Header Ads

  • Breaking News

    ഇൻഷുറൻസ് പരിരക്ഷയില്ലാതെ വാഹന പാർക്കിങ്‌ ; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തി





    കണ്ണൂർ :- റെയിൽവേ വാഹന പാർക്കിങ്ങിന് ഇൻഷുറൻസ് പരിരക്ഷയില്ല. കണ്ണൂർ ഉൾപ്പെടെ വലിയ സ്റ്റേഷനുകളിൽ നടത്തിയ പരിശോധനയിലാണ് ഈ കാര്യം കണ്ടെത്തിയത്. വാഹന പാർക്കിങ്ങിന് റെയിൽവേ ഭൂമി ടെൻഡർ നൽകുന്നു. കരാറുകാർ വാടക നിശ്ചയിച്ച് ഫീസ് വാഹനയുടമകളോട് വാങ്ങുന്നു. സിസിടിവി ക്യാമറകൾ സ്ഥാപിക്കൽ, സുരക്ഷിതമായ വൈദ്യുതി സംവിധാനം, കരാറുകാർ പോലീസ് വെരിഫിക്കേഷൻ ഏർപ്പെടുത്തൽ ഉൾപ്പെടെ നിയമാവലിയിൽ പറയുന്നുണ്ട്. എന്നാൽ വാഹന പാർക്കിങ്ങിന് ഇൻഷുറൻസ് പരിരക്ഷ ആരും ഒരുക്കിയിട്ടില്ല.

    ഭൂമി കരാർ നൽകിക്കഴിഞ്ഞാൽ പൂർണസുരക്ഷ കരാറുകാരുടേതാണെന്നാണ് റെയിൽവേ പറയുന്നത്. എന്നാൽ കരാറുകാർ ഇൻഷുറൻസ് സംവിധാനം ഒരുക്കുന്നില്ല. ഇത് ചെയ്യേണ്ടത് റെയിൽവേ ആണെന്നാണ് അവരുടെ അഭിപ്രായം. കണ്ണൂർ സ്റ്റേഷനിൽ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലായി 5000 സ്ക്വയർ മീറ്ററിലധികം സ്ഥലം വാഹന പാർക്കിങ്ങിന് ഉപയോഗിക്കുന്നു. കണ്ണൂർ, കോഴിക്കോട് ഉൾപ്പെടെ വലിയ സ്റ്റേഷനുകളിലാണ് ഞായറാഴ്ച പരിശോധന നടന്നത്. റെയിൽവേ പോലീസ്, ആർപിഎഫ്, ലോക്കൽ പോലീസ് എന്നിവർ പങ്കെടുത്തു. തൃശ്ശൂർ റെയിൽവേ പാർക്കിങ് സ്ഥലത്ത് നൂറുകണക്കിന് ബൈക്കുകൾ കത്തിനശിച്ചതിന് പിന്നാലെയാണ് ഇത്. തുടർദിവസങ്ങളിൽ എല്ലാ റെയിൽവേ പാർക്കിങ് സ്ഥലത്തും പോലീസ് സുരക്ഷാപരിശോധന നടത്തും.

    No comments

    Post Top Ad

    Post Bottom Ad