Header Ads

  • Breaking News

    പുതുവർഷത്തിൽ പുതുമോടി ; 21 അമൃത് ഭാരത് റെയിൽവേ സ്റ്റേഷനുകൾ ഉദ്ഘാടനത്തിലേക്ക്





    കണ്ണൂർ :- പുതുവർഷത്തിൽ അടിമുടി മാറി കേരളത്തിലെ 21 അമൃത് ഭാരത് റെയിൽവേ സ്റ്റേഷനുകൾ ഉദ്ഘാടനത്തിലേക്ക്. 500 കോടി രൂപയുടെ പദ്ധതിയാണ് അമൃത് ഭാരത് സ്റ്റേഷൻ സ്കീമിൽ (എബിഎസ്എസ്) പൂർത്തിയാകുന്നത്. ഇന്ത്യയിൽ ആകെ 1337 സ്റ്റേഷനുകളിലാണ് അമൃത് ഭാരത് പദ്ധതി വരുന്നത്. ഒരു ലക്ഷം കോടി രൂപയാണ് ചെലവഴിക്കുന്നത്.

    തിരുവനന്തപുരം ഡിവിഷനിലെ ഇരിങ്ങാലക്കുട, ചാലക്കുടി, തൃപ്പൂണിത്തുറ, ചങ്ങനാശ്ശേരി സ്റ്റേഷനുകളിൽ 100 ശതമാനം പ്രവൃത്തി പൂർത്തിയായി. വടക്കാഞ്ചേരി, ആലപ്പുഴ, തിരുവല്ല, ഏറ്റുമാനൂർ, കായംകുളം, അങ്കമാലി, നെയ്യാറ്റിൻകര, മാവേലിക്കര എന്നീ സ്റ്റേഷനുകളിൽ പ്രവൃത്തി 97-99 ശതമാനം കടന്നു. തിരുവനന്തപുരം ഡിവിഷനിൽ ആകെ 15 സ്റ്റേഷനുകളാണ് പദ്ധതിയിലുള്ളത്. കന്യാകുമാരി, തിരുനെൽവേലി ഒഴികെ 13 സ്റ്റേഷനുകൾ കേരളത്തിലാണ്. ഇവയിൽ ചിറയൻകീഴ് ഉദ്ഘാടനം ചെയ്തു.

    പാലക്കാട് ഡിവിഷനിൽ 16 സ്റ്റേഷനുകളുണ്ട്. മംഗളൂരു ജങ്ഷൻ, പൊള്ളാച്ചി ഒഴികെ 14 എണ്ണം കേരളത്തിലാണ്. അതിൽ വടകര, മാഹി സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്തു. യഥാക്രമം 22 കോടി രൂപ. 11 കോടി രൂപയാണ് ചെലവഴിച്ചത്. ഷൊർണൂർ, തലശ്ശേരി, കുറ്റിപ്പുറം, തിരൂർ, നിലമ്പൂർ റോഡ്, കാസർഗോഡ്, പരപ്പനങ്ങാടി, ഫറോക്ക്, അങ്ങാടിപ്പുറം എന്നിവിടങ്ങളിൽ പ്രവൃത്തി പൂർത്തിയായി. കണ്ണൂർ, പയ്യന്നൂർ, ഒറ്റപ്പാലം എന്നീ സ്റ്റേഷനുകളാണ് പൂർത്തിയാകാൻ ബാക്കിയുള്ളത്. കണ്ണൂരിലാണ് ഏറ്റവും കുറഞ്ഞ പ്രവൃത്തിനില. 10 ശതമാനം. 32 കോടി രൂപയാണ് ചെലവഴിക്കുന്നത്. പയ്യന്നൂരിൽ 80 ശതമാനവും ഒറ്റപ്പാലത്ത് 75 ശതമാനവുമാണ് പ്രവൃത്തിനില. കണ്ണൂർ ഒഴികെ ബാക്കി എല്ലാ സ്റ്റേഷനുകളും ജനുവരി, മാർച്ച് മാസങ്ങളിൽ ഉദ്ഘാടനം ചെയ്യും.

    No comments

    Post Top Ad

    Post Bottom Ad