കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ നവീകരിച്ച വിശ്രമ മുറിയുടെ ഉദ്ഘാടനം ഇന്ന്
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുങ്ങുന്നു. ഒന്നാം പ്ലാറ്റ്‌ഫോമിൽ നവീകരിച്ച ആധുനിക രീതിയിലുള്ള എയർകണ്ടീഷൻഡ് (AC) വിശ്രമമുറി ഇന്ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.
കണ്ണൂർ റെയിൽവേ സ്റ്റേഷൻ മാനേജർ എസ്. സജിത്കുമാർ ഇന്ന് വിശ്രമമുറിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. നേരത്തെ 15 പേർക്ക് മാത്രം ഇരിക്കാവുന്ന സൗകര്യമുണ്ടായിരുന്ന പഴയ വിശ്രമമുറിയാണ് അത്യാധുനിക രീതിയിൽ നവീകരിച്ച് 50 പേർക്ക് ഒരേസമയം ഇരിക്കാവുന്ന രീതിയിലേക്ക് വികസിപ്പിച്ചത്. ഇതോടെ ട്രെയിൻ കാത്തുനിൽക്കുന്ന യാത്രക്കാർക്ക് കൂടുതൽ സുഖകരമായ കാത്തിരിപ്പ് കേന്ദ്രം ലഭ്യമാകും.
യാത്രക്കാർക്ക് മിതമായ നിരക്കിലാണ് ഈ എസി വിശ്രമമുറിയിൽ പ്രവേശനം അനുവദിക്കുന്നത്. ഒരു മണിക്കൂറിന് 30 രൂപയാണ് ചാർജ് ഈടാക്കുന്നത്. വിശ്രമമുറിക്ക് ഉള്ളിൽ തന്നെ മികച്ച രീതിയിലുള്ള കഫ്റ്റീരിയയും അത്യാധുനിക ശൗചാലയങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ എത്തുന്ന യാത്രക്കാർക്കും ദീർഘദൂര യാത്രക്കാർക്കും ഈ സൗകര്യം വലിയ ആശ്വാസമാകും.
റെയിൽവേ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു ചുവടുവെപ്പായാണ് ഈ നവീകരണം കാണുന്നത്. ഒന്നാം പ്ലാറ്റ്‌ഫോമിൽ തന്നെ ഈ സൗകര്യം ഒരുക്കിയത് പ്രായമായവർക്കും കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവർക്കും പടികൾ കയറാതെ തന്നെ വിശ്രമ കേന്ദ്രത്തിലേക്ക് എത്താൻ സഹായിക്കും.
No comments
Post a Comment