പി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടത്തിയ പ്രവർത്തകന്റെ ബൈക്ക് കത്തിച്ചു
കണ്ണൂര്‍: ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ചതിനെ തുടർന്ന് സി.പി.എം പുറത്താക്കിയ കണ്ണൂർ ജില്ല കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടത്തിയ പ്രവർത്തകന്റെ ബൈക്ക് കത്തിച്ചു. വെള്ളൂർ സ്വദേശി പ്രസന്നന്റെ ബൈക്ക് ആണ് ഇന്നലെ രാത്രി അജ്ഞാതർ കത്തിച്ചത്. വീട്ടിന്റെ മുറ്റത്ത് നിർത്തിയിട്ട ബൈക്ക് പറമ്പിലേക്ക് എത്തിച്ചാണ് തീയിട്ടത്.
സമീപ പ്രദേശത്ത് വീടുകൾ ഇല്ലാത്തതിനാൽ ബൈക്ക് കത്തിച്ച വിവരം ആരും അറിഞ്ഞിരുന്നില്ല. ഇന്ന് രാവിലെയാണ് കത്തിയ നിലയിൽ പ്രസന്നൻ ബൈക്ക് കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് അനുകൂലികൾ വെള്ളൂർ ഭാഗത്ത് പ്രകടനം നടന്നിരുന്നു.
പ്രകടനത്തിന് നേതൃത്വം നൽകിയത് പ്രസന്നൻ ആയിരുന്നു. പ്രകടനത്തിൽ പങ്കെടുത്തതിന്റെ വിദ്വേഷത്തിൽ സി.പി.എം പ്രവർത്തകരാണ് ബൈക്ക് കത്തിച്ചതെന്നാണ് കുഞ്ഞികൃഷ്ണൻ അനുകൂലികൾ ആരോപിക്കുന്നത്.
നേരത്തെ, സജീവ പാർട്ടി പ്രവർത്തകനായിരുന്ന പ്രസന്നൻ നിലവിൽ പാർട്ടി അനുഭാവിയാണ്. സി.പി.എം പുറത്താക്കിയതിന് പിന്നാലെ ഇന്നലെ വൈകിട്ട് സി.പി.എം പ്രവർത്തകർ വി. കുഞ്ഞികൃഷ്ണന്റെ വീടിനു മുന്നിൽ പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തിയിരുന്നു.
കുഞ്ഞികൃഷ്ണൻ വീട്ടിലില്ലാതിരുന്ന സമയത്തെത്തിയ പ്രവർത്തകർ വീടിനു മുന്നിൽ നിന്ന് മുദ്യാവാക്യവും പരസ്യ പ്രതിഷേധവുമാണ് നടത്തിയത്. പയ്യന്നൂരിലെ സി.പി.എം നേതാവും എം.എൽ.എയുമായ ടി.ഐ. മധുസൂദനന് എതിരെ ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണമുന്നയിച്ച കണ്ണൂർ ജില്ല കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനെ പാർട്ടി ഞായറാഴ്ച പുറത്താക്കിയിരുന്നു.
വിവാദം ആളിക്കത്തുന്നതിനിടെ ചേർന്ന സി.പി.എം ജില്ല സെക്രട്ടേറിയറ്റ് യോഗത്തിൽ നേതൃത്വം ഒറ്റക്കെട്ടായാണ് പുറത്താക്കാൻ തീരുമാനിച്ചത്.
കടുത്ത അച്ചടക്കലംഘനമാണ് കുഞ്ഞികൃഷ്ണന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഒരിക്കൽ അവസാനിപ്പിച്ച വിഷയം വീണ്ടും ചർച്ചയാക്കി രാഷ്ട്രീയ എതിരാളികളെ സഹായിക്കുന്ന നിലപാടാണ് ഇതെന്നും നേതൃത്വം വിലയിരുത്തി. തിങ്കളാഴ്ച നടന്ന ജില്ല കമ്മിറ്റി യോഗത്തിൽ സെക്രട്ടേറിയറ്റ് തീരുമാനത്തിന് അംഗീകാരം നൽകി. ചൊവ്വാഴ്ച ചേരുന്ന പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിൽ ഈ തീരുമാനം റിപ്പോർട്ട് ചെയ്യും.
വെള്ളിയാഴ്ചയാണ് കുഞ്ഞികൃഷ്ണന് വീണ്ടും ഫണ്ട് തിരിമറി ആരോപണമുന്നയിച്ചത്. ജില്ല നേതൃത്വം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും ബന്ധപ്പെട്ട് കുഞ്ഞികൃഷ്ണന് വിഷയം കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തിരുന്നു.
തുടർന്നാണ് ജില്ല സെക്രട്ടേറിയറ്റിൽ ആരോപണ വിധേയനായ ടി.ഐ. മധുസൂദനന്റെ സാന്നിധ്യത്തിൽ കുഞ്ഞികൃഷ്ണനെ പുറത്താക്കാൻ തീരുമാനിച്ചത്. നേരത്തേ, കുഞ്ഞികൃഷ്ണന് ഉന്നയിച്ച ആരോപണത്തെ തുത്തുടര്ന്ന് ടി.ഐ. മധുസൂദനനെതിരെ തരംതാഴ്ത്തല്‍ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍, മാസങ്ങള്‍ പിന്നിട്ടപ്പോഴേക്കും മധുസൂദനനെ ജില്ല സെക്രട്ടേറിയറ്റിലേക്കുതന്നെ തിരിച്ചെടുത്തു.
മാത്രമല്ല വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മധുസൂദനനെ പയ്യന്നൂരില്‍ മത്സരിപ്പിക്കാന്‍ നേതൃതലത്തില്‍ ധാരണയുമായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് കുഞ്ഞികൃഷ്ണന് വീണ്ടും ആരോപണവുമായി രംഗത്തുവന്നത്.
No comments
Post a Comment