Header Ads

  • Breaking News

    നിങ്ങൾ ഡിജിറ്റൽ അറസ്റ്റിലാണ് ' ; പണം തട്ടാനുള്ള വഴികൾ ഏറെ, ജാഗ്രത വേണം




    ഫോൺ ബെല്ലടിക്കുന്നു. മറുതലയ്ക്കൽ ശാന്തമായ സ്വരത്തിൽ ഒരാൾ സംസാരിക്കുന്നു. താൻ പോലീസ് ഉദ്യോഗസ്ഥനാണെന്നോ, സിബിഐ ഓഫീസറാണെന്നോ അല്ലെങ്കിൽ സൈബർ ക്രൈം അന്വേഷണ ഉദ്യോഗസ്ഥനാണെന്നോ പരിചയപ്പെടുത്തുന്നു. നിങ്ങളുടെ ആധാർ കാർഡോ, ബാങ്ക് അക്കൗണ്ടോ, മൊബൈൽ നമ്പറോ അല്ലെങ്കിൽ നിങ്ങളുടെ പേരിൽ വന്ന ഒരു പാഴ്സ‌ലോ ഏതെങ്കിലും നിയമവിരുദ്ധമായ കേസുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് അവർ പറയുന്നു. ആ വാചകം പിന്നാലെ വരുന്നു: 'നിങ്ങൾ ഡിജിറ്റൽ അറസ്റ്റിലാണ്'.

    ഇന്ത്യൻ നിയമവ്യവസ്ഥയിൽ 'ഡിജിറ്റൽ അറസ്റ്റ്' എന്നൊന്നില്ല എന്നതാണ് സത്യം. എന്നാൽ ആ പേടിപ്പെടുത്തുന്ന സാഹചര്യത്തിൽ പലരും ഈ സത്യം ഓർക്കാറില്ല. ഭയം, അധികാരം, വേഗത എന്നിവ ആയുധമാക്കിയാണ് തട്ടിപ്പുകാർ വലവിരിക്കുന്നത്. ഫോൺ കട്ട് ചെയ്യരുതെന്നും, വീട്ടുകാരോട് സംസാരിക്കരുതെന്നും, പോലീസ് സ്റ്റേഷനിൽ പോകരുതെന്നും ഇക്കൂട്ടർ ഭീഷണിപ്പെടുത്തും. പണം കൈമാറുന്നതും മൊഴിയെടുക്കുന്നതും ഉൾപ്പെടെ എല്ലാം ഓൺലൈനായി വീഡിയോ കോളിലൂടെ നടക്കുമെന്നും ഇവർ വിശ്വസിപ്പിക്കുന്നു. ഫോൺ വെയ്ക്കുമ്പോഴേക്കും അക്കൗണ്ടിലെ പണം മുഴുവൻ നഷ്ടപ്പെട്ടിട്ടുണ്ടാകും.

    എന്താണ് യഥാർത്ഥത്തിൽ ഈ 'ഡിജിറ്റൽ അറസ്റ്റ് ?

    ഇതൊരു ഔദ്യോഗിക നിയമ നടപടിയല്ല. ഇരകളെ ഭയപ്പെടുത്തി, തങ്ങൾക്കെതിരെ ഗുരുതരമായ നിയമനടപടികൾ നടക്കുന്നുണ്ടെന്നും ഉടൻ സഹകരിച്ചില്ലെങ്കിൽ കുഴപ്പമാകുമെന്നും വിശ്വസിപ്പിക്കാൻ തട്ടിപ്പുകാർ ഉണ്ടാക്കിയെടുത്ത ഒരു കള്ളപ്പേരാണിത്. പോലീസ് യൂണിഫോം ധരിച്ചും, വ്യാജ തിരിച്ചറിയൽ കാർഡുകൾ കാണിച്ചും, പോലീസ് സ്റ്റേഷനെന്ന് തോന്നിപ്പിക്കുന്ന പശ്ചാത്തലത്തിലുമാകും ഇവർ വീഡിയോ കോളിൽ വരുന്നത്. അവരുടെ സംസാരത്തിലെ ആത്മവിശ്വാസം കണ്ട് ആരും വീണുപോകും. ചിന്തിക്കാനുള്ള സാവകാശം നൽകാതിരിക്കുക എന്നതാണ് ഇവരുടെ തന്ത്രം. അറസ്റ്റ്, ചോദ്യം ചെയ്യൽ, സാമ്പത്തിക പരിശോധനകൾ എന്നിവയൊന്നും വാട്‌സാപ്പ് വീഡിയോ കോളിലൂടെയോ മെസേജിംഗ് ആപ്പുകളിലൂടെയോ നടക്കില്ലെന്ന് പോലീസ് പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്.

    കുടുങ്ങുന്നത് എങ്ങനെ?

