Header Ads

  • Breaking News

    ഒരേ ക്ലാസില്‍, ഒരു മുറിയില്‍ കഴിയുന്നവര്‍; തദ്ദേശപ്പോരിനിറങ്ങി മൂന്ന് സൃഹൃത്തുക്കള്‍, ശ്രദ്ധേയമായി പാലയാട് ക്യംപസ്


    ആലക്കോട്: നിരവധി രാഷ്ട്രീയ നേതാക്കളെ സംഭാവന ചെയ്ത കണ്ണൂര്‍ സര്‍വകലാശാലയുടെ പാലയാട് ക്യംപസ്, ഇത്തവണ മറ്റൊരു ശ്രദ്ധേയമായ രാഷ്ട്രീയ അരങ്ങേറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ്.

    ഒരേ ക്ലാസില്‍ പഠിക്കുകയും ഒരേ മുറിയില്‍ ഉറങ്ങുകയും ചെയ്യുന്ന മൂന്ന് വിദ്യാര്‍ഥിനികളാണ് സിപിഎം സ്ഥാനാര്‍ഥികളായി തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മൂന്ന് പേരും മത്സരിക്കുന്നത് മൂന്ന് വ്യത്യസ്ത ജില്ലകളിലാണെന്നതാണ് ഈ സൗഹൃദ കൂട്ടായ്മയെ കൂടുതല്‍ വാര്‍ത്താ പ്രാധാന്യമുള്ളതാക്കുന്നത്.
    കണ്ണൂര്‍ സര്‍വകലാശാല പാലയാട് ക്യാംപസിലെ എംഎല്‍എം (മാസ്റ്റര്‍ ഓഫ് ലെജിസ്ലേറ്റീവ് മെത്തേഡോളജി) പഠിതാക്കളായ അനുപ്രിയ കൃഷ്ണ, ആഷ്റിന്‍ കളക്കാട്ട്, അശ്വതി ദാസ് എന്നിവരാണ് തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുന്നത്. നിയമ ബിരുദധാരികളും അഭിഭാഷകരുമായ ഇവര്‍ ഉപരിപഠനത്തിനിടെയാണ് ജനവിധി തേടുന്നത്.കണ്ണൂര്‍ ജില്ലയിലെ ആലക്കോട് പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് ആയ ആലക്കോട് ടൗണില്‍ മത്സരിക്കുന്നത് അനുപ്രിയ കൃഷ്ണയാണ്. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ പ്രവര്‍ത്തകയായ അനുപ്രിയ റിട്ടയേര്‍ഡ് എസ്‌ഐ എം ജി രാധാകൃഷ്ണന്റെ മകളാണ്. അമ്മ പ്രിയ കലാസാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യവും.
    തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട പതിനൊന്നാം വാര്‍ഡില്‍ ആഷ്റിന്‍ കളക്കാട്ടാണ് ജനവിധി തേടുന്നത്. സിപിഎം ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ടിന്റെയും ഫൗഷത്ത് ബീവിയുടെയും മകളാണ്. എസ്‌എഫ്‌ഐ മുന്‍ ഏരിയ സെക്രട്ടറിയും തൃശൂര്‍ ഗവണ്‍മെന്റ് ലോ കോളജ് ചെയര്‍പഴ്‌സനുമായിരുന്നു ആഷ്റിന്‍.
    പാലക്കാട് ജില്ലയിലെ കൊല്ലംകോട് പഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് അശ്വതി ദാസ് മത്സരിക്കുന്നത്. സിപിഎം കൊല്ലംകോട് ഏരിയ കമ്മിറ്റി അംഗമായിരുന്ന പരേതനായ ദേവീദാസിന്റെയും പ്രിയ കലയുടെയും മകളാണ്. തിരുവനന്തപുരം കേരള ലോ കോളജ് അക്കാദമിയിലെ എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന അശ്വതി ഇപ്പോള്‍ പേരൂര്‍ക്കട ഏരിയ വൈസ് പ്രസിഡന്റ് ആണ്.

    No comments

    Post Top Ad

    Post Bottom Ad