പതിനാറുകാരനെ ക്രൂരമായി മർദിച്ച സംഭവം ; പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയെ കസ്റ്റഡിയിലെടുത്ത് ജൂവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കി
കൽപ്പറ്റ: കൽപ്പറ്റയിൽ പതിനാറുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയെ ഇതിനോടകം കസ്റ്റഡിയിലെടുത്ത് ജൂവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കി. തുടർ നടപടികൾക്കായി കുട്ടിയെ സി.ഡബ്ല്യു.സിക്ക് (ചൈൽഡ് വെൽഫെയർ കമ്മിറ്റി) കൈമാറി കൗൺസിലിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങുകയാണ് അധികൃതർ. സംഭവത്തിൽ ഉൾപ്പെട്ട രണ്ടാമത്തെ കുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം. സോഷ്യൽ മീഡിയയിലൂടെ മർദനത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് പുറംലോകം അറിയുന്നത്. സ്വന്തം മകൻ ഇത്ര ക്രൂരമായ മർദനത്തിന് ഇരയായ വിവരം പോലീസ് അറിയിക്കുമ്പോൾ മാത്രമാണ് മാതാപിതാക്കൾ അറിയുന്നത് എന്നത് സംഭവത്തിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു. തർക്കത്തിനിടെ മോശം വാക്ക് ഉപയോഗിച്ചു എന്ന നിസ്സാര ആരോപണത്തിന്റെ പേരിൽ മർദനം തുടങ്ങിയ കുട്ടികൾ, ഇരയായ കുട്ടിയെ നിലത്തിട്ട് ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്തത് ദൃശ്യങ്ങളിൽ വ്യക്തമാണ്. മർദനം നിർത്താൻ സംഘത്തിലൊരാൾ ആവശ്യപ്പെട്ടിട്ടും അക്രമികൾ പിന്മാറിയില്ലെന്ന് മാത്രമല്ല, ക്രൂരതയ്ക്ക് ശേഷം പതിനാറുകാരനെക്കൊണ്ട് നിർബന്ധിപ്പിച്ചു കാലുപിടിച്ച് മാപ്പ് പറയിപ്പിക്കുകയും ചെയ്തു. കുട്ടികൾ തമ്മിലുള്ള മുൻവൈരാഗ്യമാണ് ഇത്തരം ഒരു ക്രിമിനൽ നടപടിയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
No comments
Post a Comment