Header Ads

  • Breaking News

    ചെരിപ്പിനടിയിൽ ബബിൾ ഗം ഒട്ടി, അതിൽ സ്വർണത്താലി പറ്റിപ്പിടിച്ചു; ഒടുവിൽ, സിനിമയെ വെല്ലുന്ന ക്ലൈമാക്സ്

    ഉദുമ : കെട്ടുതാലിയുടെ വിലയറിയുന്ന പെൺമനസ്സുകൾ കാട്ടിയ സത്യസന്ധതയിലൂടെ ഈ ഹരിതകർമസേനാംഗങ്ങൾ ഇനി നാട്ടിലെ താരങ്ങൾ. ചെരുപ്പിൽ പറ്റിയ ബബിൾഗമ്മിൽ ഒട്ടിപ്പിടിച്ച് കിട്ടിയ ഒരുലക്ഷത്തിലധികം വിലവരുന്ന കെട്ടുതാലി ഉടമയ്ക്ക് തിരിച്ചു നൽകിയാണ്‌ ഇവർ മനസ്സിന്റെ ഹരിതാഭ തെളിയിച്ചത്. പള്ളിക്കര ചെർക്കാപ്പാറയിൽ മാലിന്യശേഖരണത്തിനിറങ്ങിയ സുജ വെളുത്തോളിക്കും സുനിത വെളുത്തോളിക്കുമാണ് ആരോ ചവച്ച് തുപ്പിയ ബബിൾഗമ്മിൽ പറ്റിയ സ്വർണം കിട്ടിയത്.

    ഈ മാസം മാലിന്യശേഖരണത്തിന്റെ ഭാഗമായി ചെരുപ്പാണ് ശേഖരിക്കുന്നത്. ചൊവ്വാഴ്ച ഇവർ ചെർക്കാപ്പാറയിലെ സുധയുടെ വീട്ടിൽനിന്ന്‌ പതിവുപോലെ പൊട്ടിയ ചെരുപ്പുകൾ ശേഖരിച്ചു.

    അല്പം ഫ്ലാഷ് ബാക്ക്

    ചെർക്കാപ്പാറയിലെ കടയുടമ കനകയുടെ വീട്ടിലേക്ക് വിഷുവിന് മുൻപ് എണ്ണപ്പാറയിലെ ബന്ധുവായ ജിഷ വിരുന്ന്‌ വന്നിരുന്നു. അന്ന് ജിഷയുടെ ഒരുപവന്റെ താലി കളഞ്ഞുപോയി. വീട്ടുകാരും നാട്ടുകാരും ഈ താലി ഏറെനേരം തിരഞ്ഞിട്ടും കിട്ടിയില്ല. സങ്കടത്തോടെ ജിഷ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി. അന്ന് സ്വർണം തിരയാൻ അടുത്ത വീട്ടിലെ സുധയും പോയിരുന്നു. ഇവർ അന്നിട്ട ചെരുപ്പ് കഴിഞ്ഞദിവസം പൊട്ടുകയും അതടക്കം കുറേയെണ്ണം ചൊവ്വാഴ്ച ഹരിതകർമ സേനാംഗങ്ങൾക്ക് വീട്ടുകാർ നൽകുകയും ചെയ്തു.

    ചെരുപ്പിൽ സ്വർണം തിളങ്ങുന്നു

    സുധയുടെ വീട്ടിൽനിന്ന്‌ കിട്ടിയ ചെരുപ്പുകളുടെ അടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചെളിയും അഴുക്കും സിമിന്റ്‌ തറയിൽ ഉരച്ച് ചാക്കിൽ നിറയ്ക്കുന്നതിനിടയിൽ താലി തിരയാൻ പോയ ദിവസം ധരിച്ച ചെരുപ്പും കിട്ടി. ഇതിന്റെ അടിയിൽ പറ്റിയിരുന്ന ബബിൾഗം സിമിന്റിൽ ഉരച്ചപ്പോൾ ഒരു സ്വർണത്തിളക്കം കണ്ടു. ബബിൾഗം കുത്തിപ്പറിച്ചെടുത്തപ്പോഴാണ്‌ ഒരുപവന്റെ താലിത്തിളക്കം ശ്രദ്ധയിൽപ്പെട്ടത്‌.

    ചെരുപ്പിന്റെ ഉടമ സുധയോട് തിരക്കിയപ്പോൾ ജിഷയുടെ നഷ്ടപ്പെട്ട താലിയും വൃഥാവിലായ അന്നത്തെ തിരച്ചിലുമെല്ലാം അവർ വിശദീകരിച്ചു. സുജയും സുനിതയും അപ്പുറത്തുണ്ടായിരുന്ന മറ്റൊരംഗം നാരായണിയെ സ്വർണത്താലി കിട്ടിയ വിവരമറിയിച്ചു. പിന്നെ ഫോട്ടോയെടുക്കലും സേനാംഗങ്ങൾക്ക് അഭിനന്ദനവുമെല്ലാം മുറപോലെ നടന്നുഇതിനിടയിൽ എല്ലാവരും ചേർന്ന് കനകയ്ക്ക്‌ താലി കൈമാറി.
    വിവരമറിഞ്ഞെത്തിയ ജിഷ കെട്ടുതാലി ഏറ്റുവാങ്ങി വീണ്ടും മാലയിൽ കോർത്തു.

    No comments

    Post Top Ad

    Post Bottom Ad