മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി 178 വീടുകൾ ഉടൻ കൈമാറും
കല്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി ഫലപ്രാപ്തിയിലേക്ക്. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയായ 178 വീടുകൾ ഗുണഭോക്താക്കൾക്ക് ഉടൻ കൈമാറും.വീടുകൾ കൈമാറുന്ന ഔദ്യോഗിക തീയതി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന യോഗത്തിൽ തീരുമാനിക്കും. ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു മാതൃകാ ടൗൺഷിപ്പാണ് സർക്കാർ വയനാട്ടിൽ ഒരുക്കിയിരിക്കുന്നത്.
ആദ്യഘട്ടത്തിൽ ടൗൺഷിപ്പിന്റെ സോൺ ഒന്നിൽ 107 വീടുകളും, സോൺ മൂന്നിൽ 23 വീടുകളും, സോൺ നാലിൽ 48 വീടുകളുമാണ് കൈമാറാൻ സജ്ജമായിരിക്കുന്നത്. ഈ വീടുകളുടെ മേൽക്കൂരയടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.ശേഷിക്കുന്ന വീടുകളുടെ നിർമ്മാണം ഫെബ്രുവരി അവസാനത്തോടെ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ വീടിനും സോളാർ പാനൽ സൗകര്യം. ഒരു ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണിയും കുടിവെള്ള പദ്ധതിയും. 10 സീവേജ് പ്ലാന്റുകളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.
സുതാര്യമായ നറുക്കെടുപ്പിലൂടെ വീടുകളുടെ വിതരണം നടക്കും. ദുരന്തബാധിതർക്ക് യാതൊരു മാനസിക പ്രയാസവും ഉണ്ടാകാത്ത വിധം എല്ലാവർക്കും ഒന്നിച്ച് താമസിക്കാവുന്ന പ്രകൃതിരമണീയമായ സ്ഥലത്താണ് ടൗൺഷിപ്പ് ഒരുക്കിയിരിക്കുന്നത്.ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. പുനരധിവാസം പൂർത്തിയാകുന്നതുവരെ ഓരോ കുടുംബത്തിനും പ്രതിമാസം 25,000 രൂപ വീതം വാടകയിനത്തിൽ നൽകി സർക്കാർ ചേർത്തുപിടിച്ചിരുന്നു. മന്ത്രി ഒആർ കേളു കഴിഞ്ഞ ദിവസം പ്രദേശം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.
No comments
Post a Comment