുകയും പണം വാങ്ങി വില്‍ക്കുകയും ചെയ്തുവെന്ന പരാതിയിലാണ് യുവാവ് പിടിയിലായത്.
രാമനാട്ടുകര സ്വദേശിനിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ കൈക്കലാക്കി അവ അശ്ലീലരൂപത്തിലാക്കി വിവിധ ഗ്രൂപ്പുകള്‍ വഴി വിറ്റിരുന്നതായി പരാതിയില്‍ പറയുന്നു. ആയിരത്തിലധികം പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. പ്രതിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച സ്‌ക്രീന്‍ഷോട്ടുകളില്‍ പണം ആവശ്യപ്പെട്ട സന്ദേശങ്ങള്‍ കണ്ടെത്തിയതായും അന്വേഷണസംഘം വ്യക്തമാക്കി. കേസെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരേ പ്രദേശത്ത് പ്രതിഷേധം ഉണ്ടായിരുന്നു.
ശക്തമായ രാഷ്ട്രീയ സ്വാധീനം കാരണമാണ് പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനു പുറകിലെന്നും ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുണ്ടെന്നും സ്വകാര്യചാനലില്‍ പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു.പ്രതി അരിയല്ലൂരിലെ പ്രാദേശിക ഡിവൈഎഫ്‌ഐ ഭാരവാഹിയായിരുന്നുവെന്നതും ഉന്നത രാഷ്ട്രീയ ഇടപെടലിന് കാരണമായിട്ടുണ്ട്. പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രഹസ്യമായി ഉപയോഗിച്ചിരുന്ന മറ്റൊരു മൊബൈല്‍ ഫോണും പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. നിലവില്‍ ഇയാള്‍ക്കെതിരേ പരപ്പനങ്ങാടിയിലും മാഹിയിലുമായി രണ്ടു പരാതികളാണ് ലഭിച്ചിട്ടുള്ളത്.
No comments
Post a Comment