    അശ്രദ്ധ കൊണ്ടല്ല മിക്കവരും ഈ ചതിയിൽ വീഴുന്നത്. മറിച്ച് വിശ്വസനീയമായ കാര്യങ്ങൾ പറഞ്ഞാണ് തട്ടിപ്പ് തുടങ്ങുന്നത് എന്നതുകൊണ്ടാണ്. കൊറിയർ പാഴ്‌സൽ, സിം കാർഡ്, ബാങ്ക് ലോൺ എന്നിങ്ങനെ നമുക്ക് പരിചിതമായ കാര്യങ്ങളെക്കുറിച്ചാകും അവർ സംസാരിക്കുക. ഭയം വരുമ്പോൾ യുക്തി കൈമോശം വരും. ബാങ്ക് അക്കൗണ്ട് പരിശോധിക്കാനായി ഒരു പോലീസുകാരനും പണം ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടില്ലെന്നും, വാട്‌സാപ്പിലൂടെ ബാങ്കുകൾ കേസുകൾ തീർപ്പാക്കില്ലെന്നും ജനം മറന്നുപോകുന്നു.

    അപായ സൂചനകൾ തിരിച്ചറിയാം

    ധൃതിപിടിപ്പിക്കൽ: ചിന്തിക്കാനോ മറ്റൊരാളോട് സംസാരിക്കാനോ സമയം നൽകാതെ വിഷയം ഉടൻ പരിഹരിക്കണമെന്ന് ഇവർ നിർബന്ധിക്കും.

    ഒറ്റപ്പെടുത്തൽ : ഇക്കാര്യം കുടുംബാംഗങ്ങളോടോ സുഹൃത്തുക്കളോടോ പറയരുതെന്ന് കർശനമായി വിലക്കും. മൂന്നാമതൊരാൾ അറിഞ്ഞാൽ തട്ടിപ്പ് പൊളിയുമെന്ന് അവർക്കറിയാം.

    പണം ആവശ്യപ്പെടൽ : 'വെരിഫിക്കേഷന് വേണ്ടിയാണെന്നും, 'സേഫ് അക്കൗണ്ടിലേക്ക് മാറ്റാനാണെന്നും പറഞ്ഞ് പണം അയയ്ക്കാൻ ആവശ്യപ്പെടും. പണം അയയ്ക്കുമ്പോൾ വീഡിയോ കോൾ കട്ട് ചെയ്യാൻ പാടില്ലെന്നും പറയും. 

    എങ്ങനെ രക്ഷപ്പെടാം ?

    ഫോൺ കട്ട് ചെയ്യുക : ഭീഷണിപ്പെടുത്തിയാലും പേടിക്കേണ്ട, ധൈര്യമായി ഫോൺ കട്ട് ചെയ്യുക. ഫോൺ കട്ട് ചെയ്ത‌തിന്റെ പേരിൽ യഥാർത്ഥ പോലീസ് നടപടിയെടുക്കില്ല.

    സ്ഥിരീകരിക്കുക : പോലീസ് സ്റ്റേഷനിലോ ബാങ്കിലോ വിളിച്ച് സത്യാവസ്ഥ അന്വേഷിക്കുക. വീട്ടിലുള്ളവരോട് കാര്യം പറയുക. മറ്റൊരാളോട് സംസാരിക്കുന്നതോടെ തട്ടിപ്പുകാരുടെ കള്ളത്തരം വെളിച്ചത്താകും.

    ഓർക്കുക : നിയമനടപടികൾക്ക് രേഖകളുണ്ടാകും, അത് നാടകീയമായിരിക്കില്ല. നോട്ടീസുകൾ, നേരിട്ടുള്ള സന്ദർശനം എന്നിവയാണ് പോലീസിന്റെ രീതി. അല്ലാതെ വീഡിയോ കോളിലൂടെയല്ല.

    തട്ടിപ്പിന് ഇരയായാൽ എന്തുചെയ്യണം ?

    ഇത്തരം കോൾ വന്നാൽ തർക്കിക്കാനോ നിരപരാധിത്വം തെളിയിക്കാനോ നിൽക്കരുത്. 'സുരക്ഷയ്ക്കായി' പണം മാറ്റാനും ശ്രമിക്കരുത്. പണം കൈമാറിക്കഴിഞ്ഞാൽ അത് തിരികെ ലഭിക്കുക പ്രയാസമാണ്. അബദ്ധത്തിൽ വിവരങ്ങൾ കൈമാറുകയോ പണം നഷ്‌ടപ്പെടുകയോ ചെയ്താൽ, ഉടൻ തന്നെ ബാങ്കിലും സൈബർ ക്രൈം ഹെൽപ്പ് ലൈനിലും റിപ്പോർട്ട് ചെയ്യുക. എത്ര വേഗത്തിൽ റിപ്പോർട്ട് ചെയ്യുന്നുവോ അത്രയും നല്ലത്. ഭയവും മൗനവുമാണ് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകാരുടെ വിജയം. അതുകൊണ്ട് ധൈര്യമായിരിക്കുക, സംശയം തോന്നിയാൽ വിശ്വസ്‌തരായവരോട് സംസാരിക്കുക.


    No comments

    Post Top Ad

    Post Bottom Ad