തീവണ്ടി വേഗത മണിക്കൂറിൽ 130 കിലോമീറ്ററാക്കണം ; റെയിൽപാതകളിൽ ഡ്രോൺ ഏരിയൽ മാപ്പിങ് നടത്തുന്നു
കണ്ണൂർ :- തീവണ്ടിവേഗം മണിക്കൂറിൽ 110 കിലോമീറ്ററിൽ നിന്ന് 130 കിലോമീറ്ററിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഡ്രോൺ ഉപയോഗിച്ചുള്ള ഏരിയൽ മാപ്പിങ് നടത്തുന്നു. മംഗളൂരു-ഷൊർണൂർ സെക്ഷനിലാണ് ഏരിയൽ സർ വേയ്ക്ക് ഏജൻസിയെ ക്ഷണിച്ചത്. റെയിൽവേസ്ഥലം, റെയിൽവേ കെട്ടിടങ്ങൾ, അതിര് ഉൾപ്പെടെ രേഖപ്പെടുത്തും. പാളത്തിലെ വളവിൻ്റെ സ്വഭാവം മനസ്സിലാക്കി അന്തിമ പാളം നവീകരണം നടത്തുകയാണ് ലക്ഷ്യം. കേരളത്തിൽ ഒന്നും രണ്ടും പാതയിലെ കുറഞ്ഞ വേഗം 130 കിലോമീറ്ററായി ഉയർത്തുന്നത് ആദ്യം മംഗളൂരു-ഷൊർണൂർ സെക്ഷനിലാണ്.
നിലവിൽ മംഗളൂരു-ഷൊർണൂർ സെക്ഷനിൽ തീവണ്ടികളുടെ വേഗം 110 കിലോമീറ്ററാണ്. വേഗം കൂട്ടാൻ ചെറുവളവുകൾ നിവർത്തുന്നതടക്കമുള്ള പ്രവൃത്തി നടക്കുന്നുണ്ട്. 288 വളവുകൾ നിവർത്തണം. ഇതിനൊപ്പം പാളം-സ്ലീപ്പറുകളുടെ സാങ്കേതികമായ മാറ്റങ്ങൾ, മൂന്നാം സിഗ്നൽ പ്രവൃത്തി എന്നിവ ഉൾപ്പെടെ പൂർത്തിയായി വരികയാണ്. മംഗളൂരു മുതൽ തിരുവനന്തപുരം വരെ (കോട്ടയം വഴി) 633 കിലോമീറ്ററിൽ വരാനിരിക്കുന്ന മൂന്നാം പാതയിലെ തീവണ്ടി വേഗം 160 കിലോമീറ്ററാണ്.
അതിന് മുൻപ് ഒന്ന്, രണ്ട് പാതകളിൽ കേരളം വേഗം കൂട്ടും. റെയിൽപ്പാളങ്ങളുടെ ഇരുവശവും സുരക്ഷാവേലി നിർമാണവും പുരോഗമിക്കുന്നുണ്ട്. പോത്തന്നൂർ മുതൽ മംഗളൂരു വരെ 30 കിലോമീറ്ററിലാണ് ആദ്യ ഘട്ടം സ്ഥാപിക്കുന്നത്. പാലക്കാട് ഡിവിഷനിലെ എട്ടു സെക്ഷനുകളിലാണ് നിർമാണം നടക്കുന്നത്. തീവണ്ടി വേഗം 130 കിലോമീറ്ററിലേക്ക് ഉയർത്തുമ്പോൾ സുരക്ഷയുടെ ഭാഗമായിട്ടാണ് വേലി നിർമിക്കുന്നത്.

No comments
Post a Comment