വാട്സാപ്പിലും ഇൻസ്റ്റഗ്രാമിലും എഐ ചാറ്റ് ഇനി കുട്ടികൾക്കില്ല; നിയന്ത്രണങ്ങളുമായി മെറ്റ
ന്യൂഡൽഹി: വാട്സാപ്, ഇൻസ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് സാങ്കൽപിക കഥാപാത്രങ്ങളെ സൃഷ്ടിച്ച് ചാറ്റ് ചെയ്യുന്ന ഫീച്ചർ ഇനി പ്രായപൂർത്തിയായവർക്ക് മാത്രമായി പരിമിതപ്പെടുത്തി. ഉപഭോക്താക്കൾക്ക് സ്വന്തം പേരിൽ എഐ കഥാപാത്രങ്ങളെ (AI Characters) നിർമിച്ച് ഫോളോവർമാരുമായി സംവദിക്കാൻ അവസരമൊരുക്കുന്ന ‘എഐ സ്റ്റുഡിയോ’ ഫീച്ചർ കുട്ടികൾക്ക് ലഭ്യമാകില്ലെന്ന് മെറ്റ അറിയിച്ചു.
എഐ ബോട്ടുകളുമായുള്ള നിരന്തരമായ സംഭാഷണങ്ങൾ കുട്ടികളുടെ മാനസിക നിലയെയും പെരുമാറ്റത്തെയും ദോഷകരമായി ബാധിക്കുമെന്ന ആഗോളതലത്തിലുള്ള ആശങ്കകൾ കണക്കിലെടുത്താണ് ഈ സുപ്രധാന തീരുമാനം. നിലവിൽ ഈ സേവനം കുട്ടികൾക്ക് താൽക്കാലികമായി റദ്ദാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി ഈ ഫീച്ചർ പരിഷ്കരിക്കുമെന്നും മെറ്റ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, പൊതുവായ വിവരങ്ങൾ തേടാൻ സഹായിക്കുന്ന 'മെറ്റ എഐ അസിസ്റ്റന്റ്' തുടർന്നും ലഭ്യമാകും. നേരത്തെ, 'കാരക്ടർ. എഐ' (Character.ai) ഉൾപ്പെടെയുള്ള മുൻനിര എഐ കമ്പനികൾ പ്രായപൂർത്തിയാകാത്തവർക്ക് തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മെറ്റയും സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കുന്നത്
No comments
Post a Comment