Header Ads

  • Breaking News

    പാപ്പിനിശ്ശേരി ഓവർബ്രിഡ്ജ് തുറക്കാൻ വൈകുന്നു; സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കി

    പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ഓവർബ്രിഡ്ജ് തുറന്നുകൊടുക്കുന്നത് അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധിച്ച് പാപ്പിനിശ്ശേരിയിൽ സ്വകാര്യ ബസുകൾ ഓട്ടം നിർത്തി പ്രതിഷേധിച്ചു. തിങ്കളാഴ്ച നടന്ന പണിമുടക്കിൽ കണ്ണൂർ-പഴയങ്ങാടി റൂട്ടിലോടുന്ന നാൽപ്പതിലധികം ബസുകൾ പൂർണ്ണമായി പങ്കെടുത്തതായി തൊഴിലാളി നേതാക്കൾ അറിയിച്ചു. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പഴയങ്ങാടിയിൽ നിന്നും മാട്ടൂലിലേക്ക് സർവീസ് നടത്തുന്ന മിക്ക ബസുകളും സർവീസ് നടത്തിയില്ല.

    ഓവർബ്രിഡ്ജ് അടച്ചിട്ടതോടെ വാഹനങ്ങൾ ഇരിണാവ് ഗേറ്റ് വഴിയാണ് കടന്നുപോകുന്നത്. വലിയ ലോറികളടക്കമുള്ള വാഹനങ്ങൾ ഈ വഴി തിരിച്ചുവിടുന്നതും, ഗേറ്റ് കൂടുതൽ സമയം അടച്ചിടുന്നതും കാരണം സമയബന്ധിതമായി സർവീസ് നടത്താൻ കഴിയാത്തത് കഴിഞ്ഞ രണ്ടു മാസമായി ബസുകളെ സാരമായി ബാധിച്ചിരുന്നു.

    വരുമാനം കുറഞ്ഞതോടെ തൊഴിലാളികൾക്ക് കുറഞ്ഞ കൂലി നൽകേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതോടെ ബസ് തൊഴിലാളികളുടെ ജീവിതമാർഗ്ഗം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്.

    എസ്.ഡി.ടി.യു (SDTU) സംഘടനയുടെ നേതൃത്വത്തിലായിരുന്നു പണിമുടക്ക് സംഘടിപ്പിച്ചത്.

    അതേസമയം ഗുരുതരമായ അപാകതകൾ കണ്ടെത്തിയ പാപ്പിനിശ്ശേരി ഓവർ ബ്രിഡ്ജ് പ്രവൃത്തികൾ പൂർത്തീകരിച്ച് ഏപ്രിൽ അഞ്ചിന് മുമ്പേ തുറക്കാൻ സാധിക്കുമെന്ന് അധികൃതർ സൂചന നല്കി.


    No comments

    Post Top Ad

    Post Bottom Ad